AMMAയുടെ പൊളിച്ചെഴുത്തിനായി പ്രവർത്തിക്കും: WCC

Web Desk
Posted on October 13, 2018, 8:11 pm
ഷാജി ഇടപ്പള്ളി 
കൊച്ചി : മലയാള താര  സംഘടനയായ  എഎംഎംഎയുടേത് കഴിവുകെട്ട നേതൃത്വമാണെന്നും ഇനി യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലന്നും തുറന്നെതിർത്തുകൊണ്ടു സംഘടനയുടെ പൊളിച്ചെഴുത്തിനായി പ്രവർത്തിക്കുമെന്നും വുമൺ ഇൻ സിനിമ കളക്ടീവ് (WCC) അംഗങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 15  വർഷത്തോളം മലയാള സിനിമയിൽ പ്രവർത്തിച്ച ഒരു നടി   പീഡനത്തിനിരയായിട്ടും  യാതൊരു നീതിയും എഎംഎംഎയിൽ നിന്നും ആ നടിക്ക് ലഭിച്ചില്ല, പക്ഷെ ഈ കേസിൽ   പ്രതിയായ നടനെ സംരക്ഷിക്കുന്ന നിലപാടാണെന്ന് എഎംഎംഎ  ഭാരവാഹികൾ  കൈക്കൊള്ളുന്നത്. ഈ കാലയളവിൽ  വളരെയധികം അപമാനം നേരിട്ടു, നടിക്കേറ്റ അപമാനത്തെ മോഹന്‍ലാല്‍ നിസ്സാരവത്കരിച്ചു. ഇതേവിവേചനമാണ് മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്നത്. ഇനിയും നിശബ്ദരായിരുന്നിട്ട് കാര്യമില്ല. പ്രതിഷേധം സംഘടനയോടല്ലന്നും നീതികേടിനെതിരെയാണെന്നും അംഗങ്ങളായ തങ്ങളെ  പ്രസിഡന്റ് മോഹന്‍ലാല്‍ വെറും നടിമാര്‍ എന്നുവിളിച്ച് അധിക്ഷേപിച്ചുവെന്നും  രേവതി പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന ഹീനമായ  പരമാര്‍ശമാണ് യോഗത്തിൽ  എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് നടത്തിയെതെന്ന് പാര്‍വതി പറഞ്ഞു. എഎംഎംഎയിൽ  നിന്ന് ന്യായമായ സമീപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല, ചലച്ചിത്ര മേഖലയില്‍ ഇനിയും കൂടുതല്‍ പിന്തുണ കിട്ടേണ്ടതുണ്ട്. പ്രതിസന്ധി നേരിടുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ സംഘടനയ്ക്കായില്ല. ഇത്രയും നാള്‍ സംഘടനയെ വിശ്വസിക്കുകയായിരുന്നു. ഇനിയെങ്കിലും പ്രതിഷേധിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നുന്നുവെന്നും ഭാവി പരിപാടികൾ ഉടൻ തീരുമാനിക്കുമെന്നും  ഡബ്ല്യൂസിസി അംഗങ്ങള്‍  പറഞ്ഞു. ദിലീപിന്റെ സംഘടനയിലുള്ള പ്രാതിനിധ്യം എന്താണെന്ന് വ്യക്തമാക്കണമെന്നും സംഘടനാ ഭാരവാഹികള്‍ നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും നടിമാർ ആരോപിച്ചു. പരാതി ലഭിച്ചിട്ടും ഒരു നടപടിയും സംഘടനാ നേതൃത്വം കൈക്കൊണ്ടില്ല. അതേസമയം ഇരയായ നടിയെ  വിവിധ തരത്തിൽ അപമാനിക്കാനാണ്  എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഭാരവാഹികൾ ശ്രമിച്ചത്. പിന്നെ തങ്ങളെ ചർച്ചക്ക് വിളിച്ചതിനുശേഷം  മാധ്യമങ്ങളോട് ഒന്നും പറയരുതെന്നും ആവശ്യപ്പെട്ടു. മാത്രമല്ല ചര്‍ച്ച പുരോഗമിക്കുകയാണെന്നും പറയാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. നിയമ സാഹായം തേടാമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍, അത് വെറും പാഴ്‌വാക്കായി മാറുകയായിരുന്നു.
