October 6, 2022 Thursday

Related news

September 27, 2022
September 5, 2022
August 30, 2022
August 24, 2022
August 23, 2022
August 18, 2022
August 15, 2022
August 13, 2022
August 10, 2022
August 1, 2022

വയനാട് മെഡിക്കൽ കോളേജ്; തീരുമാനം ഉടൻ: മുഖ്യമന്ത്രി

Janayugom Webdesk
വയനാട്
December 28, 2020 10:50 am

വയനാട് മെഡിക്കൽ കോളേജ് സംബന്ധിച്ച് സർക്കാർ ഗൗരവമായി ആലോചിച്ച് വരുന്നതായും ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് വയനാടിന്റെ ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് മുഖ്യമന്ത്രി സൂചന നൽകിയത്. ദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ജില്ലയിൽ എയർ സ്ട്രിപ്പ് വേണമെന്ന ആവശ്യം സർക്കാർ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയുടെ രണ്ടു പ്രധാന ജലസേചന പദ്ധതികളായ കാരാപ്പുഴ പദ്ധതി 2023 ലും ബാണാസുര പദ്ധതി 2024 ലും പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുടങ്ങിക്കിടന്ന രണ്ടു പദ്ധതികൾക്കും ഇപ്പോൾ ജീവൻവച്ചിട്ടുണ്ട്. ഈ വർഷം തന്നെ കാരാപ്പുഴ ഡാമിന്റെ സംഭരണ ശേഷി വർധിപ്പിക്കാനുള്ള നടപടികളാകും. എട്ട് ഏക്കർ വിസ്തൃതി വർധിക്കുന്നതോടെ സംഭരണ ശേഷി ഇരട്ടിയാകും. ഇതിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കുടിവെള്ള പദ്ധതിയും ആരംഭിക്കാനാകും. കാരാപ്പുഴ പ്രദേശത്തെ മികച്ച ഉദ്യാനം വലിയ ടൂറിസം സാധ്യതകളാണ് സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി ഭൂപ്രശ്നം പരിഹരിക്കുന്നതിനും തൊഴിൽ ഉറപ്പാക്കുന്നതിനും മുന്തിയ പരിഗണയാണ് നൽകുന്നത്. ഭൂരഹിതരായ മുഴുവൻ ആദിവാസി ജനവിഭാഗങ്ങൾക്കും ഭൂമി ഏറ്റെടുത്ത് നൽകുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്. ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കുന്നതിന് തടസ്സങ്ങളുണ്ടാവരുതെന്നാണ് സർക്കാർ നയം. ജില്ലയിൽ എല്ലാ ആദിവാസി കുട്ടികൾക്കും പ്ലസ്ടു അടക്കം സ്കൂൾ അഡ്മിഷൻ ലഭിക്കണം. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പ്ലസ്ടു അനുവദിക്കുന്ന കാര്യം പരിശോധിക്കും. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ കാര്യവും പരിഗണിക്കും.

കാപ്പി കർഷകരുടെ പ്രശ്നങ്ങൾ സർക്കാറിന്റെ പരിഗണനയിലുണ്ട്. പ്രത്യേക കോഫി പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മലബാർ കോഫി ബ്രാൻഡാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ട്. വന്യമൃഗ ശല്യം തടയുന്നതിന് കിഫ്ബിയിൽ വിവിധ പദ്ധതികൾ പൂർത്തിയാക്കും. 10 കിലോമീറ്റർ നീളത്തിൽ റെയിൽ ഫെൻസിങ് നല്ലൊരു ഭാഗം പൂർത്തിയായിക്കഴിഞ്ഞു. 22 കോടി ചെലവിൽ 44 കിലോമീറ്റർ നീളത്തിൽ ക്രാഷ് ഗാർഡ് ഫെൻസിങ് സ്ഥാപിക്കുന്നതിന് വനം വകുപ്പ് ടെണ്ടർ നടപടികളിലേക്ക് കടക്കുകയാണ്. മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നഷ്ട പരിഹാരം ഓൺലൈനായി നൽകാൻ നടപടി സ്വീകരിച്ചു. വേനൽക്കാലത്ത് വെള്ളം തേടിയാണ് മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. ഇതിന് പരിഹാരമായി വനത്തിൽ ജലസംഭരണികളും കുളങ്ങളും നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

കാർഷിക മേഖലയിലും കോളേജുകൾ കേന്ദ്രീകരിച്ചും സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും. കോളേജ് വിദ്യാർഥികൾക്ക് അപ്രന്റീസ് പോലെ പരിശീലനത്തിന് അവസരം ലഭ്യമാക്കാൻ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംവരണ കാര്യത്തിൽ നിലവിൽ സംവരണ അനുഭവിക്കുന്ന ഒരു വിഭാഗത്തിനും ആശങ്ക വേണ്ടെന്നും ഒരു വിഭാഗത്തിന്റെ സംവരണത്തിനും ഒരു തരത്തിലുള്ള കുറവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണേതര വിഭാഗത്തിലെ ദരിദ്രർക്കു കൂടി സംവരണം നൽകുക മാത്രമാണ് സർക്കാർ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പരിപാടിയിൽ സി. കെ ശശീന്ദ്രൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ, ഒ. ആർ. കേളു എം. എൽ. എ, സി. പി. ഐ. എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, വിവിധ സാമൂഹിക- വിദ്യാഭ്യാസ- സാമുദായിക- രാഷ്ട്രീയ- കാർഷിക- ആരോഗ്യ- ടൂറിസം- പാലിയേറ്റീവ്- പരിസ്ഥിതി പ്രസ്ഥാന പ്രതിനിധികളും വിദഗ്ധരും പങ്കെടുത്തു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.