June 29, 2022 Wednesday

മതേതര ഇന്ത്യയ്ക്കുവേണ്ടി നമുക്ക് അതിജീവിച്ചേ മതിയാകൂ

By Janayugom Webdesk
December 10, 2019

കഴിഞ്ഞ കുറേ വർഷങ്ങളായി, പറഞ്ഞുകൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമം (സിറ്റിസൺ അമന്റ്മെന്റ് ബിൽ — സിഎബി) വീണ്ടുമൊരു രാത്രിയിൽ ലോക്‌സഭ പാസാക്കിയിരിക്കുന്നു. ഇന്ന് രാജ്യസഭ കടക്കുന്നതോടെ നിയമം പ്രാബല്യത്തിലാവും. അയൽ രാജ്യങ്ങളില്‍ നിന്നുള്ള മുസ്​ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക്​ ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ് ഭേദഗതി നിയമം. നിയമവിരുദ്ധമായി പാകിസ്ഥാന്‍, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന്​ ഇന്ത്യയിലേക്ക്​ കുടിയേറിയ ഹിന്ദു, ജൈന, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കാമെന്നാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. രേഖകളില്ലെങ്കിലും ഇവരെ ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കും.

ആറു വര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ്​ പൗരത്വം നല്‍കുക. 1955 ലെ പൗരത്വ നിയമത്തിൽ വരുത്തിയിരിക്കുന്ന ഭേദഗതിയാണ് ലോക്‌സഭ കടന്നിരിക്കുന്നത്. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്നതായിരുന്നു പ്രസ്തുത നിയമം. ബിജെപി അധികാരത്തിലേറിയ ശേഷം സ്വീകരിച്ച പല നടപടികളും മതേതര — ഭരണഘടനാ കാഴ്ചപ്പാടുകളെ നിരാകരിക്കുന്നവയായിരുന്നു. എന്നാൽ ഇന്ത്യൻ മതേതര സങ്കല്പത്തെയും ഭരണഘടനാ തത്വങ്ങളെയും ഇത്രയ്ക്ക് പച്ചയായി ലംഘിക്കുന്നൊരു നിയമനിർമ്മാണം ഉണ്ടായിട്ടില്ല. ഭരണഘടനയുടെ പതിനാലാം അനുച്ഛേദം അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തികൾക്കെല്ലാം തുല്യപദവിയും വിശ്വാസ സ്വാതന്ത്ര്യവും അനുവദിക്കുമെന്ന അടിസ്ഥാന തത്വം കുറിച്ചിട്ടിട്ടുണ്ട്.

പ്രസ്തുത തത്വമാണ് ഈ ഭേദഗതിയിലൂടെ ചവറ്റുകുട്ടയിലാകുന്നത്. മറ്റ് അനുച്ഛേദങ്ങൾ പൗരന്മാർ എന്ന പൊതു നിർവചനം നൽകിയപ്പോൾ പതിനാലാം അനുച്ഛേദം വ്യക്തികൾ എന്ന വിവക്ഷ നൽകിയത് വിഭജനത്തിന്റെ വേദന നിറഞ്ഞ അനുഭവങ്ങൾ മനസിലുള്ളവരായിരുന്നു ഭരണഘടന തയ്യാറാക്കിയത് എന്നതുകൊണ്ടുകൂടിയാണ്. കൂടാതെ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ഈ നിയമനിർമ്മാണത്തോടെ ചോദ്യം ചെയ്യപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം രണ്ടായി മാറിയതിന് ശേഷമുള്ള ഇന്ത്യയെന്ന പ്രവിശാല രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും തുല്യതയാണ് സ്വാതന്ത്ര്യസമരത്തിന്റെ പ്രയോക്താക്കൾ സ്വപ്നം കണ്ടത്. അതാണ് സ്വാതന്ത്ര്യാനന്തരം വന്ന എല്ലാ ഭരണാധികാരികളും പിന്തുടരാൻ ശ്രമിച്ചതും. അവിടെയാണ് ഒരു പ്രത്യേക മതവിഭാഗങ്ങളിൽപ്പെട്ടവരെ മാത്രം പുറത്താക്കുന്നതിന് വഴിയൊരുക്കുന്ന നിയമഭേദഗതിക്ക് കേന്ദ്രം സന്നദ്ധമായിരിക്കുന്നത്.