സംഭവത്തിനുശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുശേഷം ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കും എന്ന് അറിയിച്ചിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശമെന്താണ്? ഇരയെ സംരക്ഷിക്കാന്‍ സംഘടന ശ്രമിച്ചിട്ടില്ല. പ്രതി രാജിവച്ചിട്ടില്ല, പുറത്താക്കിയിട്ടില്ല, സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.  നേതൃത്വം ഞങ്ങളോടു കള്ളം പറഞ്ഞു. എന്താണ് സംഘടനയുടെ  ഉദ്ദേശമെന്ന് പത്മപ്രിയ ചോദിച്ചു.സംഘടനയുടെ ബൈലോ ഭേദഗതി ആവശ്യമാണ്. സംഘടയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച മൂന്ന് നടിമാർ രാജിവച്ചിട്ടും, മൂന്ന് പേർ  നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട കത്ത് നൽകിയിട്ടും നടപടി ഇല്ല. അതെ സമയം കുറ്റാരോപിതനെ ജയിലിൽ നിന്നും പുറത്തുവന്നപ്പോൾ മാലയിട്ടു സ്വീകരിച്ച് സംഘടനയിൽ വാഴിക്കുന്ന  കാഴ്ചയാണ് കണ്ടതെന്നും ഇത് ഏറെ വേദനിപ്പിച്ചെന്നും ഡബ്ലൂസിസി അംഗങ്ങൾ പറഞ്ഞുയുവനടിക്കെതിരെ അതിക്രമം നടന്നപ്പോള്‍ വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്നു സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയായത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് (മീ ടു) നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നതു വിശ്വസിക്കുന്നു. എന്നാല്‍, കേരളത്തില്‍ കുറച്ചുകൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.കൂടുതൽ  വെളിപ്പെടുത്തലുകൾ ഇനിയും ഉണ്ടാകും, അവർക്ക് സംരക്ഷണം ഉണ്ടാകണമെന്നും അഞ്ജലി മേനോൻ അഭ്യർത്ഥിച്ചു. താരങ്ങൾക്ക് ഒരു സംഘടനാ മാത്രമാണുള്ളത് , അതിനാൽ  നേതൃത്വത്തിലിരിക്കുന്നവർ കൂടുതൽ നീതിയോടെ പ്രവർത്തിക്കുന്നവരാകണം, മോഹൻ ലാലും ഇടവേള ബാബുവും നേതൃത്വം നൽകുന്ന ഭരണസമിതി കഴിവുകെട്ടവരായി മാറിയിരിക്കുന്നുവെന്നും അടുത്ത തെരെഞ്ഞുടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം കൂട്ടായി ആലോചിക്കുമെന്നും നടിമാർ പറഞ്ഞു.
ആറു  ദിവസം അർദ്ധരാത്രിയിൽ  17 വയസുള്ള പെണ്‍കുട്ടി  രക്ഷതേടി തന്നെ സമീപിച്ചെന്നും രേവതി പറഞ്ഞു. ഇനി ഇത്തരം അവസ്ഥ ആര്‍ക്കും ഉണ്ടാവരുത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനും സംവിധാനം വേണമെന്ന് രേവതി  പറഞ്ഞു, കൂടാതെ  മീ ടൂ വെളിപ്പെടുത്തലുമായി ഒരു അഭിനേത്രിയും രംഗത്തുവന്നു. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തി ല്‍ വെച്ച് ലൈഗികാതിക്രമം നേരിടേണ്ടി വന്നു. ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സാങ്കേതിക പ്രവര്‍ത്തകനായി ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെയാണ് നടി അര്‍ച്ചന പത്മിനി പരാതി നല്‍കിയത്. തനിക്ക് ഇപ്പോള്‍ ജോലിയില്ലെന്നും എന്നാല്‍, ഷെറിന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും അര്‍ച്ചന പറഞ്ഞു. നടനും ജനപ്രതിനിധിയുമായ  മുകേഷിനെതിരെ മി ടു  ആരോപണം ഉയർന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സംഘടനയും സർക്കാരും എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്നും ഈ നടനെതീരെ നടപടി വേണമെന്നും റിമ കല്ലിങ്കൽ ആവശ്യപ്പെട്ടു. എഎംഎംഎ യോടുള്ള പ്രതിഷേധ സൂചകമായി  കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് നടിമാർ വാർത്ത സമ്മേളനത്തിൽ എത്തിയത്. പദ്മപ്രിയ, രേവതി, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, അഞ്ജലി മേനോൻ, ദീദി  ദാമോദർ, സജിത മഠത്തിൽ, ബീന പോൾ എന്നിവരാണ് ഡബ്ലൂസിസി നിലപാട് വ്യക്തമാക്കാൻ എത്തിച്ചേർന്നത്.
ഫോട്ടോ: വി എന്‍ കൃഷ്ണപ്രകാശ്