Friday
22 Feb 2019

വയനാട്ടില്‍ മരണം നാലായി: മന്ത്രി വി എസ് സുനില്‍ കുമാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

By: Web Desk | Friday 10 August 2018 9:31 PM IST

വൈത്തിരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ സന്ദര്‍ശനം നടത്തുന്നു

10,949 പേരെ പുനരധിവസിപ്പിച്ചു

കല്‍പറ്റ: രണ്ടുദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ ജില്ല ഇതുവരെ അനുഭവിക്കാത്ത ദുരിതക്കയത്തിലൂടെയാണ് കടന്നുപോകുന്നത്. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ഇതുവരെ ദമ്പതികളടക്കം നാലുപേര്‍ മരിച്ചു. മാനന്തവാടി തലപ്പുഴയ്ക്ക് സമീപം മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മംഗലശ്ശേരി വീട്ടില്‍ റസാഖ് (40),ഭാര്യ സീനത്ത് (32),വൈത്തിരി പൊലിസ് സ്‌റ്റേഷനടുത്തുള്ള ലക്ഷംവീട് കോളനിയിലെ തോളിയിലത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി (62), വെള്ളാരംകുന്നില്‍ മണ്ണിടിച്ചലില്‍പ്പെട്ട് മൂപൈനാട് കടല്‍മാട് സ്വദേശി വാറങ്ങോട്ട് ഷൗക്കത്തലി (33) എന്നിവരാണ് മരിച്ചത്.

വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2744 കുടുംബങ്ങളില്‍ നിന്നും 10,949 പേരെ മാറ്റിപാര്‍പ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 245.37 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മണ്‍സൂണില്‍ ഇതുവരെ 2670.56 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. 20 വീടുകള്‍ പൂര്‍ണമായും 536 വീടുകള്‍ ഭാഗികമായും നശിച്ചു.ജില്ലയില്‍ ഇതുവരെ മഴക്കെടുതിയില്‍ ഒന്‍പതു ജീവന്‍ നഷ്ടപ്പെട്ടു. 23 പേര്‍ക്ക് വിവിധ അപകടങ്ങളില്‍ പരിക്കേറ്റു.പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ റിസര്‍വോയറിലെ ജലനിരപ്പ് 775.6 എംഎസ്എല്‍ ആണ്.കാരാപ്പുഴയില്‍ 758.2 എംഎസ്എല്‍ രേഖപ്പെടുത്തി.ദുരിതബാധിത പ്രദേശങ്ങളില്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലയിലെ പൊലിസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.കളക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍,സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നവര്‍ 9747707079, 9746239313, 9745166864 എന്നി നമ്പറുകളില്‍ ബന്ധപ്പെടണം.ദേശീയ ദുരന്ത നിവാരണ സേന,ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡി.എസ്.സി), നാവികസേന എന്നിവരുടെ 150 സൈനികര്‍ അടങ്ങിയ സംഘം ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ജില്ലയിലുണ്ട്.കൂടാതെ ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘവും പൊലിസും സമയോചിത ഇടപ്പെടല്‍ നടത്തുന്നുണ്ട്.മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.വെള്ളാരംകുന്നില്‍ കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ മണ്ണിനടിയില്‍പ്പെട്ട മേപ്പാടി സ്വദേശി ഷൗക്കത്തിലെ ഇന്നലെ ജീവനോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.ഉച്ചക്ക് 12.15 ഓടെയാണ് ഷൗക്കത്തലിയെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തത്.ആദ്യം മരിച്ചെന്ന് കരുതിയെങ്കിലും പിന്നീട് നേരിയ അനക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.എന്നാല്‍ പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.പനമരത്തും,പുതുശ്ശേരിക്കടവിലും വെള്ളമിറങ്ങാതെ ജനം ദുരിതത്തിലാണ്.റോഡുകളുടെ സ്ഥിതിയും ശോചനീയാവസ്ഥയില്‍ തുടരുകയാണ്.വെള്ളമുണ്ട നിരവില്‍പ്പുഴ റൂട്ടില്‍ മക്കിയാടിനടുത്ത് ചീപ്പാട് വെള്ളപ്പൊക്കത്തില്‍ മെയിന്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു.ഇതുവഴിയുള്ള ഗതാഗതവും മുടങ്ങിയിരിക്കുകയാണ്.കുറ്റ്യാടി ചുരം വഴി കടന്നുപോകേണ്ട വാഹനങ്ങളും ഇതിലെ വളരെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി ഈ ഭാഗം വെള്ളത്തിനടിയിലായിരുന്നു.വെള്ളമിറങ്ങിയതോടെയാണ് റോഡ് ഇടിഞ്ഞത്. മഴകുറഞ്ഞിട്ടും പനമരത്ത് ജലനിരപ്പ് ഉയരുകയാണ്.ചേകാടി പാലം അപകടാവസ്ഥയിലായതോടെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു.പുല്‍പ്പള്ളി-തിരുനെല്ലി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് വിള്ളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായത്. പുതുശ്ശേരിക്കടവ് പ്രദേശം ഇപ്പോഴും വെള്ളത്തിനടിയിലാണ്. വൈത്തിരി ബസ്റ്റാന്റിലെ കെട്ടിടം തകര്‍ന്നുവീണു. രണ്ട് വാഹനങ്ങള്‍ കെട്ടിടത്തിനടിയില്‍പ്പെട്ടു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ട്രാവലറും കാറുമാണ് കെട്ടിടത്തിനടിയില്‍പ്പെട്ടത്. ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാം നിലയിലെ നാല് കടകളും എ ടി എം കൗണ്ടറും, ശൗചാലയവും,പണി പൂര്‍ത്തിയായ കമ്മ്യൂണിറ്റിഹാളുമായിരുന്നു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. കെട്ടിടം തകര്‍ന്നതോടെ മുകള്‍ഭാഗത്തുള്ള മൂന്ന് വീടുകളും, മദ്രസയും, അംഗന്‍വാടികെട്ടിടവും അപകടഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് കെട്ടിടം തകര്‍ന്നത്.

