23 April 2024, Tuesday

Related news

April 19, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024

സ്വാതന്ത്ര്യ — സമത്വബോധത്തില്‍ നിന്ന് പിന്നോട്ട് പോകുന്നുണ്ടോയെന്ന് ചിന്തിക്കണം: മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
September 28, 2022 11:43 pm

നവോത്ഥാന മുന്നേറ്റത്തിലൂടെ ആര്‍ജിച്ചെടുത്ത സ്വാതന്ത്ര്യ — സമത്വ ബോധത്തില്‍ നിന്ന് നാം പിന്നോട്ട് പോകുന്നുണ്ടോയെന്ന് വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണിയാപുരം രാമചന്ദ്രന്‍ നഗറില്‍ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തില്‍ കേരളം മുന്നിലാണെന്നത് അഭിമാനകരമായ വസ്തുതയാണ്. ആരോഗ്യ — തൊഴില്‍ മേഖലയിലും കേരളത്തിന്റെ സാന്നിധ്യം ഏറെ മുന്നിലാണ്.
മുന്നേറ്റ പ്രവര്‍ത്തനങ്ങളുടെ അടിത്തറയായി നിലകൊള്ളുന്നത് കേരളത്തിന്റെ നവോത്ഥാനകാല പ്രവര്‍ത്തനങ്ങളും ആ കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളും ബോധങ്ങളും ബോധ്യങ്ങളുമാണ്. ഒട്ടനേകം സമരങ്ങള്‍ നവോത്ഥാനകാല പോരാട്ടത്തിന്റെ ഭാഗമായി കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനോട് കൂട്ടിവായിക്കേണ്ടത് നങ്ങേലിയുടെ കഥയാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. നങ്ങേലിയുടെ കഥ നാടോടിക്കഥയാണെന്ന് പറയുന്നവരാണ് ഏറെയും. ഇതിന് കാരണം സ്ത്രീകള്‍ ചരിത്രത്തിന്റെ രചനയില്‍ നിന്ന് പിന്തള്ളപ്പെടുന്നതാണ്. ചരിത്രത്തില്‍ ഇതിനൊരു പുനര്‍വായന ഉണ്ടായത് പിന്നീട് സംഘടനാ മുന്നേറ്റങ്ങള്‍ ഉണ്ടായപ്പോഴാണ്. പോരാട്ടങ്ങളില്‍ സ്ത്രീ സാന്നിധ്യം കുറഞ്ഞതിന്റെ കാരണം സ്ത്രീകള്‍ അതിലില്ലാതിരുന്നത് കൊണ്ടല്ല, മറിച്ച് ചരിത്രം സ്ത്രീകളെ മാറ്റി നിര്‍ത്തിയതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ മേഖലയില്‍ വരുത്തിയ സംവരണവും കുടുംബശ്രീ മുഖേനയുള്ള പ്രവര്‍ത്തനങ്ങളും സ്ത്രീകളില്‍ വലിയ മാറ്റം ഉണ്ടാക്കി. കാലം ആവശ്യപ്പെടുന്ന രീതിയിലുള്ള ഇടപെടലുകള്‍ നടത്തി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മൃഗ സംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. കേരള മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍ ലതാദേവി മുഖ്യപ്രഭാഷണം നടത്തി. മഹിളാ സംഘം ജില്ലാ പ്രസിഡന്റ് രാഖി രവികുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ബി ശോഭന നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പങ്കെടുത്തു. പരിപാടിയില്‍ സൂസന്‍ രാജന്‍, ഭാര്‍ഗവി തങ്കപ്പന്‍, ആര്‍ ഉഷ, ബി ഇന്ദിരാ, ശുഭ വയനാട്, സൗമ്യ സുകുമാരന്‍, ഐശ്വര്യ, ലതാ വിജയന്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ജയചന്ദ്രന്‍ കടമ്പനാടും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ അരങ്ങേറി.

Eng­lish Sum­ma­ry: We should think about whether we are retreat­ing from the sense of free­dom-equal­i­ty: Min­is­ter Veena George

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.