25 April 2024, Thursday

നെല്ലറ കീഴടക്കാൻ ‘കുട്ടനാടൻ തണ്ണിമത്തന്‍’

ആർ ബാലചന്ദ്രൻ
ആലപ്പുഴ
March 3, 2023 10:35 pm

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ തണ്ണിമത്തൻ കൃഷിയും വ്യാപകമാകുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയിൽ നൂറുമേനി വിളവ് കണ്ടതോടെ കർഷകർ പ്രതീക്ഷയിൽ. വിളവെടുപ്പിന് പാകമായ ഇവ കുട്ടനാടൻ തണ്ണിമത്തൻ എന്ന പേരിൽ വിപണി കീഴടക്കാനൊരുങ്ങുകയാണ്. കരപ്പുറം പ്രദേശമായ കഞ്ഞിക്കുഴി, മുഹമ്മ, കണിച്ചുകുളങ്ങര, മാരാരിക്കുളം എന്നിവടങ്ങളിൽ തണ്ണിമത്തൻ കൃഷി വ്യാപകമാണ്. എങ്കിലും കുട്ടനാട്ടിൽ ആദ്യമായാണ് തണ്ണിമത്തൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്. പ്രധാനമായും തലവടി, എടത്വ, കൈനകരി, വെളിയനാട് എന്നിവിടങ്ങളിലാണ് കൃഷി നടക്കുന്നത്. കൊടും ചുടിൽ ആശ്വാസം പകരുന്ന തണ്ണിമത്തന് വിപണിയിൽ ആവശ്യക്കാർ വർധിക്കുകയാണ്.

രണ്ടാം കൃഷി കഴിഞ്ഞ പാടശേഖരങ്ങളിലും തണ്ണീർത്തടയോരങ്ങളിലുമായി അൻപതോളം പേരാണ് കൃഷി നടത്തുന്നത്. കഞ്ഞിക്കുഴിയിൽ നിന്നുള്ള വിത്താണ് കർഷകർ കൃഷിക്ക് ഉപയോഗിച്ചത്. ഹൈബ്രിഡ് ഇനത്തിൽപെട്ട ചെടി സീഡ് ലെസ്സ് ഇനത്തിൽ ഷുഗർ ക്വീൻ, മഞ്ഞ, ചുവപ്പ് ഇനങ്ങളിൽ ഉള്ളതാണ്. 80 ദിവസത്തിനകം വിളവെടുക്കാം എന്നതാണു പ്രത്യേകത. ചാണകപ്പൊടി, കോഴിവളം, കംപോസ്റ്റ് എന്നിവ ഉപയോഗിച്ച് പൂർണമായും ജൈവകൃഷിയാണ് ചെയ്യുന്നത്. വിളവെടുപ്പ് ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

മണൽ കലർന്ന പശ്ചിമരാശി മണ്ണിലും എക്കൽ കലർന്ന മണ്ണിലും യഥേഷ്ടം തണ്ണിമത്തൻ ചെടി വളരുമെന്നതിനാൽ കുട്ടനാട് ഈ കൃഷിക്കും യോഗ്യമാണെണെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. മഹാപ്രളയത്തിന് ശേഷം ഏത്തവാഴ, പൈനാപ്പിൾ തുടങ്ങി നാമമാത്രമായ ഫലങ്ങൾ മാത്രമായിരുന്നു കുട്ടനാട്ടിൽ നിന്നും ഉല്പാദിപ്പിച്ചിരുന്നത്. കൂടുതൽ കർഷകർ തണ്ണിമത്തൻ കൃഷിയിലേക്ക് വരാനുള്ള സാധ്യതയും ഏറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.