March 24, 2023 Friday

വയനാടൻ ടൂറിസം മേഖലയിൽ 547 കോടിയുടെ നഷ്ടം

Janayugom Webdesk
കൽപറ്റ
April 29, 2020 9:26 pm

കോവിഡ് 19 വ്യാപനം മൂലം വയനാടൻ ടൂറിസം മേഖലയിൽ ഉണ്ടായതു ശതകോടികളുടെ നഷ്ടം. 2018 ഫെബ്രുവരി മുതൽ മെയ് വരെയുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ജില്ലയിൽ ടൂറിസം രംഗത്തു 547 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നു ഡിടിപിസി മെമ്പർ സെക്രട്ടറി ബി ആനന്ദ് പറഞ്ഞു.

2018 ഫെബ്രുവരിയെ അപേക്ഷിച്ചു 50 ശതമാനം സഞ്ചാരികൾ മാത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ ജില്ലയിൽ എത്തിയത്. ഇതു മാർച്ചിൽ 10 ശതമാനമായി കുറഞ്ഞു. ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതുമൂലം അനുബന്ധ മേഖലകളിൽ ഉണ്ടായ വരുമാനച്ചോർച്ചയും ചേർത്താണ് ഭീമൻ നഷ്ടം കണക്കാക്കിയത്. 2018ലെ പ്രളയത്തിനും ജില്ലയ്ക്കു പുറത്തുണ്ടായ നിപ്പാ വൈറസ് ബാധയ്ക്കും പിന്നാലെ തുടങ്ങിയതാണ് വയനാടൻ ടൂറിസത്തിന്റെ കഷ്ടകാലം. ടൂറിസം രംഗത്തു മുതൽമുടക്കിയവർ പിടിച്ചുനിൽക്കാൻ പാടുപെടുന്നതിനിടെ 2019ലെ മഴക്കാലത്തും പ്രകൃതിദുരന്തം ആവർത്തിച്ചു. നടപ്പു സീസണിൽ ടൂറിസം കേന്ദ്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും തട്ടിമുട്ടി നീങ്ങുന്നതിനിടെയായിരുന്നു കോവിഡ് വൈറസ് വ്യാപനം.

2000നുശേഷം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജില്ലയിൽ ടൂറിസം മേഖലയിൽ വൻതോതിലുള്ള സ്വകാര്യ നിക്ഷേപമാണ് നടന്നത്. പരിസ്ഥിതി സൗഹൃദ‑സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ രാജ്യത്തിനു പുറത്തും ശ്രദ്ധയാകർഷിച്ച സാഹചര്യത്തിലാണ് വയനാട്ടിൽ മുതൽമുടക്കാൻ ടൂറിസം സംരംഭകർ തയാറായത്. കാർഷിക മേഖലയുടെ തകർച്ചമൂലം ജില്ലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാർഗമായി ടൂറിസം മേഖലയെയാണ് ഭരണാധികാരികളടക്കം ചൂണ്ടിക്കാട്ടിയിരുന്നത്. കൊറോണ വൈറസ് വ്യാപനം മൂലം ജില്ലയിൽ ടൂറിസം രംഗത്തു ആയിരക്കണക്കിനു ആളുകളാണ് ദുരിതത്തിലായത്. റിസോർട്ട്, ഹോംസ്റ്റേ, സർവീസ്ഡ് വില്ല, ഹോട്ടൽ, ടൂറിസ്റ്റ് ബസ്, ട്രാവലർ, ടാക്സി ഉടമകളും തൊഴിലാളികളും ടൂറിസം കേന്ദ്രങ്ങളിലെ ചെറുകിട സംരംഭകരും കണ്ണീരിലാണ്. വാഹന ഉടമകൾ വായ്പ ഗഡുക്കൾ, ഇൻഷുറൻസ് പ്രീമിയം, റോഡ് ടാക്സ് എന്നിവയുടെ അടവിനെക്കുറിച്ചോർത്തും വ്യാകുലപ്പെടുകയാണ്. നിലവിൽ സംസ്ഥാനത്തെ കോവിഡ് രോഗികളില്ലാത്തെ ജില്ലകളിലൊന്നാണ് വയനാട്. മെയ് മൂന്നിനു ലോക്ഡൗൺ പിൻവലിച്ചാലും ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനാവില്ല. ആളുകൾ കൂടുന്ന ഷോപ്പിംഗ് മാളുകൾക്കും മറ്റുമുള്ള നിയന്ത്രണം ടൂറിസം കേന്ദ്രങ്ങൾക്കും ബാധകമാണ്. ഇതിനിടയിലും സർക്കാർ അനുവദിക്കുന്ന മുറയ്ക്കു ടൂറിസ്റ്റുകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നിതിനു ഡിടിപിസി ക്രമീകരണം ഏർപ്പെടുത്തിയതായി മെമ്പർ സെക്രട്ടറി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.