ദുരന്ത പ്രതികരണം പ്രവര്‍ത്തനം എല്ലാ വകുപ്പിന്റെയും ചുമതലയാണെന്നും ജില്ലയില്‍ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടത്തോട് സഹകരിച്ച് നടത്തിയ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കമ്പിളിയും അത്യാവശ്യ വസ്ത്രങ്ങളും ലഭ്യമാക്കാന്‍ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. വ്യാപാരികള്‍, സന്നദ്ധസംഘടനകള്‍, സ്വാകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ സാമൂഹ്യ പ്രതിബദ്ധതാ നിധി(സിഎസ്ആര്‍) ഇതിനായി വിനിയോഗിക്കണം. വീട് പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കും. ക്യാമ്പ് വിട്ട് ഭവനങ്ങളിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് 1000 രൂപ സമാശ്വാസം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ തല ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്ന് മഴക്കെടുതി അവസാനിക്കുന്നതുവരെ ജപ്തി നടപടി നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണം. പ്രളയബാധിത പ്രദേശത്തെ കര്‍ഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തുന്നത് അടുത്ത മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കും. വെള്ളം ഇറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏകോപന സമിതി രൂപീകരിച്ച് സഹായം നല്‍കണം. കിണറുകള്‍ വൃത്തിയാക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് വിനിയോഗിക്കാമെന്നും അവ സര്‍ക്കാര്‍ ക്രമീകരിച്ചു നല്‍കും. സാക്ഷ്യപത്രം പോലെ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കണം. ഇതിന് മന്ത്രിസഭാ അനുമതി നല്‍കിയിട്ടുണ്ട്. കുട്ടികളുടെ പാഠപുസ്തകം നഷ്ടമായത് ഓണാവധി കഴിഞ്ഞെത്തുമ്പോഴേക്കും ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണം. പഞ്ചായത്തുകളില്‍ കൃഷി ആഫീസര്‍മാര്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കൃഷി നാശം വിലയിരുത്തി അപേക്ഷ സ്വീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. ഇഴ ജന്തുക്കള്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തുമെന്നതിനാല്‍ പാമ്പിന്‍ വിഷത്തിനെതിരെയുള്ള മരുന്ന് കരുതിവയ്ക്കാന്‍ മന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണം. വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലം നശിച്ചവരുടെ കണക്ക് റവന്യു സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കണമെന്നും ഇത്തരക്കാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും ആസൂത്രണഭവന്‍ എ പി ജെ ദുരന്ത ലഘൂകരണ പ്രവര്‍ത്തന അവലോകനശേഷം മന്ത്രി അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് ജില്ലയിലെ പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കും.നാളെ (12.08.18)കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് കേരളം സന്ദര്‍ശിക്കുമെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.എം എല്‍ എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ,ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി,സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ സംബന്ധിച്ചു.
വൈത്തിരി എച്ച്.ഐ.എം യുപി സ്‌കൂള്‍,തരിയോട് ജി.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പും പടിഞ്ഞാറത്തറയില്‍ മണ്ണിടിഞ്ഞ കുറുമണി പ്രദേശവും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി യോഗത്തിനെത്തിയത്.