തെരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ നടപടി; വെല്ലുവിളി, പ്രതിഷേധം

Web Desk
Posted on May 16, 2019, 11:11 pm

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷനെ മുന്നില്‍ നിര്‍ത്തി ജനാധിപത്യ സംവിധാനത്തോട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വെല്ലുവിളി. മോഡിയുടെ പരിപാടിക്ക് അവസരമൊരുക്കി പ്രചാരണ കൊട്ടിക്കലാശം ഒരുദിവസം മുമ്പേ പാതിരാത്രിയില്‍ അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്തുകളി. തന്നെ തടയാനാവില്ലെന്ന പ്രധാനമന്ത്രിയുടെ വെല്ലുവിളിയും അതിന് ബലമേകിയുള്ള കമ്മിഷന്റെ ഈ അസാധാരണ നടപടിയും കനത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയുണ്ടായിരുന്ന പ്രചാരണം രാത്രി പത്തു മണിക്ക് നരേന്ദ്രമോഡിയുടെ പരിപാടി അവസാനിക്കുന്ന സമയത്തോടെ തീര്‍ക്കണമെന്ന് ഉത്തരവിട്ട കമ്മിഷന്‍ നടപടി പക്ഷപാതിത്വത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. 24 മണിക്കൂര്‍ നേരത്തേയാക്കുന്നതിന് പകരം രാത്രി പത്തുമണിവരെയെന്ന് നിശ്ചയിച്ചത് സംസ്ഥാനത്ത് മോഡിയുടെ രണ്ട് റാലികള്‍ സുഗമമായി നടത്തുന്നതിന് വേണ്ടിയും മോഡിക്ക് ശേഷം ആരും മിണ്ടരുതെന്ന കമ്മിഷന്റെ രാഷ്ട്രീയവുമാണെന്നാണ് വ്യക്തമാവുന്നത്.
ബിജെപിയുടെ പ്രചാരണം തടയാന്‍ ആരാണുള്ളതെന്നതായിരുന്നു മോഡിയുടെ വെല്ലുവിളി. എന്നുമാത്രമല്ല ബിജെപിക്കാര്‍ തകര്‍ത്തതെന്ന് ആരോപിക്കപ്പെട്ട വിദ്യാസാഗര്‍ പ്രതിമ തങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. ഇക്കാര്യങ്ങളെല്ലാം ബംഗാളില്‍ ചെന്നു പറയുന്നതിന് കമ്മിഷന്‍ അവസരമൊരുക്കിയതാണ് വിമര്‍ശനത്തിനിടയാക്കിയത്.
സംസ്ഥാനത്തെ കുറ്റാന്വേഷണ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് കുമാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതിന് പിന്നിലും പക്ഷപാതിത്വം ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അമിത്ഷായുടെ റാലിക്കിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ബിജെപി വക്താവ് തജീന്ദര്‍സിങ് ബഗ്ഗയെ രാജീവ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്തിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകന്‍ നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സ്ഥലം മാറ്റമെന്നാണ് കരുതപ്പെടുന്നത്. ബഗ്ഗയെ അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് നിരീക്ഷകന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നുവത്രെ. റിപ്പോര്‍ട്ട് ഏകപക്ഷീയമായിരുന്നുവെന്ന ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ രാജീവ് കുമാറിന്റെയോ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആത്രി ഭട്ടാചാര്യയുടെയോ സ്ഥലംമാറ്റ ഉത്തരവില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. രാജീവ് കുമാറാകട്ടെ ഉത്തരവ് പാലിക്കാന്‍ ഇന്നലെ രാത്രിവരെ തയ്യാറായിട്ടില്ല.
കമ്മിഷന്റെ പക്ഷപാതിത്വത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളാകെ രംഗത്തെത്തി. മോഡിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കത്തിനെതിരെ മമതാ ബാനര്‍ജിക്ക് പിന്തുണയുമായി ബിഎസ്പി നേതാവ് മായാവതിയും കോണ്‍ഗ്രസും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെയും മോഡിയുടെയും കളിപ്പാവയാണെന്നും സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കലാണിതെന്നും അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് രാജ്യത്തെന്നും മമത ബാനര്‍ജി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോഡിയുടെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു മായാവതിയുടെ പ്രതികരണം. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെയും മോഡിയുടെ വെല്ലുവിളിയെയും വിമര്‍ശിച്ച് രംഗത്തെത്തി.
അതിനിടെ വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. 58 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

YOU MAY LIKE THIS VIDEO