പി കെ പാറക്കടവ്
ഒടുവിൽ ഫ്യൂറർ ബങ്കർ എന്ന ഒളിത്താവളത്തിലിരുന്ന് അഡോൾഫ്ഹിറ്റ്ലർ സയനൈഡ് ഗുളിക കയ്യിലെടുത്ത് ജീവിത പങ്കാളി ഇവാ ബ്രോണിനോട് ചോദിക്കുന്നു. “ഇത് സൈനൈഡ് തന്നെയാണോ? ഇത് കഴിച്ചാൽ മരിക്കുമോ? “ആരെയും ആരെയും വിശ്വാസമുണ്ടായിരുന്നില്ല ഹിറ്റ്ലർക്ക്. വിഴുങ്ങിയ സൈനേഡ് ഗുളികയെപ്പോലും. അതു കൊണ്ടാണ് അതിനു ശേഷം സ്വയം തോക്കിൽ നിന്ന് തലയ്ക്ക് വെടിയുതിർത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതി — പിന്നീട് ഇടത് വശത്ത് ദ്വാരമുള്ള വെറുമൊരു തലയോട്ടി ‑ഓ! ഏറ്റവും വലിയ രാജ്യസ്നേഹിയായിരുന്നല്ലോ ഹിറ്റ്ലർ! ജർമ്മനിയെ അത്രമേൽ സ്നേഹിച്ചിരുന്നു. ജർമ്മനോ ജർമ്മൻ ബന്ധമുള്ള രക്തത്തിൽ പിറന്ന വരെയോ മാത്രമേ പൗരന്മാരായി അംഗീകരിച്ചിരുന്നുള്ളൂ.
പൗരത്വ രജിസ്ടിൽ നിന്ന് ജൂതന്മാർ പുറത്തായിരുന്നു. ആൾക്കൂട്ടക്കൊലകൾ — ജൂതന്മാരെ കൊന്നൊടുക്കിയ ഗ്യാസ് ചേമ്പറിന് “കുളിപ്പുര” എന്നായിരുന്നു പേരിട്ടിരുന്നത്. ഓ! ഏറ്റവും വലിയ ദേശീയ വാദിയായിരുന്നു. വംശീയ ന്യൂനപക്ഷങ്ങളും ദേശീയ ന്യൂനപക്ഷങ്ങളും രാജ്യത്തെ തകർക്കുന്നവരാണെന്ന് പ്രചരിപ്പിച്ചു. മാർക്സിസം പ്ലേഗ് എന്ന മഹാരോഗത്തേക്കാൾ മാരകമാണെന്ന് വിശ്വസിച്ചു. നിരന്തരമായ പ്രചരണം കൊണ്ട് ഒരു ഭ്രാന്തൻ ജനതയെ സൃഷ്ടിച്ചു. ജർമ്മനിയിൽ നല്ല ദിവസങ്ങൾ വന്നു എന്നായിരുന്നു ഹിറ്റ്ലർ പറഞ്ഞിരുന്നത്. “അച്ചാദിൻ ആഗയാ എന്ന് പറയാൻ ഹിറ്റ്ലർക്ക് ഹിന്ദി അറിയില്ലായിരുന്നു. ജർമ്മൻ ഭാഷയിൽ “ടു ട്ടേ ടാഗേ കൊമ്മേൻ” ( നല്ല ദിവസങ്ങൾ വന്നു ) എന്ന് ആ ഏകാധിപതി വിളിച്ചു പറഞ്ഞു. ആളുകളെ ഇളക്കി വിടുന്ന പ്രസംഗങ്ങൾ — ഗീബൽസിന്റെ നേതൃത്വത്തിലുള്ള പ്രചരണ തന്ത്രങ്ങൾ — ഭൂരിപക്ഷത്തോടെയുള്ള അധികാരാരോഹണം — വംശഹത്യകൾ — പൗരത്വ രജിസ്റ്റർ — എന്നിട്ടെന്തുണ്ടായി? ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ നാളെയുടെ നാണക്കേടായി, ഇടത് വശത്ത് ദ്വാരമുള്ള വെറുമൊരു തലയോട്ടിയായി മാറി ആ ഏകാധിപതി. ഇനിയൊരു ഹിറ്റ്ലർ നമുക്ക് വേണ്ട. പറയൂ.. ഇനിയൊരു ഹിറ്റ്ലർ നമുക്ക് വേണ്ട.. ഇനി ഒരു ഹിറ്റ്ലർ നമുക്ക് വേണ്ട.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.