സാമാന്യം ഭേദപ്പെട്ട മൺസൂൺകാലമാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് ലഭ്യമായതെങ്കിലും വേനൽ കഠിനമാകുന്നതിന്റെ സൂചനകൾ പലയിടങ്ങളിലും ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. വരുന്ന നാല് മാസക്കാലം ഇത് കാർഷികമേഖലയെ എങ്ങനെ ബാധിക്കുമെന്ന് കർഷകർ ആശങ്കയിലാണ്. എന്നാൽ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്താനായാൽ ലഭ്യമായ ജലം ഉപയോഗപ്പെടുത്തി വിളനഷ്ടം തടയാനാകും. ചിലവുകുറഞ്ഞതും പ്രായോഗികവുമായ ചില മുൻകരുതലുകൾ സ്വീകരിക്കുകയാണെങ്കിൽ വേനലിന്റെ ആഘാതവും സാമ്പത്തിക നഷ്ടവും തീർച്ചയായും കുറയ്ക്കുവാൻ കഴിയുമെന്നതിൽ സംശയമില്ല. നമ്മുടെ കാർഷിക വിളകളെ സംരക്ഷിക്കുവാൻ കർഷകർക്ക് അനുവർത്തിക്കാൻ പറ്റുന്ന ഏതാനും ചില മാതൃകകൾ പരിശോധിക്കാം.
മണ്ണിനുനൽകാം ജൈവപുതപ്പ്
പ്രധാനമായും ഇത് ബാഷ്പീകരണം നിമിത്തമുളള ജലത്തിന്റെ നഷ്ടം 90 ശതമാനം വരെ കുറയ്ക്കുകയും കളകളുടെ വളർച്ച തടയുകയും ചെയ്യുന്നു. മറ്റൊരു പ്രധാന പ്രത്യേകത മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വർധിക്കുന്നു എന്നതാണ്. ജൈവവസ്തുക്കളുടെ അഴുകൽ നിമിത്തം സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്കാവശ്യമായ ഭക്ഷണവസ്തുക്കൾ സൃഷ്ടിക്കപ്പെടുകയും അവിടെ രൂപപ്പെടുന്ന സൂക്ഷ്മ കാലാവസ്ഥ അവയുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നു. മണ്ണിൽ നിന്നുളള ബാഷ്പീകരണനഷ്ടം കുറയുന്നതിനാൽ ജലസേചനത്തിന്റെ അളവും വലിയൊരളവിൽ കുറയ്ക്കാനാകും. മറ്റൊരു പ്രധാന പ്രത്യേകത മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റമാണ്. ജൈവവസ്തുക്കൾ വിഘടിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങൾ മൺതരികളുടെ സംയോജനത്തിനും മണ്ണിലെ വായു സഞ്ചാരത്തിനും ഇടയാക്കുന്നു. കൂടാതെ മണ്ണിലെ ജൈവാംശം (ഓർഗാനിക് കാർബൺ) വർധിക്കുന്നു. പുരയിടകൃഷി അനുവർത്തിക്കുന്ന സ്ഥലങ്ങളിൽ തെങ്ങിന്റെ ഓല അടക്കമുളള അവശിഷ്ടങ്ങൾ, പയറുവർഗത്തിൽപ്പെട്ട വിളകളുടെ അവശിഷ്ടങ്ങൾ എന്നിവ പുതയായി ഇടുന്നതിന് യോജിച്ചവയാണ്. മണ്ണിലെ നൈട്രജൻ, പൊട്ടാഷ് എന്നിവയുടെ അളവ് കൂട്ടുന്നതിന് ഇത് സഹായിക്കുകയും അടുത്ത വിളയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.
പയർവർഗവിളകൾ നല്ലൊരു ആവരണം
യർവർഗവിളകൾ നല്ലൊരു ആവരണം വൻപയർ, ചെറുപയർ, മുതിര, ഉഴുന്ന് എന്നിവയെല്ലാം തന്നെ കാർഷിക വിളയായി വളർത്തിക്കൊണ്ട് പുതയിടീലും സാധ്യമാക്കാം. പയർവിത്തുകൾ പാകുന്നതിനൊപ്പം കരിയിലകൾ കൊണ്ട് കൂടി പുതയിട്ടുകൊടുത്താൽ വളരെ നല്ലത്. കിളിർത്തു വരുന്ന പയർവിത്തുകൾ പിന്നീട് ഒരു ആവരണമായി നിലവിലുളള ജൈവ പുതയ്ക്കൊപ്പം വളർന്നുകൊളളും. പുതയിടീലിന്റെ ഗുണങ്ങൾക്കൊപ്പം കർഷകരുടെ വരുമാനവും, ഭക്ഷ്യപോഷകസുരക്ഷയും ഇത് ഉറപ്പാക്കുന്നു.
