നിപ്പയെ അതിജീവിച്ചവരാണ് നമ്മൾ, കൊറോണയെയും തോല്പിക്കുക തന്നെ ചെയ്യും — രാജ്യത്ത് രണ്ടാമത്തെ കൊറോണ ബാധയും കേരളത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വാക്കുകളാണിത്. ആ ഉറച്ച ആത്മവിശ്വാസത്തിനും പ്രചോദനപ്രേരണയ്ക്കും നൽകുക നൂറ് മാർക്ക്. ജാഗ്രതമാത്രമാണ് ആവശ്യമായിട്ടുള്ളത്. ഒരാൾപോലും ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. രണ്ടുവർഷം മുമ്പ് പടർന്നു തുടങ്ങിയ നിപ്പയെ കീഴടക്കിയവരാണ് നാം.
ജനുവരി 24 ന് വുഹാനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥിയാണ് രണ്ടാമത് കൊറോണ സ്ഥിരീകരിച്ച വ്യക്തിയെന്ന് മന്ത്രി അറിയിച്ചു. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് രോഗിയുള്ളത്. ആശുപത്രിയിലും അവിടെയുള്ള രോഗികളോടും ഇടപഴകരുതെന്ന് ആരോഗ്യവകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നും ഇന്ത്യക്കാരേയും വഹിച്ചുകൊണ്ടുള്ള എയർഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി. ഇന്ന് രാവിലെ 9.40ഓടെയാണ് വിമാനം ഡൽഹിയിലെത്തിയത്. 323 ഇന്ത്യക്കാരും ഏഴ് മലേഷ്യൻ സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ നിന്നും പുറപ്പെട്ടത്.
English summary: we will overcome corona
YOU MAY ALSO LIKE THIS VIDEO