24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 7, 2025
March 30, 2025
March 25, 2025
March 24, 2025
March 24, 2025
March 13, 2025
March 11, 2025
March 4, 2025
March 1, 2025

വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 1, 2025 10:59 pm

സമൂഹത്തിൽ വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള വനിതാ കമ്മിഷന്റെ അന്താരാഷ്ട്ര വനിതാ ദിനാചാരണം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ 18,900 കേസുകളാണ് 2023 ൽ രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞവർഷം ഇത് 17,000 ആയി കുറഞ്ഞു. സ്ത്രീധന പീഡന കേസുകളിലും ഗാർഹിക പീഡന കേസുകളിലും കുറവ് വന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നതിനായി വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. 

രാജ്യത്ത് ആദ്യമായി ജെൻഡർ ബജറ്റിങ് നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഇതിനെ ഐക്യരാഷ്ട്രസഭ കഴിഞ്ഞവർഷം അഭിനന്ദിച്ചിരുന്നു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങളിൽ 36 ശതമാനത്തോളം സ്ത്രീകളുടേതാണ്. സ്ത്രീകളുടെ സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ സഹായകമാകുന്ന വിധത്തിൽ വനിതാ വികസന കോർപറേഷൻ വഴി കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒന്നര ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കി. വനിതകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലുകൾക്ക് പ്രാപ്തമാക്കാൻ ഡിജിറ്റൽ പാഠശാല പദ്ധതിയും നൈപുണ്യ വർധനവ് ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികളും നടപ്പാക്കി. ആനുകാലിക തൊഴില്‍ ശക്തി സർവേ പ്രകാരം തൊഴിലെടുക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ 16 ശതമാനം വർധനവാണ് കഴിഞ്ഞ മൂന്നു വർഷത്തിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കേരളത്തിലെ ആകെ തൊഴിൽ ശക്തിയുടെ 37 ശതമാനവും സ്ത്രീകളാണ്. 

പൊതുയിടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് ഭയരഹിതമായി നിലകൊള്ളാമെന്ന അവസ്ഥ ഉറപ്പുവരുത്തുന്നതിന് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങിൽ കേരള വനിതാ കമ്മിഷന്റെ സ്ത്രീ ശക്തി, ജാഗ്രതാ സമിതി പുരസ്കാരങ്ങൾ മുഖ്യമന്ത്രി സമ്മാനിച്ചു. കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അധ്യക്ഷയായി. മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യുട്ടി മേയർ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, കേരള വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, സ്ത്രീ ശക്തി, ജാഗ്രതാ സമിതി പുരസ്കാര ജേതാക്കളായ കെ ഓമനക്കുട്ടി ടീച്ചർ, സോഫിയ ബീവി, ലക്ഷ്മി ഊഞ്ഞാംപാറക്കുടി, ധനുജകുമാരി, എസ് സുഹദ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.