20 April 2024, Saturday

സംബോധനയിലെ സാദര സമീപനങ്ങൾ

കുരീപ്പുഴ ശ്രീകുമാര്‍
വര്‍ത്തമാനം
September 16, 2021 4:15 am

അങ്ങനെയൊരു കാലം ഉണ്ടായിരുന്നത്രെ. അൽപ്പമെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവർക്ക് പൊലീസിൽ പ്രവേശനം ഇല്ലാതിരുന്ന കാലം. കായംകുളം കൊച്ചുണ്ണിയേയും ഇത്തിക്കര പക്കിയെയും വെള്ളായണി പരമുവിനെയുമൊക്കെ നേരിടേണ്ടിയിരുന്ന പൊലീസുകാർക്ക് വിവരവും വിവേകവും ഉണ്ടാകാൻ പാടില്ലെന്ന് അന്നത്തെ ഭരണാധികാരികൾ തീരുമാനിച്ചു കാണും. തെറിമലയാളമായിരുന്നു പൊലീസിന്റെ ഭരണഭാഷ. ഗരുഡൻ തൂക്കവും ഉരുട്ടും കാണാക്കസേരയിലെ ഇരുത്തലും മറ്റുമായിരുന്നു പ്രയോഗഭാഷ. ഇന്നുവരെയുണ്ടായ എല്ലാ ഇടതു മുഖ്യമന്ത്രിമാരും പൊലീസിന്റെ ഈ ഭാഷയും പ്രയോഗവും അനുഭവിച്ചവരാണ്.
പൊലീസ് സേനയുടെ മുഖവാചകം കേട്ടാൽ കുബുദ്ധികൾക്കുപോലും ചിരി വരും. മൃദു ഭാവേ ദൃഢ കൃത്യേ എന്നാണത്. പെരുമാറ്റത്തിൽ സൗമ്യതയും പ്രവൃത്തിയിൽ ഉറപ്പും എന്നാണ് ആ ദേവഭാഷാ സൂക്തത്തിന്റെ ആശയം. പക്ഷേ ദേവഭാഷ ഇപ്പോൾ ദേവൻമാർക്കുപോലും അറിയാത്തതിനാൽ ഈ വാചകമടി ആരും ശ്രദ്ധിക്കാറില്ല. സർവകലാശാല അടക്കമുള്ള പ്രസ്ഥാനങ്ങളുടെ മുൻപലകയിൽ നിന്നും ഇനിയെങ്കിലും സംസ്കൃത സൂക്തങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. ഏതാനും സംസ്കൃത പണ്ഡിതന്മാർ മാത്രമല്ലല്ലോ ഈ പാമരകേരളത്തിലുള്ളത്.

പൊലീസുകാരെ ജനങ്ങൾ ഏമാൻ, ഏട്ടദ്ദേഹം, അങ്ങത്ത, അവിടുന്ന് എന്നൊക്കെയാണ് സംബോധന ചെയ്തിരുന്നത്. നാട്ടുഭാഷയിൽ ഇടിയൻ, ഈനാംപേച്ചി, ചങ്കുവരട്ടി, പൂതം എന്നൊക്കെയും വിളിച്ചിരുന്നു. അവരാകട്ടെ ജനങ്ങളെ സ്നേഹപൂർവം ഡാഷ് മോനേ/ളേന്നും വിളിച്ചിരുന്നു. സത്യന്‍ സിനിമാനടനാകുന്നതിനു മുൻപ് സബ് ഇൻസ്പെക്ടർ ആയിരുന്ന സത്യനേശൻ നാടാർ പുന്നപ്രവയലാർ സമരസഖാക്കളെ മർദ്ദിച്ചതിന് സാഹിത്യ നിരൂപകൻ കെ പി അപ്പൻ സാക്ഷ്യം പറഞ്ഞിട്ടുണ്ടല്ലോ. 

അതൊക്കെ പണ്ടുകാലം. പുതിയകാലത്ത് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരാളും നമ്മുടെ പൊലീസ് സേനയിലില്ല. ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഒക്കെയുള്ളവർ ധാരാളമായി പൊലീസ് സേനയിലുണ്ട്. സംഘടനാപ്രവർത്തനം ഉണ്ടായതോടെ സേനയിൽ സാമൂഹ്യബോധവും സുതാര്യതയും ഉണ്ടായി. അഴിമതിയും കൈക്കൂലിയും അസാധാരണമായി. പല സ്റ്റേഷനുകളിലും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ലൈബ്രറികളുണ്ടായി. ഡ്രൈവർമാർക്ക് കട്ടൻകാപ്പിയുമായി അർധരാത്രിയിൽ റോഡിൽ നിൽക്കുന്ന പൊലീസുകാരെ കാണാമെന്നായി. വനിതാപൊലീസിന്റെ സാന്നിധ്യം സ്ത്രീകൾക്ക് ആശ്വാസമായി. കവിതയും കഥയുമെഴുതുന്ന, പാട്ട് പാടുന്ന, നാടകവും സിനിമയും ഓട്ടൻ തുള്ളൽ പോലും സ്വായത്തമാക്കിയ സേനാംഗങ്ങൾ ധാരാളമുണ്ടായി.
എങ്കിലും അപൂർവം ചിലർ പഴയ ഹാങ്‌ഓവറിൽ ജനങ്ങളോട് പെരുമാറുന്നുണ്ട്. അവരെ ഉദ്ദേശിച്ചാകാം ഡിജിപിയുടെ പുതിയ ഉത്തരവ്. എടാ എടീ നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും പാടില്ലെന്നാണ് ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുള്ളത്. പത്രം, ചാനൽ, സാമൂഹമാധ്യമങ്ങൾ ഇവയിലൂടെ പോലും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യും. സംബോധന ഒരു പ്രധാന സാംസ്കാരിക മുദ്രയാണ്. പരസ്പര ബഹുമാനത്തോടെയുള്ള സംബോധനയാണ് പൊതുസമൂഹത്തിൽ ആവശ്യമായിട്ടുള്ളത്. 

ജനങ്ങളാണ് യഥാർത്ഥ ഭരണാധികാരികളെന്ന് തിരിച്ചറിഞ്ഞ പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്ത്, സർ, മേഡം അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു തുടങ്ങിയ പ്രയോഗരീതികൾ ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കിയതും അഭിനന്ദനാർഹമാണ്. പാലക്കാട്ടുനിന്നുതന്നെയുള്ള ജനപ്രതിനിധിയായ നിയമസഭാസ്പീക്കർ സഭയിലെ സർ വിളി ഒഴിവാക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുവെന്നതും അഭിനന്ദനാർഹമാണ്.
ചുമടെടുത്തവരുടെ ചരിത്രം സംസാരിക്കുന്ന കല്ലത്താണികളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ബോബൻ മാട്ടുമാന്ത മുന്നോട്ടുവച്ച ആശയമാണ് മാത്തൂർ പഞ്ചായത്തിന്റെ കണ്ണിൽ വിളക്ക് കത്തിച്ചത്. 

ഇതിനോടനുബന്ധിച്ചൊരു ശ്രദ്ധേയമായ പ്രസ്താവനയുണ്ടായത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ ഭാഗത്തുനിന്നാണ്. യുഡിഎഫ് അധികാരത്തിലുള്ള പഞ്ചായത്തുകളിലെല്ലാം ഈ ആശയം നടപ്പിലാക്കുമത്രെ, നല്ലത്.

കോണ്‍ഗ്രസുകാരിൽ സംബോധനാപരമായ തുല്യതയില്ല. അവിടെ സാറും ചേട്ടനും ഇക്കയും മാഷുമൊക്കെയാണുള്ളത്. അതേ സമയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ പരസ്പരം സഖാവേയെന്നു വിളിക്കാവുന്ന അസാധാരണ വൈകാരിക വൈദ്യുതിയുള്ള സംബോധനാരൂപമുണ്ട്. സംഘടനാപരമായ അടിമത്ത മനോഭാവമാണ് പ്രായവും സ്ഥാനവും ജാതിയും മതവും സമ്പത്തും നോക്കിയുള്ള സംബോധനകൾ. സംഘടനയിലാണ് ആദ്യം ഈ ആശയം പ്രാവർത്തികമാക്കേണ്ടത്. 

നിരപരാധിയുടെ മേൽ കുറ്റമാരോപിച്ചു മനഃപ്രയാസം വരുത്തിയ പൊലീസുകാരിയെയും പൊലീസുകാർ അംഗങ്ങളായുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ, രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ഗോഡ്സെയുടെ പ്രസംഗം പങ്കുവച്ച എഎസ്ഐയെയും നടപടിക്കു വിധേയമാക്കിയതിലൂടെ ഉന്നത പൊലീസ് അധികാരികളുടെ ശ്രദ്ധ സ്വന്തം സേനാംഗങ്ങളിലും ഉണ്ടെന്ന് തെളിഞ്ഞിരിക്കയാണല്ലോ.
എല്ലാ രംഗത്തും സാംസ്കാരികമായ പരിവർത്തനങ്ങൾ കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.