കല്‍പറ്റയെ കാര്‍ബണ്‍ തുലിതമാക്കുന്നതിനു പദ്ധതി

Web Desk
Posted on November 23, 2017, 1:11 am

കല്‍പറ്റ- ജൈവ, അജൈവ മാലിന്യങ്ങളുടെ സമഗ്രവും ശാസ്ത്രീയവുമായ സംസ്‌കരണത്തിലൂടെ കല്‍പറ്റയെ കാര്‍ബണ്‍ തുലിതമാക്കുന്നതിനു പദ്ധതിയുമായി നഗരസഭ. വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ലൈന്‍ ക്വാര്‍ട്ടേഴ്‌സുകള്‍, വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള മാലിന്യ സംസ്‌കരണം, വെള്ളാരംകുന്ന് ചുണ്ടപ്പാടി ട്രെഞ്ചിംഗ് ഗ്രൗണ്ടിനെ ഇക്കോ പാര്‍ക്കായി വികസിപ്പിക്കല്‍, ജൈവമാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ജൈവവള നിര്‍മാണവും വിപണനവും വെള്ളം കൂടിയ മാലിന്യത്തില്‍നിന്നുള്ള ബയോഗ്യാസ് നിര്‍മാണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കല്‍, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരണവും പരിശീലനവും, നഗരസൗന്ദര്യവത്കരണം എന്നിവ പദ്ധതിയുടെ ഭാഗമാണ്. പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിന്റെ(ഐ.ആര്‍.ടി.സി) സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി ഈ വര്‍ഷം നഗരസഭ തനതുഫണ്ടില്‍നിന്നു 1.49 കോടി രൂപ നീക്കിവച്ചതായി ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി.പി.ആലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എ.പി. ഹമീദ്, കെ. അജിത, ബിന്ദു ജോസ്, സനിത ജഗദീഷ്, അഡ്വ. ടി.ജെ. ഐസക, കൗണ്‍സിലര്‍ വി. ഹാരിസ്, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ കെ. അബ്ദുല്‍നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിനു നഗരസഭയിലെ എണ്ണായിരത്തോളം വീടുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ബയോബിന്‍ ലഭ്യമാക്കും. കച്ചവട സ്ഥാപനങ്ങളിലും മറ്റും കിച്ചണ്‍ബിന്‍, ബയോബിന്‍ എന്നിവ നിര്‍ബന്ധമാക്കും. പുതിയ വീടുകള്‍ക്ക് മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ അഭാവത്തില്‍ നമ്പര്‍ അനുവദിക്കില്ല.
വെള്ളരാംകുന്നിലെ എട്ട് ഏക്കര്‍ വരുന്ന ട്രെഞ്ചിംഗ് ഗ്രൗണ്ട് വരുന്ന മാര്‍ച്ചോടെ ഇക്കോ പാര്‍ക്കായി വികസിപ്പിക്കും. മാലിന്യ ശേഖരണ സംവിധാനം വിപുലവും കാര്യക്ഷമവുമാക്കും. അജൈല മാലിന്യ സംസ്‌കരണവും പദ്ധതിയുടെ ഭാഗമാണ്. ഇതിനായി 30 ലക്ഷം രൂപയാണ് വിനിയോഗിക്കുക.
ഏകദേശം എട്ട് ടണ്‍ മാലിന്യമാണ് ഓരോ ദിവസവും നഗരം പുറന്തള്ളുന്നത്. ദിവസം 12 ടണ്‍ വരെ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ളതായിരിക്കും ഇക്കോ പാര്‍ക്കില്‍ സ്ഥാപിക്കുന്ന പ്ലാന്റ്. ഓഫീസ് റൂം, ഷോറൂം, ടൂള്‍ റൂം, ഇലക്ട്രിക്കല്‍ റൂം, പ്രോസസിംഗ് റൂം, കാര്‍ പോര്‍ച്ച്, ടോയ്‌ലെറ്റ്, റസ്റ്റ് റൂം, ശലഭോദ്യാനം, പുഷ്‌പോദ്യാനം, അജൈവ മാലിന്യ സംസ്‌കരണ മേഖല, പോളി ഹൗസ്, ജലാശയം, നടപ്പാത എന്നിവ പാര്‍ക്കിന്റെ ഭാഗമായിരിക്കും. 12,000 ചതുരശ്ര അടി വിസ്തൃതിയുള്ളതായിരിക്കും മാലിന്യ സംസ്‌കരണ യൂണിറ്റ്. ഇവിടെ തള്ളുന്ന ഓരോ ലോഡ് ജൈവമാലിന്യവും ബാക്ടീരിയ കലര്‍ന്ന 35 ശതമാനം ചകിരിച്ചോറും ചേര്‍ത്താണ് ജൈവവളമാക്കി മാറ്റുക. പ്ലാന്റില്‍ 25 ദിവസം ഇടവിട്ട് ജൈവവള ഉത്പാദനം നടക്കും. ഒരു ടണ്‍ മാലിന്യത്തില്‍നിന്നു 700 കിലോ ജൈവവളം ഉത്പാദിപ്പിക്കാന്‍ കഴിയും. ജൈവവള വിപണന ശാലയും പാര്‍ക്കില്‍ ഉണ്ടാകും.
പരിശീലനം നേടിയ ഗ്രീന്‍ ടെക്‌നീഷ്യന്‍മാരെയാണ് പാര്‍ക്കില്‍ വിവിധ ജോലികള്‍ക്ക് നിയോഗിക്കുക. കാര്‍ബണ്‍ തുലിത പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.ആര്‍.ടി.സി പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് വി.ജി. ഗോപിനാഥുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ഡി.പി.ആര്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഐ.ആര്‍.ടി.സിയുമായി ഉടമ്പടിയിലേര്‍പ്പെടും. ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യ സംസ്‌കരണവും ജൈവവള ഉത്പാദനവും ബയോഗ്യാസ് നിര്‍മാണവും ആരംഭിക്കുന്നതിനുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനു ഏതാനും മാസം മതിയാകുമെന്നാണ് ഐ.ആര്‍.ടി.സി അറിയിച്ചത്. നഗരസഭയ്ക്ക് സ്വന്തംനിലയ്ക്ക് നടത്താന്‍ കഴിയുന്നതുവരെ ഐ.ആര്‍.ടി.സിയുടെ സഹായത്തോടെയായിരിക്കും ഇക്കോ പാര്‍ക്കിന്റെ പ്രവര്‍ത്തനം. പദ്ധതി നടത്തിപ്പില്‍ ശുചിത്വമിഷന്റെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.