പ്രളയത്തെ ഒറ്റക്കെട്ടായി നേരിടും: മുഖ്യമന്ത്രി

Web Desk
Posted on August 10, 2019, 1:25 pm

തിരുവനന്തപുരം: കഴിഞ്ഞ പ്രളയത്തെ നാം അതിജീവിച്ചതുപോലെ ഇത്തവണയും ഒറ്റക്കെട്ടായി നേരിടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പങ്കെടുത്തു.
എട്ടു ജില്ലകളിലായി രണ്ടു ദിവസത്തിനകം എണ്‍പതോളം ഉരുള്‍പൊട്ടലുകളാണുണ്ടായത്. അതില്‍ മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനം കോളനിയിലും വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും ഉണ്ടായത് എല്ലാറ്റിലും വലിയ അപകടങ്ങളാണ്.ജോലിക്കിടെ മരണപ്പെട്ട കെഎസ്ഇബി എന്‍ജിനീയര്‍ ബൈജുവിന് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും യോഗം അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ വാണിയമ്പുഴ മുണ്ടേലി ഭാഗത്ത് ഇരുന്നൂറോളം കുടുംബങ്ങളും ഏതാനും ഫോറസ്റ്റ് ജീവനക്കാരും കുടുങ്ങിപ്പോയിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും ശ്രമിക്കുകയാണ്. പുഴയിലെ ഒഴുക്ക് ശക്തമായതിനാല്‍ അങ്ങോട്ട് ചെന്നെത്താനാകുന്നില്ല എന്ന പ്രശ്‌നമുണ്ട്.

രക്ഷാ പ്രവര്‍ത്തനത്തിന് പോലീസും ഫയര്‍ഫോഴ്‌സും കേന്ദ്ര സേനയും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി. മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ പ്രളയകാലത്തെ പോലെ രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. യുവാക്കളും തൊഴിലാളികളും മറ്റെല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നുവെന്നതും ഏതു പ്രതിസന്ധിയെയും മറികടക്കുന്നതിനുള്ള ആത്മവിശ്വാസം നല്‍കുന്നുണ്ട്. കവളപ്പാറയില്‍ മൂന്നു മൃതദേഹങ്ങള്‍ ഇതുവരെ കിട്ടിയിട്ടുണ്ട്. രാവിലെ തെരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. എല്ലാ സജ്ജീകരണങ്ങളോടയും മണ്ണ് നീക്കി തെരച്ചില്‍ തുടരുകയാണ്.
മേപ്പാടി പത്തുമലയില്‍ എട്ട് മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ 40 പേരുള്ള ടീം അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. എന്‍ഡിആര്‍എഫ്, ആര്‍മി സംഘങ്ങള്‍ ഉടനെ രക്ഷാപ്രവര്‍ത്തനത്തിനെത്തും. ഒരു പ്രദേശം മുഴുവന്‍ മണ്ണിലും പാറകള്‍ക്കും അടിയിലാണ്. പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിപ്പോയ മുന്നൂറോളം പേരെ സുരക്ഷിതകേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇനി കുറച്ചുപേര്‍ കൂടിയുണ്ട്. അവരെ ഉടനെ മാറ്റും.

