ജലമെട്രോ പദ്ധതിയുടെ ആദ്യ ബോട്ട് അടുത്ത വര്‍ഷം മുതല്‍

കൊച്ചി: ജലമെട്രോ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ബോട്ട് 2019 ഡിസംബറില്‍ സര്‍വീസ് ആരംഭിക്കും. കെഎംആര്‍എല്ലുമായി കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ.മാര്ട്ടിന് നേ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ചു. കേരളത്തിലെ ജര്‍മന്‍ ധനസഹായമുള്ള ഏറ്റവും വലിയ പ്രൊജക്ടാണ് ജലമെട്രോ. 582 കോടി രൂപയാണ് ജര്‍മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യുവില്‍ നിന്ന് നല്‍കുന്നത്.
ബോട്ടുകള്‍ക്കുള്ള ടെണ്ടര്‍ ജനുവരിയില്‍ നല്‍കുമെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ടെര്‍മിനലിനുള്ള ടെണ്ടര്‍ ഡിസംബര്‍ 23നും നല്‍കും. ഫ്ലോട്ടിങ് ജെട്ടിയുടെ ടെണ്ടര്‍ നടപടികളും പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കലും വളരെ വേഗത്തിലാണ് നടക്കുന്നത്. ദ്വീപുകളിലെ പ്രധാന വഴികളില്‍ നിന്നും ജെട്ടികളിലേക്കുള്ള റോഡുകള്‍ തയ്യാറാക്കുന്നതിെന്റ പ്രവര്‍ത്തനവും നടന്നുവരികയാണ്. കൂടാതെ ഈ മേഖലയില്‍ ദ്വീപ് നിവാസികള്‍ക്ക് കടകളും കിയോസ്കുകളുമൊക്കെ സ്ഥാപിക്കാനുള്ള സൗകര്യവും ചെയ്തുകൊടുക്കുന്നുണ്ട്.
മട്ടാഞ്ചേരി, മരട്, പിഴല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ടാകും. 50 സീറ്റുകളുള്ള 55 ബോട്ടുകള്‍, 100 സീറ്റുള്ള 23 ബോട്ടുമാണ് ഉണ്ടാകുക. നാല് ഷിപ്പ് ബില്‍ഡേഴ്സിനെ ഇതിനോടകം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിന് ഷിപ്പ് യാര്‍ഡ്, എല്‍ ആന്‍ഡ് ടി, യുഎഇയില്‍ നിന്നുള്ള ഗ്രാന്റ് വേള്‍ഡ്, പോളണ്ടില്‍ നിന്നുള്ള ഡമന്‍ എന്നിവയാണത്. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടെണ്ടര്‍ നല്‍കും. ജനുവരി ആദ്യ ആഴ്ചയില്‍ ഇത് തീരുമാനിക്കും. ആകെ 78. 76 കിലോമീറ്ററിലായി 15 റൂട്ടുകളായിരിക്കും ആകെയുണ്ടാകുക. പരിസ്ഥിതി സൗഹൃദപരമായിട്ടായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. അലൂമിനിയം ബോട്ടാണ് സര്‍വീസിനുണ്ടാകുക. ബാറ്ററിക്ക് ലോകത്തിലെ ഏറ്റവും നൂതനമായ സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.