സൗന്ദര്യത്തെ ഉപയോഗിക്കേണ്ട മാര്‍ഗം

Web Desk
Posted on July 12, 2018, 10:40 pm

സ്ത്രീശക്തിയുടെ കാലമാണിതെന്ന് പറയുന്നു. എന്നാല്‍ സ്ത്രീശാക്തീകരണമാണ് നടക്കുന്നത്. മതമോ അതുപോലെ സംഘടിതമായതിന് പിന്നില്‍ വിധേയപ്പെട്ട് പോകുന്നവരാണ് ശാക്തീകരണക്കാര്‍ ശക്തീകരണത്തെ ശാക്തീകരണമാക്കി പുതിയ രൂപത്തിലും ഭാവത്തിലും അടിമത്തബോധം പുനഃസ്ഥാപിക്കുകയാണ് ബുദ്ധികേന്ദ്രങ്ങള്‍ ചെയ്യുന്നത്. താന്‍ ആരെന്നും തന്റെ അപാരമായ സാധ്യത പുരുഷനിലും പുരുഷനിലൂടെ രൂപപ്പെടുന്ന ജീവിതത്തിലും അതുവഴി പൊതുസമൂഹത്തിലും എന്തെന്ന് തിരിച്ചറിയുന്നിടത്തു നിന്നാണ് സ്ത്രീശാക്തീകരണം ആരംഭിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായി പുരുഷന്‍മാര്‍ ചെയ്യേണ്ട ഓട വൃത്തിയാക്കല്‍ സ്ത്രീ നിര്‍വഹിച്ചതുകൊണ്ടോ തെങ്ങില്‍ കയറിയതുകൊണ്ടോ സ്ത്രീശാക്തീകരണം നടക്കുന്നില്ല. നൂറുദിവസത്തെ തൊഴില്‍ദിനം ലഭിക്കുന്നതുകൊണ്ട് വയറ്റിപ്പിഴപ്പിനുള്ള മാര്‍ഗം രൂപപ്പെടുന്നു എന്നേയുള്ളൂ. (തൊഴിലുറപ്പ് പദ്ധതി തന്നെ ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക ദുര്‍വിനിയോഗമാണ്. പ്രതേ്യകിച്ചും കേരളത്തില്‍) സ്ത്രീശക്തി എന്നത് സ്ത്രീ ജീവിതവുമായി ബന്ധപ്പെട്ട, കാലത്തിന് യോജിക്കാത്ത സമ്പ്രദായങ്ങളെ നിരാകരിക്കുന്നതിലൂടെ സാധ്യമാകേണ്ടതാണ്. ഒരു പെണ്‍കുട്ടി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. പെണ്ണേ ഉണ്ടാകാവൂ… അവള്‍ക്കുവേണ്ടത് നല്‍കി പുരുഷന്‍മാര്‍ സ്വീകരിക്കുന്ന അവസ്ഥ സംജാതമായില്ലെങ്കിലും പുരുഷന് ഒഴിവാക്കാനാകാത്ത ഒന്നാണ് സ്ത്രീ എന്ന മഹത്വത്തില്‍ ഉയര്‍ന്നുനിന്ന് വിവാഹകച്ചവടത്തിന്റെ മുനയൊടിക്കേണ്ടതുണ്ട്. അതിന്റെ അര്‍ഥം പുതുപ്പെണ്ണ് എന്നൊന്ന് ഉണ്ടാകരുത് എന്നാണ്. പുതുപ്പെണ്ണെന്ന കാഴ്ചവസ്തുവായി സ്ത്രീസ്വത്വബോധത്തെ സ്ത്രീയും സമൂഹവും ശിഥിലമാക്കുകയാണ് ചെയ്യുന്നത്.
ജീവിതം എന്നത് നാം സ്വപ്‌നം കാണുന്ന സങ്കല്‍പങ്ങള്‍ക്ക് അപ്പുറം ഒരു വ്യാപാരശൃംഖലയാണ് അതിലൂടെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വ്യാപാരശൃംഖലയിലെ ഏറ്റവു നല്ല കച്ചവടവസ്തുവായി തീരുകയാണ് മുഖ്യമായും പെണ്ണ്. അതുകൊണ്ടാണ് പെണ്ണ് പിറക്കുന്നവന്റെ ഉള്ള് തീപിടിക്കുന്നതും പാളയില്‍ കിഴക്കുമ്പോഴെ ഡെപ്പോസിറ്റ് വയ്ക്കുന്നതും, പെണ്ണ് ജീവിത ക്രയവിക്രയ സംവിധാനത്തിലെ കച്ചവട ഉല്‍പന്നം എന്ന നിലയിലാണ്. അതിന് കഴിയാത്തവരാണ് പെണ്‍കുട്ടികളെ ഇല്ലായ്മ ചെയ്യുന്നത്. പുരുഷന്‍ ഉന്നതജോലിയും ഉന്നത വേതനവും മോഹിച്ച് പരക്കംപായുന്നതും സുന്ദരിയും രണ്ട് തലമുറക്ക് സമ്പത്തുമുള്ള പെണ്‍കുട്ടികളെ ലക്ഷ്യം വച്ചാണ്. ഇവിടെയാണ് സൗന്ദര്യവും തന്റേടവുമുള്ളവര്‍ തുടങ്ങിവയ്ക്കുന്നത് സാവധാനം എല്ലാവരിലേയ്ക്കും പ്രവേശിച്ചുകൊള്ളും.

