Friday
19 Jul 2019

വയനാടിന് കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി റിഷി

By: Web Desk | Monday 27 May 2019 4:16 PM IST


മാനന്തവാടി:

പ്രളയം നാശം വിതച്ച വയനാടിന് സാന്ത്വനവുമായി നിരവധി പേരെത്തിയെങ്കിലും അത്തരം സഹായ ഹസ്തങ്ങളില്‍ നിന്ന് വ്യത്യസ്തമാവുകയാണ് മൈസൂരുവിലെ റിഷി എന്ന സ്ഥാപനം. നിരവധി വന്‍കിട കമ്പനികള്‍ക്ക് വേണ്ടി ഭക്ഷ്യവസ്തുക്കളും മരുന്ന് കമ്പനികള്‍ക്ക് മരുന്ന് അയക്കാനുള്ള ബാഗുകളും നിര്‍മ്മിക്കുന്ന റിഷി വയനാട്ടില്‍ സ്ഥായിയായ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. മലയാളിയായ മാനന്തവാടി സ്വദേശി കൊയിലേരി വടക്കേല്‍ ജോസ്ഥ് ഫ്രാന്‍സീസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിഷി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാനന്തവാടി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സ്പന്ദനത്തിന്റെ രക്ഷാധികാരി കൂടിയാണ് ജോസഫ് ഫ്രാന്‍സിസ്. നിര്‍ധന രോഗികള്‍ക്ക് ഭക്ഷണം, ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാരുടെ ശമ്പളം , പ്രതിമാസം 50,000 രൂപയുടെ മരുന്ന് എന്നിവയും വിതരണം ചെയ്തു വരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുളളില്‍ സ്പന്ദനം വഴി 1.60 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയത്. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങളും റിഷി നല്‍കുന്നു.

12 വര്‍ഷം മുമ്പ് ബറോഡയിലാണ് ജോസഫ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ റിഷിയുടെ ഒരു യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.ഇപ്പോള്‍ അവിടെ രണ്ട് യൂണിറ്റുകള്‍ കുടാതെ മൈസൂരുവിലെ ആറ് യൂണിറ്റുകളും ഉള്‍പ്പടെ റിഷിയുടെ കമ്പനിയില്‍ നിന്ന് 36 വിദേശ രാജ്യങ്ങളിലേക്ക് ഉല്‍പന്ന കയറ്റുമതി ഉണ്ട് .പ്രതിവര്‍ഷം ആയിരം കോടിയുടെ അറ്റാദായമുള്ള റിഷിയില്‍ ഇന്ന് അയ്യായിരം ജീവനക്കാരുണ്ട്.

കേരളം കൂടാതെ കര്‍ണാടകത്തിലും ഗുജറാത്തിലും നിരവധി ജീനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി മാനന്തവാടി ഒണ്ടയങ്ങാടി എടപ്പടിയില്‍ സ്വന്തമായി വാങ്ങിയ അമ്പത് സെന്റ് സ്ഥലത്ത് ഏഴ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളം കയറി ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്ന ഏഴ് കുടുംബങ്ങള്‍ക്കാണ് വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളോടും കൂടി വീടുകള്‍ തയ്യാറാകുന്നത്. ജോസഫ് ഫ്രാന്‍സിസ് ,ഭാര്യ ജോളി മക്കളായ ജോമോന്‍ ജോസഫ്, ജോഫി ജോസഫ് എന്നിവര്‍ നേരിട്ടെത്തിയാണ് നിര്‍മ്മാണ ജോലികള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നത്. സ്പന്ദനം സ്‌നേഹവീട് എന്ന് പേരിട്ടിരിക്കുന്ന വീടുകളുടെ നിര്‍മ്മാണവും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ജനറല്‍ മാനേജര്‍ ജോഷി ബേസില്‍, മാനന്തവാടിയിലെ പൊതുപ്രവര്‍ത്തകന്‍ ഇബ്രാഹിം കൈപ്പാണി എന്നിവര്‍ ചേര്‍ന്ന് ഏകോപിപ്പിക്കുന്നു. ഇരിട്ടി, പുല്‍പ്പള്ളി എന്നിവിടങ്ങളിലും നിര്‍ധനര്‍ക്കുള്ള വീട് നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്.

Related News