Friday
20 Sep 2019

ജലാശയങ്ങള്‍ വറ്റുന്നു; വൈദ്യുതി ഉപഭോഗത്തില്‍ കുറവില്ല

By: Web Desk | Sunday 19 May 2019 8:45 PM IST


എവിന്‍ പോള്‍

ഇടുക്കി: സംസ്ഥാനത്തെ ജലാശയങ്ങളില്‍ നീരൊഴുക്ക് നിലച്ചിട്ടും വൈദ്യുതി ഉപഭോഗത്തിന് കുറവില്ല. വൈദ്യുത ഉപഭോഗം 80.8124 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പകല്‍ സമയങ്ങളിലെ കടുത്ത ചൂടും വേനല്‍ മഴയുടെ അഭാവവും വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുത ഉല്‍പ്പാദനം 20 ദശലക്ഷം യൂണിറ്റായിരുന്നു. 60.6697 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്ത് നിന്നെത്തിച്ചതാണ്. മെയ് 1ന് 74.557 ദശലക്ഷം യൂണിറ്റായിരുന്ന വൈദ്യുത ഉപഭോഗം കഴിഞ്ഞ ദിവസങ്ങളില്‍ 80 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് കുതിക്കുകയായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ കണക്കുകള്‍ പ്രകാരം മെയ്13ന് 84.7105 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ 14ന് 84.8495 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉപഭോഗം. 15ന് 83.5938 യൂണിറ്റും 16ന് 82.702ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഉപയോഗിച്ചു.

സംസ്ഥാനത്തെ ജലാശയങ്ങളില്‍ ജലനിരപ്പ് കുറവായതിനാല്‍ വൈദ്യുത പ്രതിസന്ധിയുണ്ടായേക്കാമെന്ന ആശങ്ക വൈദ്യുതി വകുപ്പിന് വിട്ടുമാറിയിട്ടുമില്ല. വൈദ്യുത ഉപഭോഗം കുറയാത്തതിനാല്‍ പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതിയുടെ അളവ് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

സംസ്ഥാനത്തെ ജലാശയങ്ങളില്‍ ആകെ 22 ശതമാനം ജലം മാത്രമാണ് നിലവില്‍ ഉള്ളത്. ഇടുക്കി ജലാശയത്തില്‍ 2323.22 ആണ് ഇന്നത്തെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 25.18 ശതമാനം വരും. കഴിഞ്ഞ വര്‍ഷം ഇതേദിവസം ഇടുക്കി ഡാമില്‍ 27.05 ശതമാനം ജലമുണ്ടായിരുന്നതായിട്ടാണ് കണക്കുകള്‍. പ്രളയകാലത്ത് സംസ്ഥാനത്തെ ഡാമുകള്‍ ജലസമൃദ്ധമായിരുന്നെങ്കില്‍ ഇപ്പോള്‍ വറ്റിവരണ്ട സ്ഥതിയിലേക്കെത്തി നില്‍ക്കുകയാണ്. പമ്പ 20, ഷോലയാര്‍ 18, ഇടമലയാര്‍ 14, കുണ്ടള 13, മാട്ടുപ്പെട്ടി 21, കുറ്റിയാടി 30, പൊന്മുടി 17, നേര്യമംഗലം 51, ലോവര്‍ പെരിയാര്‍ 62 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ജലനിരപ്പ്. ശക്തമായ മഴയെത്തിയാല്‍ മാത്രമേ നിലവിലെ പ്രതിസന്ധിയെ മറികടക്കാനാകൂ.

YOU MAY ALSO LIKE THIS: