ബസിൽ നിന്ന് യാത്രക്കാരനെ തളളിയിട്ട സംഭവം: ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, ഒപ്പം കേസും

Web Desk

വയനാട്

Posted on January 17, 2020, 3:22 pm

വയനാട് ബസിൽ നിന്ന് യാത്രക്കാരനെ തളളിയിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. വയനാട് മീനങ്ങാടി പൊലീസാണ് കേസെടുത്തത്. ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് കേസ്. ബസ് ജീവനക്കാർ തള്ളിയിട്ടതിനെ തുടർന്ന് യാത്രകാരന് ഗുരുതര പരിക്കേറ്റിരുന്നു. ഡ്രൈവറുടേയും കണ്ടക്ടുടേയും ലൈസൻസ് സസ്പെൻഡ് ചെയ്തു. വയനാട് ആർടിഒ ആണ് ഇരുവരുടേയും ലൈസൻസ് സസ്പെൻഡ് ചെയ്തത്.

ഇറങ്ങുന്നതിന് മുമ്പ് ബസ് എടുത്തത് ചോദ്യം ചെയ്തതിന് കാര്യമ്പാടി സ്വദേശി ജോസഫിനെയാണ് ജീവനക്കാർ ബസ്സിൽ നിന്ന് തളളിയിട്ടത്. തള്ളിയിട്ടതിനെ തുടർന്ന് പുറത്തേയ്ക്ക് വീണ ജോസഫിന്റെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു.തുടയെല്ലുകള്‍ക്ക് പരിക്കേറ്റ ജോസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. ജോസഫും മകളും ഇറങ്ങുന്നതിനു മുമ്പ് ബസ് എടുക്കുകയായിരുന്നു. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് ജോസഫിന്റെ മകള്‍ നീതു റോഡിലേക്ക് തെറിച്ചു വീണു. മകൾ വീണത് ചോദ്യം ചെയ്യാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ തള്ളി. പുറത്തേയക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.

YOU MAY ALSO LIKE