മണ്ണിൽചേർക്കാം ജൈവവസ്തുക്കൾ
ജൈവവസ്തുക്കൾ അഴുകിച്ചേരുന്നതിനൊപ്പം മണ്ണിന്റെ ജല ആഗിരണശേഷി, ജൈവാംശം, കാർബൺ‑നൈട്രജൻ അനുപാതം എന്നിവ മെച്ചപ്പെടുന്നു. വാഴയുടെയും മറ്റും പഴുത്ത ഇലകൾ നീക്കം ചെയ്ത് പുതയിടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. പഴുത്ത ഇലകൾ നീക്കം ചെയ്യുന്നത് വേനൽസമയത്ത് ഇലകളിലൂടെയുളള ബാഷ്പീകരണ നഷ്ടവും കുറയ്ക്കുന്നു. ഉമിച്ചാരവും ഇത്തരത്തിൽ മണ്ണിൽ ചേർത്തുകൊടുക്കുന്നത് വളരെ നന്നാണ്. വരൾച്ചാ പ്രതിരോധത്തിന് സഹായിക്കുന്ന സിലിക്കൺ മൂലകം ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു എന്നതാണ് പ്രത്യേകത. ലായക രൂപത്തിലുളള സിലിക്കൺ വളങ്ങൾ 5 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ ഇലകളിൽ തളിക്കുന്നതും നല്ലതാണ്.
വരൾച്ചയെ ചെറുക്കാൻ ജീവാണുലായനി
തമിഴ്‌നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഈ വിദ്യപലയിടങ്ങളിലും വിജയകരമായി പരീക്ഷിച്ചു വരുന്നുണ്ട്. പിപിഎഫ്എം എന്ന പേരിലറിയപ്പെടുന്ന ഈ ബാക്ടീരിയൽ ജീവാണുലായനി തമിഴ്‌നാട് കാർഷിക സർവകലാശാല വിൽപനയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. പിങ്ക് പിഗ്മെന്റ്സ് ഫാക്കൽറ്റേറ്റീവ് മെതിലോട്രോഫ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുക്കൾക്ക് വളർച്ച ത്വരിതപ്പെടുത്തുന്ന ഹോർമോണുകളും ഉല്‌പാദിപ്പിക്കുവാനുളള കഴിവുണ്ട് എന്നത് ഇതിന്റെ ഗുണം ഇരട്ടിയാക്കുന്നു. ബാക്ടീരിയൽ ജീവാണുലായനി ഒരു മില്ലിലിറ്റർ ഒരു ലിറ്റർ വെളളത്തിൽ കലർത്തി ഇലകളിൽ തളിക്കുകയാണ് വേണ്ടത്. നെല്ല് ഉൾപ്പെടെയുളള വിളകളുടെ നിർണ്ണായകവളർച്ചാ ഘട്ടങ്ങളിലും, പൂവിടുന്ന സമയത്തും ഇത് ഫലപ്രദമായി പ്രയോഗിക്കാവുന്നതാണ്. രണ്ട് ആഴ്ചത്തെ ഇടവേളകളിൽ ഇത് ഇലകളിൽ തളിക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ തളിക്കുന്നതാണ് ഉത്തമം. നല്ല വരണ്ട കാലാവസ്ഥയാണെങ്കിൽ 20 മില്ലി വരെ ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ തളിക്കാവുന്നതാണ്. മറ്റു രാസവളങ്ങളോ കീടനാശിനികളോ ഇതോടൊപ്പം പ്രയോഗിക്കാൻ പാടില്ല.