പരമോന്നതകോടതിയുടെ ഉത്തരവിനെ തുടർന്ന് അസമിൽ ആരംഭിച്ച പൗരത്വ രജിസ്റ്റർ തയ്യാറാക്കൽ പ്രക്രിയ പൂർത്തിയായത് ഈ വർഷമായിരുന്നു. ഓഗസ്റ്റ് 31 ന് അന്തിമ പട്ടിക തയ്യാറായപ്പോൾ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായത് 19 ലക്ഷത്തിലധികം പേർ. ജനിച്ചുവളർന്നവർ പോലും സ്വന്തം നാട്ടിൽ അന്യരായി ജീവിക്കുന്നതിന്റെയും തടങ്കലിൽ കഴിയേണ്ടിവരുന്നതിന്റെയും അവിടെ ദുരിത ജീവിതം നയിക്കേണ്ടി വരുന്നതിന്റെയും വാർത്തകൾ ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. പത്തുവർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് പ്രക്രിയയെന്നതിനാൽ പട്ടികയ്ക്ക് പുറത്തായവരിൽ എല്ലാ മതവിഭാഗത്തിലുള്ളവരുമുണ്ടായിരുന്നു. പ്രത്യേകിച്ച് ബിജെപി ആർക്കുവേണ്ടിയാണോ നിലകൊള്ളുന്നത് ആ ഹിന്ദു സമുദായത്തിൽപ്പെട്ടവരുമുൾപ്പെട്ടു.

അതുകൊണ്ടുതന്നെ അസമിൽ പ്രഖ്യാപിച്ചത് എൻആർസിയുടെ അന്തിമ പട്ടികയായിരുന്നുവെങ്കിലും പുനഃപരിശോധനയ്ക്കുള്ള അവസരം ബിജെപി സർക്കാർ പ്രഖ്യാപിച്ചു. അത്തരമൊരു സാഹചര്യം മുന്നിൽ കണ്ടാണ് പുറത്താകുന്നതിൽ മുസ്ലിം സമുദായത്തിൽപ്പെട്ടവർ ഉൾപ്പെടണമെന്ന വാശിയോടെ ദേശീയതലത്തിലുള്ള നിയമഭേദഗതിക്ക് ബിജെപി സർക്കാർ തുനിഞ്ഞിരിക്കുന്നത്. മതത്തിന്റെയും വർണ്ണത്തിന്റെയും പേരിലുള്ള വിവേചനം ഭരണമുദ്രയാക്കിയ രാജ്യചരിത്രങ്ങളുടെ തനിയാവർത്തനത്തിനാണ് മോഡിയും അമിത്ഷായും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മതമഹത്വത്തിന്റെയും വർണ മഹിമയുടെയും പേരിൽ വിവേചനവും ഭരണനടപടികളുമുണ്ടായ ജർമ്മനിയിൽ ഹിറ്റ്ലറുടെയും ഇറ്റലിയിൽ മുസ്സോളിനിയുടെയും വംശപാരമ്പര്യമാണ് ഇരുവരും പിന്തുടരുന്നത്.

സമകാലിക ലോക ചരിത്രത്തിൽ വംശമഹിമ ഉയർത്തി ഭരണ നടപടികളെ നയിക്കുകയും ഇതര വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന ഇസ്രയേലിന്റെ പര്യായമായി മാറാനാണ് ഇന്ത്യയിലെ ഭരണാധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും ഭരണാധികാരികൾക്കും പിന്നീട് ആ രാജ്യങ്ങൾക്കും എന്താണ് സംഭവിച്ചതെന്നത് ചരിത്രത്തിന്റെ അവശേഷിപ്പായുണ്ട്. ലക്ഷക്കണക്കിന് പേര്‍ കൊലചെയ്യപ്പെട്ട കോൺസൻട്രേഷൻ ക്യാമ്പുകളാണ് ആ ഭരണത്തിന്റെ ഏറ്റവും വലിയ സ്മാരകങ്ങളായി ഇപ്പോഴുള്ളത്. അതുപോലെ തന്നെ ചരിത്രത്തിലെ വലിയ കോൺസൺട്രേഷൻ ക്യാമ്പുകൾ പണിയാനുള്ള നിയമങ്ങൾക്കാണ് മോഡി — അമിത്ഷാ പ്രഭൃതികൾ അവസരമൊരുക്കുന്നത്. ഇത്തരമൊരു ശ്രമം നടക്കുന്നത് മതേതരത്വത്തിന്റെ അടിത്തറയിലും ഭരണഘടനയുടെ ചട്ടക്കൂടിലും പരസ്പര വിശ്വാസത്തിന്റെ പ്രവിശാലതയിലും പണിതൊരു രാജ്യത്താണെന്നത് വൈരുദ്ധ്യമാണ്. അതുകൊണ്ടുതന്നെ നമുക്കിതിനെ അതിജീവിക്കുക തന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.