ടി കെ അനിൽകുമാർ

January 31, 2020, 9:58 am

പല്ലന മുതൽ പുന്നമട വരെ; വിരാമമില്ലാതെ ജലദുരന്തങ്ങൾ

Janayugom Online

പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 13 പേർ ഈയിടെ അത്ഭുതകരമായി രക്ഷപെട്ട ഹൗസ് ബോട്ട് അപകടം നടന്ന പാതിരാമണലിൽ നിന്നും കഷ്ടിച്ച് നാല് കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ കുമരകത്തിന്. 2002 ജൂലൈ 27ന് ഇവിടെ ഉണ്ടായ ദുരന്തത്തിൽ 29 ജീവനുകളാണ് നഷ്ടമായത്. മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക് പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ‑53 നമ്പർബോട്ട് കായലിലെ മണൽതിട്ടയിൽ ഇടിച്ചായിരുന്നു അപകടം. പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷ എഴുതാൻ കോട്ടയത്തേയ്ക്ക് പോയ മുഹമ്മ സ്വദേശികളായ ഉദ്യോഗാർത്ഥികളായിരുന്നു മരിച്ചവരിൽ ഏറെയും. ഇതിൽ 15 സ്ത്രീകളും 9 മാസം പ്രായമായ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടും. ഈ ബോട്ടിൽ സഞ്ചരിച്ച എസ് എൻ പുരം കൊടുമ്പാട്ട് വെളിയിൽ ഷൈന മോളുടെയും മനസ്സിൽ ഇപ്പോഴുമുണ്ട് ആ ദുരന്ത ചിത്രങ്ങൾ. ഷൈനമോൾ പിഎസ്‌സി ടെസ്റ്റ് എഴുതാനാണ് ഭർത്താവ് ഹർഷകുമാറിനോടൊപ്പം യാത്രയായത്. ഒരു വയസ്സുള്ള മകനെ യാത്രയിൽ കൂട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും തിരക്ക് ഉണ്ടാകുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഒഴിവാക്കി.

ബോട്ട് തിങ്ങിനിറഞ്ഞ് യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് ഇരുവരും ഓർമ്മിക്കുന്നു. അപകടം ഉണ്ടാകുന്നതിന് 15 മിനിട്ട് മുമ്പ് തന്നെ ബോട്ട് ആടിയുലയുവാൻ തുടങ്ങി. പിന്നെ യാത്രക്കാരുടെ കൂട്ടനിലവിളിയായി. നടുക്കായലിൽ മരണത്തെ മുന്നിൽകണ്ട നിമിഷങ്ങൾ. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും അലമുറയിട്ട് കരയുകയാണ്. ഉലച്ചിലിനൊടുവിൽ ബോട്ട് ഒരു വശത്തേയ്ക്ക് ശക്തമായി ചരിഞ്ഞു. ഇതിനിടയിൽ ബോട്ടിന് അടിയിൽപ്പെട്ടവരാണ് മരിച്ചത്. നാട്ടുകാരുടെയും യാത്രക്കാരുടെയും ആത്മാർത്ഥമായ ഇടപെടലാണ് ദുരന്തത്തിന്റെ തോത് കുറച്ചതെന്നും ഇരുവരും ഓർമ്മിക്കുന്നു. നാടിനെ നടുക്കിയ ആദ്യ ബോട്ട് അപകടം നടന്നത് 1924 ൽ പല്ലനയാറ്റിൽ ആയിരുന്നു. മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരാണ് മരിച്ചത്. റെഡിമർ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 2003 ൽ ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ട് അപകടത്തിൽപ്പെട്ട് നാല് തമിഴ് നാട് സ്വദേശികൾ മരിച്ചതാണ് അവസാന സംഭവം. കേരളത്തിൽ ഇതുവരെ 200 ഓളം പേർ വിവിധ ബോട്ട് അപകടങ്ങളിലായി മരിച്ചതായാണ് കണക്ക്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് 2009 ലെ തേക്കടി ബോട്ട് ദുരന്തത്തിലായിരുന്നു.

45 പേർ. 1971 ൽ തിരുവനന്തപുരം കരമനയിൽ ഉണ്ടായ അപകടത്തിൽ 11 പേരും 1980 ൽ എറണാകുളം കണ്ണമാലിയിൽ 29 പേരും 1983 ൽ വല്ലാർപാടത്ത് 18 പേരും 2007 ൽ തട്ടേക്കാട് 18 പേരും വിവിധ അപകടങ്ങളിലായി മരിച്ചു. 2013 ൽ ജനുവരി 26 ന് ആയിരുന്നു ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ട് അപകടത്തിൽപ്പെട്ടത്. ഒരു ബോട്ടിൽ നിന്നും മറ്റൊരു ബോട്ടിലേയ്ക്ക് യാത്രക്കാർ കയറവേ ചരിഞ്ഞതാണ് അപകട കാരണം. 63 പേർ ബോട്ടിലുണ്ടായിരുന്നു. ഈ അപകടത്തിൽ മരിച്ചവരിൽ മൂന്നരവയസുകാരിയും ഉൾപ്പെടും. സുരക്ഷാ വീഴ്ചയാണ് ഈ അപകടങ്ങൾക്കെല്ലാം കാരണം. അപകടത്തിൽപ്പെട്ടതിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന ബോട്ടുകളുമായിരുന്നു. കുമരകം ദുരന്തമുണ്ടാക്കിയ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ലൈഫ് ജാക്കറ്റുകളോ ബോയകളോ അഗ്നിശമന സാമഗ്രികളോ ഉണ്ടായിരുന്നെങ്കിൽ ഇത്രയേറെ പേർ ബോട്ട് അപകടങ്ങളിൽ മരിക്കില്ലായിരുന്നു. ബോട്ടിന് താങ്ങാവുന്നതിലപ്പുറം യാത്രക്കാർ കയറിയതും ദുരന്തങ്ങൾക്ക് കാരണമായി. കേരളത്തിൽ നടന്ന മൂന്ന് ബോട്ടപകടങ്ങളെ പ്പറ്റി ജുഡീഷ്യൽ അന്വേഷണം നടന്നിരുന്നു. കുമരകം ബോട്ട് ദുരന്തം ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷനും തേക്കടി ദുരന്തം ജസ്റ്റിസ് ഇ മൈതീൻ കുഞ്ഞ് കമ്മിഷനും തട്ടേക്കാട് ദുരന്തം പരീതുപിള്ള കമ്മിഷനും അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ആ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ കാണിച്ച അനാസ്ഥയാണ് വീണ്ടും ജലദുരന്തങ്ങളിലേയ്ക്ക് നാടിനെ തള്ളിവിടാൻ കാരണം.

Eng­lish Sum­ma­ry: water trav­el safety

You may also like this video