വരൾച്ചാ പ്രതിരോധത്തിന് ‘വാം’
മൈക്കോറൈസ എന്നാൽ കുമിൾവേര് എന്നാണ് അർത്ഥം. ചെടികളുടെ വേരും കുമിളും തമ്മിലുളള ഒരു സഹവർത്തിത്വമാണിത്. ചെടികളുടെ വേരുകൾക്കുളളിൽ ഇവ വെസിക്കൾസ് എന്ന സഞ്ചിയും ആർബസ്കൂൾസ് എന്ന കോശങ്ങളും ഉണ്ടാക്കുന്നതിനാൽ ഇവയെ വാം (വെസിക്കുലാർ ആർബസ്കുലാർ മൈക്കോറൈസ) എന്നറിയപ്പെടുന്നു. ചെടികളുടെ വേരിനു ചുറ്റും ഇവ ഒരു ആവരണമായി വളരുകയും സൂക്ഷ്മമായ നാരുകൾ വേരിനകത്തേക്കും മണ്ണിനടിയിലേക്കും നീണ്ടു വളരുകയും ചെയ്യുന്നു. ആഴത്തിൽ മണ്ണിലേയ്ക്ക് നീണ്ടു വളരുന്ന ഇവ ചെടികൾക്ക് പ്രധാനമായും ഫോസ്ഫറസ് മാത്രമല്ല ആഴത്തിൽ വളരുന്ന കുമിൾവേരുകൾ ഭൂമിക്കടിയിൽ നിന്നും ജലം ആഗിരണം ചെയ്ത് ചെടിയെ വരൾച്ചയിൽ നിന്നും ഒരു പരിധിവരെ പ്രതിരോധിച്ച് നിലനിർത്തുന്നു. വിത്തിടുന്നതിനു മുൻപ് ഒരു നുളള് വാം കൾച്ചർ കുഴികളിൽ ഇട്ടശേഷം അതിനു മുകളിൽ വിത്ത് /തൈകൾ നടുകയാണ് ചെയ്യുന്നത്. വാഴക്കന്നിന് 50 ഗ്രാമും മറ്റു വിളകൾക്ക് ഏകദേശം 5 ഗ്രാമും മതിയാകും. മണ്ണിൽ ജൈവാംശം ഉറപ്പാക്കേണ്ടതും മറ്റു രാസവസ്തുക്കൾ ഒഴിവാക്കേണ്ടതുമാണ്. വാം കുമിളുകൾ കർഷകർക്ക് തന്നെ സ്വന്തമായി ഉല്‌പാദിപ്പിക്കാവുന്നതാണ്. സാധാരണ ചട്ടിയിൽ പുല്ലുവർഗത്തിലുളള വിളകളുടെ വേരിൽ ഇവയെ വളർത്തിയെടുത്ത് ഉപയോഗിക്കാവുന്നതാണ്.
വൃക്ഷായുർവേദകൂട്ട്
വൃക്ഷായുർവേദത്തിലെ പലകൂട്ടുകളും ചെടികളുടെ വളർച്ചയ്ക്കും, കീടരോഗപ്രതിരോധത്തിനും പ്രശസ്തിയാർജ്ജിച്ചവയാണ്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ അടുത്തിടെയായി ഇത്തരം ഉത്പന്നങ്ങൾക്ക് പ്രാധാന്യവും പ്രചാരവും നൽകിവരുന്നു. പല വൃക്ഷായൂർവേദ ഉത്പന്നങ്ങളും കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളിൽ വില്പനയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്. വരൾച്ചയെ ഒരു പരിധിവരെ ചെറുത്തിനിർത്തുന്നതിനുളള ഒരു കൂട്ട് വൃക്ഷായൂർവേദത്തിലും പ്രതിപാദിക്കുന്നുണ്ട്. നാടൻപശുവിന്റെ ചാണകവും ശർക്കരയും ചേർത്താണ് ഈ കൂട്ട് നിർമ്മിക്കുന്നത്. 40 കിലോഗ്രാം ചാണകവും 4 ലിറ്റർ കഞ്ഞിവെളളവും 2 കിലോഗ്രാം ശർക്കരയും നന്നായി കലർത്തി ഒരു ചണച്ചാക്കിൽ നിറച്ച് 250 ലിറ്റർ കപ്പാസിറ്റിയുളള ബാരലിൽ മുക്കാൽഭാഗം വെളളം നിറച്ച് വെളളത്തിൽ മുങ്ങിക്കിടക്കുന്ന വിധത്തിൽ തൂക്കിയിടുക. 48 മണിക്കൂർ പുളിപ്പിച്ചശേഷം ലയിച്ച ലായനി അരിച്ചെടുത്ത് 10 ശതമാനം വീര്യത്തിൽ ചെടികളിൽ തളിക്കാനായി ഉപയോഗിക്കാവുന്നതാണ്. കാര്യക്ഷമമായ ജലവിനിയോഗത്തിന് ‘തിരിനന’ മാതൃക