കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ഈയാഴ്ച മുതല്‍ വിപണിയില്‍

Web Desk
Posted on April 01, 2019, 8:32 am

തിരുവനന്തപുരം: വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഈയാഴ്ച ആരംഭിക്കും. സപ്ലൈകോ വിതരണ കേന്ദ്രങ്ങള്‍ മുഖേനയാണ് വിതരണം. ഇരുപത് രൂപയ്ക്ക് വിപണിയില്‍ ലഭിക്കുന്ന കുപ്പിവെള്ളത്തിന് ഏഴ് രൂപയെങ്കിലും കുറച്ചായിരിക്കും വിതരണം നടത്തുക. ഇപ്പോള്‍ ജയില്‍ വകുപ്പ് അവരുടെ വിതരണ കേന്ദ്രങ്ങളില്‍ നല്‍കുന്ന കുപ്പിവെള്ളം സപ്ലൈകോയുടെ എല്ലാ വിതരണ കേന്ദ്രങ്ങളിലുമെത്തിച്ച് വിതരണം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജല അതോറിറ്റിക്ക് കീഴിലുള്ള ഹില്ലി അക്വ എന്ന കുപ്പിവെള്ളമാണ് സപ്ലൈകോ മുഖേന വിതരണം ചെയ്യുക. തൊടുപുഴയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ഇത് സപ്ലൈകോയ്ക്ക് ലഭ്യമാക്കുക.

രൂക്ഷമായ വരള്‍ച്ച അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ കുടിവെള്ളക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുന്നതിനാണ് ജയില്‍ വകുപ്പ്, ജല അതോറിറ്റി എന്നിവ സപ്ലൈകോയുമായി കൈകോര്‍ക്കുന്നത്.
20 രൂപയാണ് സ്വകാര്യ കമ്പനികള്‍ ഒരു കുപ്പിവെള്ളത്തിന്റെ വിലയായി ഈടാക്കുന്നത്. പത്തു രൂപയായിരുന്നത് ക്രമേണ വര്‍ധിപ്പിച്ച് 20 ലെത്തുകയായിരുന്നു. ഇത് 12 രൂപയായി കുറയ്ക്കാമെന്ന് കഴിഞ്ഞ വര്‍ഷം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രഖ്യാപനമുണ്ടായതെങ്കിലും ചില വന്‍കിടക്കാര്‍ ഇതില്‍ നിന്ന് പിറകോട്ട് പോയതാണ് നടപ്പിലാകാത്തതിന് കാരണമായത്.

ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകള്‍ കൈകോര്‍ത്ത് കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം വിപണിയിലെത്തിക്കുന്ന പദ്ധതിക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായത്. ഗതാഗതചാര്‍ജും മറ്റും ഉള്‍പ്പെടുത്തി 12–13 രൂപയ്ക്ക് ഒരു കുപ്പിവെള്ളം നല്‍കാനാണ് തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടുദിവസം കൊണ്ട് കുടിവെള്ള വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

you may also like these