വിദ്യാർത്ഥികളിൽ ജലപാനം പ്രോത്സാഹിപ്പിക്കാൻ വാട്ടർ ബെൽ പദ്ധതിയൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങൾ. വെള്ളം കുടിക്കാൻ ഓർമ്മിപ്പിച്ച് നിശ്ചിത ഇടവേളകളിൽ സ്കൂളുകളിൽ ബെൽ മുഴക്കുന്നതാണ് വാട്ടർബെൽ പദ്ധതി. കുട്ടികൾക്കിടയിൽ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പല വിദ്യാലയങ്ങളിലും വാട്ടർ ബെൽ എന്ന ആശയം നടപ്പാക്കിയത്. ആരോഗ്യം ഉറപ്പാക്കാൻ കുട്ടികൾ ദിവസം രണ്ടു ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. എന്നാൽ ഇത് ശരാശരി 750 മില്ലി ലിറ്ററിൽ താഴെയാണെന്ന സർവേ ഫലം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ പദ്ധതി കൊണ്ടുവന്നത്.
ഈ വർഷം തന്നെ കേരളത്തിലെ പല സ്കൂളുകളിലും വാട്ടർബെൽ നടപ്പാക്കിയിട്ടുണ്ട്.
പല വിദ്യാലയങ്ങളും വേനൽ ശക്തിയാകുന്നതിന് മുൻപുതന്നെ പദ്ധതി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് വെള്ളം കുടിക്കാൻ പ്രത്യേകമായി ബെൽ അടിയ്ക്കും. ഒരു ദിവസത്തിൽ രണ്ട് തവണ ഇത്തരത്തിൽ ബെൽ അടിയ്ക്കും. രാവിലെ 11.15നും ഉച്ചയ്ക്ക് 2.45നും.വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് കുടിക്കാൻ വെള്ളം കൊണ്ടുവരുന്നുണ്ട്. സ്കൂളിലും കുടിവെള്ളം ലഭ്യമാണ്. എന്നാലും കുട്ടികൾക്ക് വെള്ളം കുടിക്കാൻ മടിയാണെന്ന് അധ്യാപകർ പറയുന്നു. വെള്ളം കുടിക്കാത്തതു കാരണം കുട്ടികളിൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ അടുത്തകാലത്തായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മൂത്രമൊഴിക്കാൻ പോകുന്നത് ഒഴിവാക്കാനായി കുട്ടികൾ മനപ്പൂർവ്വം വെള്ളം കുടിക്കാതിരിക്കുന്ന സാഹചര്യങ്ങളുണ്ടെന്ന് അധ്യാപകർ പറയുന്നു. ക്ലാസ് റൂമിന് പുറത്തുള്ള പൈപ്പിൽ നിന്നോ അല്ലെങ്കിൽ വാട്ടർ ബോട്ടിലിൽ നിന്നോ നിർബന്ധമായും കുട്ടികൾ വെള്ളം കുടിക്കണം. പദ്ധതി ആരംഭിച്ച സ്കൂളുകളിൽ കുട്ടികളിൽ വെള്ളം കുടിക്കുന്ന ശീലം കൂടിയിട്ടുണ്ടെന്നാണ് അധ്യാപകർ വിലയിരുത്തുന്നത്. അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വാട്ടർ ബെൽ നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. സർക്കാരിന്റെ സർക്കുലർ ഇല്ലെങ്കിലും കേരളത്തിലെ ഭൂരിപക്ഷം വിദ്യാലയങ്ങളും വാട്ടർ ബെൽ പദ്ധതി ഏറ്റെടുത്തു. കേരളത്തിന്റെ മാതൃക പിൻതുടർന്ന് അയൽ സംസ്ഥാനമായ കർണാടകത്തിലേക്കും, ആന്ധ്രയിലേയ്ക്കും കടന്നിരിക്കുകയാണ് വാട്ടർബെൽ മാതൃക.
English summary: Water bell project to promote drink more water by students
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.