കോഴിക്കോട് ആസ്ഥാനമായുളള ജലവിഭവ വികസന വിനിയോഗകേന്ദ്രമായ CWRDM പ്രചാരത്തിൽ കൊണ്ടുവന്ന ഒരു സാങ്കേതിക വിദ്യയാണ്. ചെറിയതോതിൽ കൃഷി ചെയ്യുന്നവർക്ക് ഈ സംവിധാനം വളരെ ഫലപ്രദമായി ജലവിനിയോഗം പരമാവധി കുറയ്ക്കുന്നതിന് സഹായകരമാണ്. മെച്ചപ്പെട്ട ഉത്പാദനവും ഈ രീതിയിൽ കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഈ സാങ്കേതികവിദ്യ വൻതോതിലുളള കൃഷിയ്ക്കും ലാഭകരമായി ചെയ്തുവരുന്നുണ്ട്. നടീൽ മിശ്രിതം നിറച്ച ഗ്രോബാഗിൻ ചുവട്ടിൽ കൂടി തിരി കടത്തിവയ്ക്കുകയാണ് ഇതിൽ ചെയ്യുന്നത്. തിരിയുടെ ഒരഗ്രം ജലത്തിലും ഇറക്കിവയ്ക്കുന്നു. ചെടിയുടെ ആവശ്യാനുസരണം താഴെയുളള ജലസ്രോതസ്സിൽ നിന്ന് തിരി വഴി മണ്ണിലേക്ക് വെളളം വലിച്ചെടുക്കപ്പെടുന്നു. സ്രോതസ്സിൽ ജലം കുറയുന്നതിനനുസരിച്ച് മാത്രം നിറച്ചുകൊടുത്താൽ മതി. കൂലിച്ചെലവും ഈ കൃഷിരീതിയിൽ കുറവാണ് എന്നതാണ് മറ്റൊരു നേട്ടം.
പിൻതുടരാം പരമ്പരാഗത രീതികൾ
പരമ്പരാഗതമായി ചെയ്തുവന്നിരുന്ന പല രീതികളും ഇന്ന് അവഗണിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇവയുടെ ശാസ്ത്രീയവശം നോക്കുകയാണെങ്കിൽ വിളകൾക്ക് ഏറെ പ്രയോജനകരമാണെന്ന് മനസ്സിലാക്കാൻ കഴിയും. വേനൽ സമയത്ത് കൂനകൾ കൂട്ടി പച്ചക്കറികൃഷി ചെയ്യുന്ന സംവിധാനം പണ്ട് കർഷകർ അനുവർത്തിച്ചിരുന്നു. മണ്ണിൽ നിന്നുളള ജലനഷ്ടം തടയുന്നതിനു വേണ്ടിയായിരുന്നു ഇത്. തെങ്ങ്, കവുങ്ങ് തുടങ്ങിയ തോട്ടവിളകൾക്ക് മഴക്കാലത്ത് തടങ്ങൾ എടുക്കുകയും വേനൽക്കാലത്ത് തടങ്ങൾ നിറയെ ഓലകൾ, പച്ചിലവളം എന്നിവ കൊണ്ട് പുതയ്ക്കുകയും ചെയ്തിരുന്നു. ഇത് വളരെ ഫലപ്രദമായ ഒരു രീതിയാണ്. ഇത്തരം തടങ്ങളിൽ തൊണ്ട് അടുക്കുന്ന ഒരു രീതിയും പലയിടങ്ങളിലും അനുവർത്തിച്ചിരുന്നു. ദീർഘകാലം ജലം സംഭരിച്ചുവയ്ക്കാൻ തൊണ്ട് അടുക്കൽ പ്രയോജനകരമായിരിക്കും. തെങ്ങിനു ചുറ്റും അരമീറ്റർ വീതിയിലും താഴ്ചയിലും ചാലുകൾ കീറി മൂന്നോ, നാലോ അടുക്കുകളായി തൊണ്ടുകൾ മലർത്തിവച്ച് മണ്ണിട്ടുമൂടുകയും ഏറ്റവും മുകളിലെ അടുക്ക് കമഴ്ത്തിവയ്ച്ച് പൂർത്തിയാക്കുകയും ചെയ്യാം. വർഷങ്ങളോളം ഇതിന്റെ പ്രയോജനം നിലനിൽക്കും. തടികളിൽ വെളള പൂശുന്നത് പല സ്ഥലങ്ങളിലും അനുവർത്തിച്ചുവരുന്നു. കമുകിൻ തൈകളുടെ തടി വെളള പൂശുകയോ ഓലകൊണ്ട് പൊതിയുകയോ ചെയ്യാം. റബ്ബറിൽ വേനലിന്റെ ആധിക്യം കുറയ്ക്കാൻ വെട്ടുപട്ടയിൽ ബോർഡോമിശ്രിതമോ ചൈനാക്ലേയോ തേച്ചുപിടിപ്പിക്കാം. 4 വർഷം വരെയുളള തൈകളുടെ തടിയിൽ വെളള പൂശുകയും ആവാം. പലസ്ഥലങ്ങളിലും തെങ്ങിനും ഇത് അനുവർത്തിച്ചുവരുന്നുണ്ട്.
