മഴക്കാലത്ത് ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ചുള്ള പൊതുജനത്തിന്റെ ആശങ്കയൊഴിവാക്കാനായി ‘കേരള‑റിസ്’ (കേരള വാട്ടർ റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം) വെബ്സൈറ്റ് സജ്ജമായി.
സർക്കാർ മുന്നറിയിപ്പുകളെ മാത്രം ആശ്രയിക്കാതെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങളും മുന്നറിയിപ്പുകളുമെല്ലാം വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതിനാൽ പൊതുജനങ്ങൾക്ക് മുൻകരുതലെടുക്കാൻ ഇത് സഹായകമാകും. 2018ലെ മഹാപ്രളയത്തിനുശേഷം കേരള ഡിസാസ്റ്റർ മാനേജ്മെന്റിന്റെ പിന്തുണയോടെ ജലവിഭവ വകുപ്പിന് കീഴിലുള്ള ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് (ഐഡിആർബി) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കേരള വാട്ടർ റിസോഴ്സ് സിസ്റ്റം വെബ്സൈറ്റ് തയാറാക്കിയത്. വെബ്സൈറ്റ് ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് വിലാസം പൊതുജനത്തിനായി പ്രസിദ്ധീകരിക്കും.
കാലവർഷത്തിന്റെ കുത്തൊഴുക്കിൽ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പിനൊപ്പം സംസ്ഥാനത്തെ നദികൾ, കായലുകൾ, ഡാമുകൾ എന്നിവയുടെ ജലനിരപ്പും നീരൊഴുക്കുമൊക്കെ യഥാസമയം അറിയിക്കുന്ന റിസിന്റെ പ്രവർത്തനം കേരള ജനതയ്ക്ക് സഹായകരമാകും. വൈദ്യുതി, ജലവിഭവം, ഐഎംഡി, ഗ്രൗണ്ട് വാട്ടർ റിസോഴ്സ്, കെഎസ്ഡിഎംഎ, തദ്ദേശ സ്വയംഭരണം, ഡാം സേഫ്റ്റി അതോറിട്ടി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് ഇടതടവില്ലാതെ വിവരം ലഭ്യമാക്കുന്ന സംവിധാനമാണിത്. അടുത്ത ഘട്ടത്തിൽ ചെറിയ കനാലുകളെയും ഉൾപ്പെടുത്താന്‍ ആലോചനയുണ്ട്.
റീബിൽഡ് കേരളയുടെ സഹായത്തോടെ രണ്ടരവർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിച്ചു. മഴയുടെ അളവ് തത്സമയം അറിയാൻ ഐഡിആർബി സ്ഥാപിച്ച 153 റിയൽ ടൈം ഡാറ്റാ അക്യുസ്റ്റേഷൻ സിസ്റ്റത്തിൽ നിന്നുള്ള (ആർടിഡിഎഎസ്) ഡാറ്റയും പ്രയോജനപ്പെടുത്തും. ഒരോ പ്രദേശത്തെ താപനിലയും പെയ്ത മഴയുടെ തോത്, ജലനിരപ്പ്, ജലപ്രവാഹം, മുന്നറിയിപ്പുകൾ എന്നിവയും കേരള റിസിലൂടെ ലഭ്യമാക്കും.
English Summary: water level in dams; ‘Kerala Riz’ comes to take away the worry
You may like this video also