ഇപ്പോൾ ചൈനയ്ക്ക് ശേഷം ഏറ്റവും അധികം കൊറോണ ബാധിതരുള്ള രാജ്യം ഞങ്ങളുടെ കുഞ്ഞു സിംഗപ്പൂർ ആണ്. വിദേശ വിനോദ സഞ്ചാരികളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന ഞങ്ങൾക്ക് ഈ സഞ്ചാരികളിൽ നിന്ന് ദൗർഭാഗ്യവശാൽ ലഭിച്ചതാണ് കൊറോണ എന്ന വമ്പൻ വൈറസ്. പക്ഷെ ഞങ്ങൾക്ക് കിട്ടിയതു വച്ച് വെറുതെയിരിക്കാനാവുമോ!! പൊരുതി ജയിക്കുക മാത്രമേയുള്ളൂ മാർഗം. വർഷങ്ങൾക്ക് മുൻപ് സാർസിനെ അതി ജീവിച്ച രാജ്യം ആണെങ്കിലും ആ സമയത്തെ ഓർമകൾ സാധാരണക്കാരിൽ ഉണ്ടാക്കിയിരിക്കുന്ന ഭീതി വളരെയധികമാണ്. അതേസമയം ആരോഗ്യമേഖലയ്ക്ക് ആ കാലം പകർച്ചവ്യാധിക്കെതിരെ മുൻകരുതലുകലെടുക്കുവാനുള്ള പാഠം കൂടിയായിരുന്നു. അന്ന് പഠിച്ച ആ പാഠങ്ങളാണ് ഇന്ന് ഞങ്ങൾക്ക് പൊരുതാനുള്ള ആയുധങ്ങൾ..
ഓരോ വ്യക്തികളും അവരവരുടെ നിലയിൽ പകർച്ചവ്യാധിയ്ക്കെതിരെ പൊരുതിക്കൊണ്ടിരിക്കുമ്പോൾ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് ആരോഗ്യമേഖലയിലെ ഞാൻ ഉൾപ്പെടുന്ന നഴ്സുമാരെ കുറിച്ചാണ്. ഉണരുമ്പോൾ മുതൽ ഉറങ്ങുമ്പോൾ വരെയുള്ള ആയാസങ്ങൾ.. ചിലപ്പോൾ ഉറക്കമുണർത്തുന്ന മെസേജുകളും ഫോൺ വിളികളും. ഞങ്ങൾ നിലനില്പിനായുള്ള പോരാട്ടത്തിലാണ്. വൈറസിനോടും സമൂഹത്തോടും പിന്നെ ഞങ്ങളോട് തന്നെയും ഒരു പോരാട്ടത്തിലാണ്.
രാവിലെ ഭക്ഷണം കഴിക്കാൻ മടിക്കുന്ന മക്കൾക്ക് രോഗപ്രതിരോധ ശക്തിയെപറ്റി ലക്ച്ചർ എടുത്ത് കൊണ്ട് തുടങ്ങുന്നു ഒരു ദിവസം. യൂണിഫോമിൽ ഡ്യൂട്ടിക്ക് പോകും വഴി കാണുന്ന ചിലർ പേടിയോടും ചിലർ പുച്ഛത്തോടും അകന്നു മാറുമ്പോഴും മുഖത്തു പുഞ്ചിരി സൂക്ഷിക്കാൻ കഴിയുന്നത് അല്പം പ്രയാസം തന്നെയാണ്.
പനിയുണ്ടോ എന്ന് ചെക്ക് ചെയ്ത് വേണം ജോലിയ്ക്ക് കയറാൻ. . ആർക്കും ഒരു ജലദോഷം പോലും വരല്ലേ എന്ന പ്രാർത്ഥനയാണ് എന്നും. ആരെങ്കിലും ലീവെടുത്താൽ ആ ഷിഫ്റ്റ് കവർ ചെയ്യാൻ വേറെ ആളെ കിട്ടുകയില്ല. ജോലിക്ക് കയറിയാൽ യൂണിഫോമിന് മുകളിലൂടെ ശരീരം മുഴുവൻ മറയ്ക്കുന്ന ഏപ്രണും കെട്ടി മാസ്കും ഗോഗിൾസും വച്ചു എയർകണ്ടീഷൻ റൂമിലും വിയർത്തൊഴുകുമ്പോൾ ഇതൊരു പോരാട്ടമാണെന്ന ഓർമയാണ് എല്ലാം വലിച്ചൂരി എറിഞ്ഞിട്ട് പോകാതിരിക്കാൻ നിർബന്ധിക്കുന്നത്. (കുറച്ചു നാൾ ഐസിയുവിൽ ജോലിചെയ്തത് കൊണ്ട് ഐസിയുവിലും ഐസൊലേഷൻ വാർഡിലും ജോലിചെയ്യുന്ന കൂട്ടുകാരോട് ഇപ്പോൾ ബഹുമാനം കുറച്ചുകൂടി കൂടിയിട്ടുണ്ട്).
