Janayugom Online
ernakulam railway station- janayugom

ട്രാക്കിലെ വെള്ളക്കെട്ടും സിഗ്‌നല്‍ തകരാറും; തീവണ്ടി ഗതാഗതം താളംതെറ്റി

Web Desk

കൊച്ചി

Posted on July 17, 2018, 10:14 pm

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ വെള്ളക്കെട്ട്മൂലം കഴിഞ്ഞ ദിവസം തകരാറിലായ സിഗ്‌നല്‍ സംവിധാനം ഇന്നലെയും പുനസ്ഥാപിക്കാനായില്ല. താളം തെറ്റിയ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. അതിനിടെ എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ ഇന്നലെ ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു.

ട്രെയിന്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ മീനച്ചില്‍ ആറുള്‍പ്പടെ പുഴകളും തോടുകളും നിറഞ്ഞൊഴുകിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. പാലങ്ങളും ട്രാക്കുകളും ഉദ്യോഗസ്ഥ സംഘമെത്തി പരിശോധിച്ച ശേഷമാണ് സര്‍വീസുകള്‍ പുനസ്ഥാപിച്ചത്. ഇത് മൂലം തിരുവനന്തപുരം ഹസ്‌റത്ത് നിസാമുദ്ദീന്‍ സുവര്‍ണ ജയന്തി 50 മിനുട്ടും തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് മൂന്ന് മണിക്കൂറും വൈകിയാണ് സര്‍വീസ് നടത്തിയത്. കൂടാതെ, കന്യാകുമാരി ബംഗളുരു ഐലന്റ് എക്‌സ്പ്രസ് രണ്ട് മണിക്കൂറും തിരുവനന്തപുരം ചെന്നൈ മെയില്‍ 45 മിനുട്ടും കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി രണ്ട് മണിക്കൂര്‍ 20 മിനുട്ടും വൈകിയാണ് സര്‍വീസ് നടത്തിയത്.

ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയത് വിവിധ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തേണ്ട ആളുകളെ സാരമായി ബാധിച്ചു. ജോലിക്ക് എത്തേണ്ട ആളുകള്‍ മണിക്കൂറുകള്‍ വൈകിയാണ് നഗരത്തിലെത്തിയത്. ഇന്നും നദികളില്‍ ജലനിരപ്പ് അപകടരമാംവിധം ഉയര്‍ന്നാല്‍ സമാന രീതിയിലുളള സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ട്രെയിനുകള്‍ കടത്തിവിടുകയുള്ളുവെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ട് താഴ്ന്നു തുടങ്ങി.