25 April 2024, Thursday

കടുവകളുടെ കണക്കെടുപ്പ്; ക്യാമറകൾ സ്ഥാപിക്കുന്നത് പൂർത്തിയായി

വയനാട് ബ്യൂറോ
കല്‍പറ്റ
September 8, 2021 8:15 pm

കടുവകളുടെ കണക്കെടുപ്പിന്റെ ഭാഗമായുള്ള ക്യാമറകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. രാജ്യത്താകമാനം നടത്തുന്ന കടുവ കണക്കെടുപ്പിന്റെ ഭാഗമായാണ് ജില്ലയിലും കണക്കെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ക്യാമറകൾ സ്ഥാപിക്കൽ ജില്ലയിൽ പൂർത്തിയായി.
വയനാട് വന്യജീവി സങ്കേതം, നോർത്ത്, സൗത്ത് വനം ഡിവിഷനുകൾ എന്നിവിടങ്ങളിൽ 310 കേന്ദ്രങ്ങളിലായി 620 ക്യാമറകളാണ് സ്ഥാപിച്ചത്. വനംവകുപ്പ് ജീവനക്കാർ കഴിഞ്ഞ നാല് ദിവസങ്ങളിലായാണ് ക്യാമറകൾ സ്ഥാപിച്ചത്. വയനാട് വന്യജീവിസങ്കേതത്തിലെ നാല് റെയിഞ്ചുകളിലായി 402 ക്യമറകളും, നോർത്ത് വനം ഡിവിഷനിലെ മൂന്ന് റെയിഞ്ചുകളിലായി 114ഉം, സൗത്ത് വനം ഡിവിഷനിൽ നാല് റെയിഞ്ചുകളിലായി 104 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഓരോ കേന്ദ്രത്തിലും രണ്ട് വീതം ക്യാമറകൾ എതിർദിശയിൽ മരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇനി ഒരു മാസത്തിനുശേഷമാണ് ക്യാമറകൾ വീണ്ടെക്കുക. ഒരോ ക്യാമറയിലും പതിഞ്ഞ ദൃശ്യങ്ങൾ ശാസ്ത്രീയ വിശകലനം നടത്തിയാണ് കടുവകളുടെ എണ്ണം കണക്കാക്കുക. ഒരു ക്യാമറയിൽ 3000 ത്തോളം ഫോട്ടോകളാണ് പതിയുക. ഒരു കടുവ തന്നെ കൂടുതൽ തവണ പതിഞ്ഞാലും ശാസ്ത്രീയമായ വിശകലനത്തിലൂടെ ഇവയെ വേർതിരിക്കാനാകും. കൂടാതെ ഇവയുടെ കാഷ്ഠം, കാൽപ്പാടുകൾ എന്നിവയും കണക്കെടുപ്പിന്റെ ഭാഗമായി പരിശോധിക്കും. അതുകൊണ്ട് തന്നെ കടുവകളുടെ കൃത്യമായ കണക്ക് ലഭിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള, തമിഴ്നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങളോട് ചേർന്നുകിടക്കുന്നതാണ് വയനാട് വന്യജീവി സങ്കേതവും മറ്റ് വനം ഡിവിഷനുകളും. അതുകൊണ്ടുതന്നെ ഇവിടെ സ്ഥാപിച്ച ക്യാമറകളിൽ പതിയുന്ന കടുവകൾ ഒരു പക്ഷേ സമീപ കടുവസങ്കേതങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലും പതിയാം. അതിനാൽ ക്യാമറകളിൽ നിന്നും ലഭിക്കുന്ന ഫോട്ടോകൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് വിശകലനം ചെയ്ത് കടുവകളുടെ എണ്ണം കൃത്യമായി കണക്കാക്കുക. ഇതിനായുള്ള സാങ്കേതിക സംവിധാനങ്ങൾ കടുവ സംരക്ഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.

ഇതിനു മുമ്പ് 2018ലാണ് കടുവകളുടെ കണക്കെടു്പ്പ് നടന്നത്. ഇതിൽ 120 കടുവകൾ വയനാട്ടിലുണ്ടെന്നാണ് കണ്ടെത്തിയത്. അതിനു മുമ്പ്് 82 കടുവകളായിരുന്നു ജില്ലയിലെ കാടുകളിൽ ഉണ്ടായിരുന്നത്. രാജ്യത്ത് കടുവകളുടെ കണക്കിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന ബന്ദിപ്പൂർ കടുവസങ്കേതത്തോട് ചേർന്നുള്ള വയനാട് വന്യജീവിസങ്കേത്തിൽ ഇത്തവണ കടുവകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.