കണികജലസേചനം ഫലപ്രദം
ഒരോ വിളയ്ക്കും വേണ്ട ശാസ്ത്രീയ ജലവിനിയോഗരീതി അനുവർത്തിച്ച് ജലത്തിന്റെ ഉപയോഗക്ഷമത വർധിപ്പിക്കുന്ന ജലസേചന രീതിയാണ് കണികജലസേചനം. ആവശ്യമായ ജലം മാത്രം നേരിട്ട് തുള്ളികളായി വേരു പടലത്തിൽ എത്തിക്കുന്നു. ജലസേചനത്തോടൊപ്പം വളപ്രയോഗവും സാധ്യമാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ മേന്മ, ഒപ്പം ജലസേചനത്തിന്റെ ഇടവേളകളും ക്രമീകരിക്കാനാകും. കൂലിച്ചെലവിലെ ഗണ്യമായ കുറവ്, വർധിച്ച ഉല്പാദനക്ഷമത, കളനിയന്ത്രണം എന്നിവയാണ് കണികജലസേചനത്തിലെ മറ്റുഗുണങ്ങൾ. നന കൊണ്ടുമാത്രം നാളികേരത്തിന്റെ ഉല്പാദനം ഇരട്ടിയാക്കാൻ കഴിയും. എന്നാൽ വേനൽക്കാലത്ത് ഒരിക്കൽ നനയ്ക്കാൻ തുടങ്ങിയാൽ ഇടയ്ക്ക് നിറുത്തുന്നത് തെങ്ങുകൾക്ക് ദോഷകരമാണ്. അതിനാൽ ശരിയായ ജലസേചന പദ്ധതി ആസൂത്രണം ചെയ്യണം. വെളളത്തിന്റെ നഷ്ടം പരമാവധി കുറയ്ക്കാൻ സഹായിക്കുന്ന കണികജലസേചന രീതിയും അതിലൂടെയുളള വളപ്രയോഗവും നടത്തുന്നത് വെളളത്തിന്റെയും വളത്തിന്റെയും ഉപയോഗക്ഷമത ഉയർത്തുന്നതിന് ഉപകരിക്കും. കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിനു കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം അടുക്കളത്തോട്ടങ്ങൾക്കായി തുളളി നന കിറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഒരു സെന്റ് വരെയുളള അടുക്കളത്തോട്ടങ്ങൾക്ക് അല്ലെങ്കിൽ 80 വരെയുളള ഗ്രോബാഗ് യൂണിറ്റുകൾക്കും ഒരു കിറ്റ് മതിയാകും. തണൽക്രമീകരണം വേനൽ അധികമായാൽ പ്രായം കുറഞ്ഞ ചെടികൾക്ക് പ്രത്യേക സംരക്ഷണം നൽകേണ്ടതാണ്. തെക്കുപടിഞ്ഞാറൻ വെയിലടിക്കാതിരിക്കാൻ തണൽ നൽകിയാൽ മാത്രം മതി. റബ്ബർ, കുരുമുളക്, തെങ്ങിൻതൈകൾ, മറ്റു വൃക്ഷത്തെകൾ എന്നിവയ്ക്ക് ഈ ശ്രദ്ധ നൽകേണ്ടതാണ്.
വരൾച്ചയ്ക്കെതിരെ ഇൻഷ്വറൻസ് പരിരക്ഷയും
വരൾച്ച ഉൾപ്പെടെയുളള പ്രകൃതിക്ഷോഭങ്ങൾ കാരണം സംഭവിക്കുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി സംസ്ഥാനസർക്കാരിന്റെ കാർഷിക വിള ഇൻഷ്വറൻസ് പദ്ധതി നിലവിലുണ്ട്. കർഷകസമൂഹത്തിന്റെ കുടുംബ ഭദ്രത ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ അംഗങ്ങളായി മുഴുവൻ കാർഷിക വിളകളെയും കർഷകർ ഇൻഷ്വർ ചെയ്യേണ്ടതാണ്. പരമാവധി മുൻകരുതലുകൾ കൈക്കൊണ്ട് ചിരസ്ഥായിയായ വിളകളെയും ഭക്ഷ്യസുരക്ഷയുടെ പ്രതീകങ്ങളായ സസ്യസമ്പത്തിനെയും നമുക്ക് സംരക്ഷിക്കാം.
English Summary: Watering for plants
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.