22 April 2024, Monday

Related news

April 21, 2024
April 20, 2024
April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024

ജലമെട്രോ; കേരളം രാജ്യത്തിന് മാതൃകയെന്ന് ലോക്സഭാ സമിതി

Janayugom Webdesk
July 28, 2022 7:50 pm

നഗര ജലഗതാഗതത്തിന്റെ ഏറ്റവും പുതിയ മുഖവും രാജ്യത്ത് ആദ്യത്തെ തുമായ കേരളത്തിലെ ജല മെട്രോയെ പ്രകീർത്തിച്ച് ലോക്‌സഭാ സ്ഥിരം സമിതി. പദ്ധതി മികച്ച ആശയമാണെന്നും ജലാശയങ്ങളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ നടപ്പാക്കാൻ അതത് സംസ്ഥാനങ്ങൾ മാതൃകയായി സ്വീകരിക്കേണ്ടതാണെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്,

കൊച്ചി മെട്രോയ്ക്ക് വൈദ്യുത ബോട്ടുകളടക്കം സജ്ജമാക്കുന്നതിനായി ഇലക്ട്രിക് മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന ഫണ്ടിൽ നിന്ന് ധനസഹായം അനുവദിക്കേണ്ടതാണെന്ന സമിതിയുടെ തുടർ ശുപാർശ പദ്ധതിക്ക് പ്രോത്സാഹജനകമാണെന്ന് ജലമെട്രോ വൃത്തങ്ങൾ പറഞ്ഞു. കേരളത്തിനും കൊച്ചിക്കും അഭിമാനമായ പദ്ധതി ഇതിനകം പരക്കെ അഭിനന്ദനം നേടിക്കഴിഞ്ഞിട്ടുണ്ട്. ജലാശയ സാന്നിദ്ധ്യമുള്ള സംസ്ഥാനങ്ങൾ കൊച്ചി മെട്രോയുടെ ചുവടു പിടിച്ച് നടപടികൾ നീക്കിത്തുടങ്ങിയിട്ടുമുണ്ട്.

പാശ്ചാത്യ ആധുനിക സംവിധാനങ്ങളുടെ പിൻബലത്തോടെ രാജ്യത്ത് പ്രഥമമായി നടപ്പാക്കുന്നതാണ്, മുഖ്യമായും വിനോദ സഞ്ചാര മേഖലയ്ക്കു വലിയ മുതൽക്കൂട്ടാവുന്ന പദ്ധതി. മൊത്തം 682.01 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജല മെട്രോയ്ക്കായി ഇക്കുറി സംസ്ഥാന ബജറ്റിൽ 180 കോടി രൂപ വകയിരുത്തിയിരുന്നു. ജർമൻ ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കായൽപ്പരപ്പിലൂടെ ഓടുമ്പോഴും വലിയ ഓളങ്ങളുണ്ടാവില്ല എന്നതടക്കം പല സവിശേഷതകളുമുള്ളവയാണ് ജലമെട്രോയ്ക്കായി രൂപകല്പന ചെയ്തിട്ടുള്ള ബോട്ടുകൾ.

ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും രണ്ടും കൂടിയുള്ള ഹൈബ്രിഡ് സംവിധാനത്തിലും ഓടിക്കാവുന്നതും മണിക്കൂറിൽ 10 നോട്ടിക്കൽ മൈൽ വേഗതയുള്ളതും 100 പേർക്ക് യാത്ര ചെയ്യാവുന്നതുമാണ് ബോട്ടുകൾ. ഇത്തരം എടുത്തു പറയാവുന്ന സവിശേഷതകൾ ഏറെയുള്ളതുകൊണ്ടാണ് പദ്ധതി പാർലമെന്റ് സമിതിയുടെ പ്രശംസ നേടിയതും പദ്ധതിക്കു നേട്ടമാകുന്ന ചില ശുപാർശകൾക്ക് അവരെ പ്രേരിപ്പിച്ചതും. സംസ്ഥാനങ്ങളുടെയും പൊതുവെ രാജ്യത്തിന്റെയും വിനോദ സഞ്ചാര മേഖലയുടെ ഭാവി വികസനത്തിന് ജല മെട്രോ ഗതാഗതത്തിൽ നിന്നുണ്ടാകാവുന്ന വലിയ നേട്ടങ്ങളും സമിതി വിലയിരുത്തിയിരുന്നു.

76 കിലോമീറ്റര്‍ ദൂരത്തിൽ 28 ടെർമിനലുകളെ ബന്ധിപ്പിച്ച് 38 ബോട്ടുകളുമായി സർവീസ് നടത്തുന്ന ബൃഹത്തായ ഒരു ജലഗതാഗത ശൃംഗലയാണ്, സംസ്ഥാന സർക്കാരും പദ്ധതിയുടെ നടത്തിപ്പുകാരായ കൊച്ചി മെട്രോ റയിൽ ലിമിറ്റഡിന്റെ ജല മെട്രോ വിഭാഗവും വിഭാവന ചെയ്യുന്നത്. കൊച്ചി കപ്പൽശാലയിൽ, തുടക്കത്തിൽ നിർമ്മാണം ഉദ്ദേശിക്കുന്ന 23 ബോട്ടുകളിൽ ഒരെണ്ണം കെഎംആർ എല്ലിന് കൈമാറിക്കഴിഞ്ഞു.

Eng­lish summary;Water Metro; Lok Sab­ha Com­mit­tee says that Ker­ala is an exam­ple for the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.