വയനാട് ജില്ലയില്‍ മഴയുടെ തീവ്രത അല്‍പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ന് ഉച്ചയ്ക്കുശേഷം മഴ വീണ്ടും കനക്കുമെന്നാണ് പ്രവചനം. വയനാട് ജില്ലയില്‍ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വയനാട്ടില്‍ 186 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഈ മഴവെള്ളം കരമാന്‍ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാല്‍ ഇന്ന് രാവിലെ എട്ടു മണി മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ഉച്ച കഴിഞ്ഞ് 3.00 മണി മുതല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുടര്‍ന്ന് ജലം മിതമായ തോതില്‍ പുറത്തേക്ക് ഒഴുക്കും. ഇതുമൂലം കരമാന്‍ തോടിലെ ജലനിരപ്പ് ഉയരും. ഇരു കരകളിലുമുള്ള ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്ന് മിക്കവാറും പേരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ മഴ അല്‍പം ശമിച്ചിട്ടുണ്ട്. എന്നാല്‍, പത്തനംതിട്ട ജില്ലയില്‍ ശക്തമായി മഴ പെയ്യുകയാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് തിരുവല്ലയില്‍ 15 ക്യാമ്പുകള്‍ ആരംഭിച്ചു. കോഴഞ്ചേരിയില്‍ അപകട സാധ്യതാമേഖലകളില്‍നിന്ന് ഒഴിപ്പിക്കല്‍ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുഴുകിനില്‍ക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും കഴിയണം. ഇക്കാര്യത്തില്‍ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്യും.15.6 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായിട്ടുണ്ട്. ചാലിയാറില്‍ വെള്ളം ഉയര്‍ന്നതിനാല്‍ തടസ്സപ്പെട്ട വടക്കന്‍ ജില്ലകളിലെ വൈദ്യുതി വിതരണം പൊലീസിന്റെ സഹായത്തോടെ ഇന്ന് പുനഃസ്ഥാപിക്കും. വൈദ്യുതി ബോര്‍ഡിന്റെ ഒമ്പത് സബ് സ്റ്റേഷനുകള്‍ അടച്ചിടേണ്ടിവന്നു. നാല് ചെറിയ പവര്‍ഹൗസുകളും തകരാറിലായിട്ടുണ്ട്.

കേരളത്തിലെ എറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 35ശതമാനത്തോളം മാത്രമേ വെള്ളം ഇപ്പോഴും ഉള്ളൂ. കഴിഞ്ഞ തവണ ഈ അണക്കെട്ട് നിറഞ്ഞു തുറന്നു വിടേണ്ടിവന്നിരുന്നു. കഴിഞ്ഞ കൊല്ലം ഇതേ ദിവസം 98.25 ശതമായിരുന്നു ഇടുക്കിയിലെ ജല നിരപ്പ്. ഇന്നത്തെ സാഹചര്യത്തില്‍ ആ മേഖലയില്‍ ഉണ്ടാവുന്ന മഴവെള്ളത്തെയാകെ ശേഖരിച്ചുവയ്ക്കാന്‍ ഇടുക്കി അണക്കെട്ടിനു കഴിയും. അതുകൊണ്ട് തന്നെ കഴിഞ്ഞ പ്രളയകാലത്തുണ്ടായതു പോലുള്ള സ്ഥിതിവിശേഷം ഉണ്ടാകില്ലെന്നു നമുക്ക് കണക്കു കൂട്ടാനാകും. സമാന സ്ഥിതിയാണ് മറ്റു പല അണക്കെട്ടുകളുടെ കാര്യത്തിലും നിലനില്‍ക്കുത്. പമ്പയില്‍ ഇപ്പോള്‍ 60.68 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 99 ശതമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ സമയത്തു നിറഞ്ഞ കക്കി, ഷോളയാര്‍, ഇടമലയാര്‍ ഡാമുകളിലെല്ലാം ഇപ്പോള്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ വെള്ളമേ ഉള്ളൂ. ഷൊര്‍ണൂര്‍പാലക്കാട് റൂട്ടിലും ഷൊര്‍ണൂരില്‍നിന്ന് വടക്കോട്ടുള്ള ഭാഗത്തും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ചില പാലങ്ങള്‍ തകരാറിലായതാണ് പ്രധാന പ്രശ്‌നം. സേനയുടെ സഹായത്തോടെ ഈ പാലങ്ങള്‍ അടിയന്തരമായി കേടുപാടു തീര്‍ത്ത് ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.  ഇന്നടക്കം മൂന്നു പൊതു അവധി ദിനങ്ങളാണുള്ളത്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കാന്‍ പാടില്ല. ദുരിതാശ്വാസരക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരെയും കര്‍മ്മ രംഗത്തുണ്ടാകണം. ബന്ധപ്പെട്ട എല്ലാ ശ്രേണിയിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നിശ്ചയിച്ചു നല്‍കാനും എല്ലാ വകുപ്പുകളിലും ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ക്കു പുറമെ, വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.