പല സ്ഥലങ്ങളിലും നഴ്സ്മാർക്ക് എട്ട് മണിക്കൂറിലും അധികം ജോലി ചെയ്യേണ്ടി വരുന്നു എന്നത് മാത്രമല്ല, ലീവുകളെല്ലാം മരവിപ്പിക്കപ്പെട്ടിരിക്കുന്നു. ലീവില്ലാത്തതുകൊണ്ട് വിവാഹംവരെ മാറ്റിവയ്ക്കേണ്ടിവന്ന സുഹൃത്തുക്കൾ ഉള്ളപ്പോൾ ഞാനൊക്കെ ലീവില്ലായ്മയെ പറ്റി എന്ത് പരാതി പറയാനാണ്. മണിക്കൂറുകൾ എൻ95 മാസ്ക് കെട്ടി മുഖത്തെ തൊലി പോയ കൂട്ടുകാരുള്ളപ്പോൾ സർജിക്കൽ മാസ്ക് ധരിയ്ക്കുന്ന ഞാൻ എന്ത് പരാതി പറയാനാണ്. . ആസ്തമയും ശ്വാസംമുട്ടലും ഉള്ളവർ എൻ95 മാസ്ക് വച്ച് വലിച്ചു ശ്വാസം എടുക്കുമ്പോൾ നന്നായി ശ്വസിക്കാനാവുന്ന ഞാൻ എന്ത് ഒഴിവു പറയാനാണ്.
പിഎപിആർ ദേഹത്തുകെട്ടിവച്ചു ഒരു ഷിഫ്റ്റ് മുഴുവൻ ജോലിചെയ്യുന്ന സഹപ്രവർത്തകരുള്ളപ്പോൾ എനിക്ക് ഫേസ് ഷീൽഡ് മാത്രം മതിയല്ലോ എന്ന് ആശ്വസിക്കുകയല്ലേ വേണ്ടത്.
കടയിൽ ചെന്നപ്പോൾ കുഞ്ഞിനുള്ള പാൽപൊടി കിട്ടിയില്ല, ഒരു കടയിലും സ്റ്റോക്കില്ല എന്ന് പരിഭവം പറയുന്ന കൂട്ടുകാരിയ്ക്ക് മുൻപിൽ തക്കാളി കിട്ടാത്തത് കൊണ്ട് തക്കാളി സോസ് ചേർത്ത് കറി വെച്ച ഞാനെന്ത് സങ്കടം പറയാനാണ്. .
ഇതെല്ലാം കഴിഞ്ഞു ക്ഷീണിച്ചവശരായി വീട്ടിൽപോകുന്ന നഴ്സ് യൂണിഫോമിൽ ആണെങ്കിൽ ബസിലോ എംആർടിയിലോ കയറിയാൽ ഒരു മീറ്ററെങ്കിലും അകലം വിട്ടിട്ടേ മറ്റ് യാത്രക്കാർ നിൽക്കൂ. ഒരു സീറ്റിലെങ്ങാനും ഒന്നിരിക്കാൻ ശ്രമിച്ചാൽ അവളുടെ കുഴിയിൽ കിടക്കുന്ന അപ്പൂപ്പനെ വരെ സ്മരിക്കുന്ന ആളുകളും ഉണ്ട്. ഇനി അബദ്ധത്തിൽ എങ്ങാനും ഒന്ന് ചുമച്ചു പോയാൽ അടുത്ത സ്റ്റോപ്പിൽ ബസും എംആർടിയും കാലിയാക്കപ്പെട്ടേക്കാം. എന്തുകൊണ്ടെന്നാൽ ഇപ്പോൾ നഴ്സ് സമൂഹത്തിന്റെ കണ്ണിൽ വൈറസിനേക്കാൾ അപകടകാരിയാണ്.
മറ്റുള്ളവരുടെ കൂടെ ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ ഇറങ്ങി പോകാൻ നഴ്സിനെ നിർബന്ധിക്കുന്ന ന്യൂനപക്ഷ സമൂഹത്തോടും കൂടിയാണ് ഈ പോരാട്ടം.
നിങ്ങൾ വാലന്റൈയിൻസ് ഡേ ആശംസകളും രാഷ്ട്രീയ മതവാദങ്ങളും ഷെയർ ചെയ്യുമ്പോൾ ഞങ്ങൾക്ക് അത് ആസ്വദിക്കുവാൻ കഴിയുന്നില്ല.. . എന്തെന്നാൽ ഞങ്ങൾ വലിയൊരു പോരാട്ടത്തിലാണ്…
ശക്തമായ ഗവൺമെന്റും മികച്ച മെഡിക്കൽ സംവിധാനങ്ങളും കട്ടയ്ക്ക് സപ്പോർട്ടുള്ളപ്പോൾ ഞങ്ങൾ എങ്ങനെ തോൽക്കാൻ ആണ്… ജയിക്കുക തന്നെ ചെയ്യും. . ഒരാളുടെ പോലും ജീവൻ നൽകാതെ തന്നെ…
സിസ്സി സ്റ്റീഫൻ
ലേഖിക സിങ്കപ്പൂരിൽ സ്റ്റാഫ് നഴ്സ് ആണ്
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.