പുരുഷനെപോലെ സ്ത്രീക്കും വിവാഹം വേണ്ടെന്ന് വയ്ക്കാം. ഒറ്റയ്ക്ക് താമസിക്കാം. പെണ്ണായാല്‍ വിവാഹം കഴിക്കണമെന്നും (കഴിപ്പിക്കണമെന്നും) പ്രസവിച്ചേ മതിയാകൂ എന്നും ആരും ശാഠ്യം പിടിക്കേണ്ടതില്ല. ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്ണിന്റെ സൗന്ദര്യം നൂറിരട്ടിയാണെന്നാണ് ചൊല്ല്. ഇത്തരം സ്ത്രീനിലപാടുകള്‍ പുരുഷനിബന്ധനകളെ ദുര്‍ബലമാക്കുവാന്‍ സഹായിക്കും. പുരുഷജീവിതത്തില്‍ സ്ത്രീ അനിവാര്യമാണെന്ന് പുരുഷനെക്കാള്‍ സ്ത്രീയാണ് തിരിച്ചറിയേണ്ടത്. ഈ തിരിച്ചറിവിലാണ് സ്ത്രീശക്തിയുള്ളത്.
പുരുഷജീവിതത്തില്‍ സ്ത്രീ ആവശ്യഘടകമെന്ന് ബോധ്യപ്പെടുത്തുന്നിടത്ത് സ്ത്രീ നിലപാടുകള്‍ക്ക് പ്രാധാന്യം വരും. സ്‌നേഹവും പ്രണവവും സംരക്ഷണവും വേണ്ട ഒരു സഹജീവിയാണ് താനെന്നും മറിച്ച് കച്ചവടത്തിലൂടെയല്ല അത് ഉണ്ടാകേണ്ടതെന്നും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ പെണ്‍കുട്ടികള്‍ സന്നദ്ധരാകണം. തൊഴിലും വിദ്യാഭ്യാസവും ഭംഗിയും പെണ്‍കുട്ടിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെങ്കില്‍ പെണ്‍ മഹത്വമെന്താണ്? സൗന്ദര്യമുള്ളവളെങ്കില്‍, സൗന്ദര്യത്തെ ഏറ്റവും നല്ല സ്ത്രീധനമായി പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും കരുതുകയും വേണം.

സ്ത്രീസൗന്ദര്യം പുരുഷനെ കീഴടക്കുന്ന ഒരു സംഗതിയാണ്. സ്ത്രീ സാന്നിധ്യം അനുഭവിക്കാനാകാതെ ഭൂരിപക്ഷം പുരുഷന്മാര്‍ക്കും ജീവിക്കാനാവില്ല. ലൈംഗികമായ ആനന്ദവും സ്ത്രീയിലൂടെ മാത്രമേ പുരുഷനു ലഭ്യമാവുകയുള്ളു. സൗന്ദര്യത്തോടൊപ്പമുള്ള മറ്റൊരു സാധ്യതയാണത്. സ്ത്രീസമൂഹവും, ലൈംഗികാനന്ദവും അതിനെ ത്വരിതപ്പെടുത്തുന്ന സൗന്ദര്യവും ഏറ്റവും നല്ല സമ്പത്തായി സ്വയം ബോധ്യപ്പെട്ടുകൊണ്ട്, താന്‍ വിലപേശാവുന്ന ഒരു വാണിഭ ചരക്കല്ലെന്ന് ബോധ്യമാക്കുവാന്‍ ഒരു പെണ്‍കുട്ടിയെകൊണ്ട് സാധിക്കണം. സൗന്ദര്യത്തിന്റെ മൂല്യവും ശരീരസാധ്യതകളും, തന്നെയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിയാത്തിടത്തോളം അടിസ്ഥാനപരമായി സ്ത്രീശാക്തീകരണം നടക്കുന്നില്ല.
പെണ്ണ് വീടിന്റെ വിളക്കായും ഐശ്വര്യമായും മാറണമെങ്കില്‍ പെണ്‍കുട്ടികള്‍ ടെക്സ്റ്റയിലുകളിലും ജൂവലറികളിലും അലങ്കാരപരസ്യ മോഡലുകളുമായി തീരുന്ന സാഹചര്യവും മറികടന്നു വരേണ്ടതുണ്ട്.