വേനൽ കടുത്തതോടെ ബാംഗ്ലൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ബാംഗ്ലൂരിൽ ഒരു വലിയ വിഭാഗം മലയാളികൾ താമസിക്കുന്ന പണത്തൂർ , മഹാദേവപുര, വർത്തൂർ ഭാഗങ്ങളിലാണ് ഇപ്പോൾ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നത്. ബാഗ്ലൂരിലെ പ്രധാന ജലവിതരണമായ കാവേരി പൈപ്പ് ലൈൻ പദ്ധതി, ഈ ഭാഗങ്ങളിൽ വളരെ കുറച്ചു പ്രദേശങ്ങളിൽ മാത്രമേ നടപ്പാക്കിയിട്ടുള്ളു. സ്വന്തമായി ബോർവെല്ലുകൾ ഇല്ലാത്തവർ സ്വകാര്യ ടാങ്കറുകളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. സമീപ പ്രദേശമായ ഹോസ്കോട്ട, മാലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമാണ്, സ്വകാര്യ ടാങ്കർ കമ്പനികൾ മേല്പറഞ്ഞ സ്ഥലങ്ങളിൽ വെള്ളമെത്തിക്കുന്നത്.
വേനൽ കടുത്തതോടെ, സമീപപ്രദേശത്തുള്ളവർക്കും ജലക്ഷാമം രൂക്ഷമായി. തുടർന്ന് ഹൊസ്ക്കോട്ടെ തഹസിൽദാർ ഇടപെട്ടു സ്വകാര്യ ടാങ്കർ കമ്പനികൾക്ക് ജലം എടുക്കാനുള്ള അനുമതി നിഷേധിച്ചു. നിരോധനം മറികടന്നു വെള്ളം എടുത്ത ചില കമ്പനികളുടെ ടാങ്കറുകൾ പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂർ ഇലക്ട്രസിറ്റി അധികൃതർ ഇവരുടെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. തുടർന്നും വിലക്ക് ലംഘിച്ചു സ്വകാര്യ ടാങ്കറുകൾ ജലം എടുക്കുകയാണെങ്കിൽ കടുത്ത നടപടിയിലേക്കു നീങ്ങുമെന്ന് ഹോസ്കോട്ടെ താസിൽദാർ അറിയിച്ചു. ഇതേ തുടർന്ന് തിങ്കളാഴ്ച മുതൽ ബാംഗ്ലൂർ ഈസ്റ്റ് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം സ്വകര്യ ടാങ്കറുകൾ നിർത്തിവച്ചു.
വരും ദിവസങ്ങളിൽ എങ്ങനെ ഈ ജലക്ഷാമം പരിഹരിക്കും എന്നറിയാതെ ആശങ്കാലയിലാണ് ബാംഗ്ളൂർ ഈസ്റ്റ് നിവാസികൾ. പണത്തൂർ, മഹാദേവപുര റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സ്ഥലം എം എൽ എ അരവിന്ദ് ലംബാവലിയുമായി ചർച്ച നടത്തി.
English Summary: Bangalore Mahadevapura to face water crisis
you may also like this video