ലോകമെങ്ങും കൊറോണ ഭീതിയിൽ മുങ്ങിയിരിക്കുമ്പോൾ രോഗവ്യാപനം തടയുന്നതിന് രാപ്പകൽ ഓടി നടക്കുന്ന കേരളത്തിന്റെ ടീച്ചറമ്മയ്ക്ക് പിന്തുണയുമായി മലയാളികൾ. ആഗോളതലത്തിൽ തന്നെ കൊറോണ രോഗം പടർന്നു പിടിക്കുകയും രോഗികളിൽ നിന്ന് മറ്റുള്ളവർ മാറി നടക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കൊറോണയെ ചെറുക്കാൻ ഞങ്ങൾ തയ്യാറാണെന്ന് പറഞ്ഞ് കേരള സർക്കാരിനും ആരോഗ്യമന്ത്രിക്കും പിന്തുണയുമായി ജനങ്ങൾ രംഗത്തെത്തുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഫെയ്സ് ബുക്കിൽ നിറയുന്ന കമന്റുകൾ കേരളത്തിന് അഭിമാനമാവുകയാണ്. അതിജീവനത്തിന്റെ ഒരു ഘട്ടം വരുമ്പോൾ കേരളത്തിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ലെന്ന് മലയാളികൾ മുമ്പും തെളിയിച്ചിട്ടുണ്ട്. നിപ്പയും പ്രളയവുമെല്ലാം കേരളത്തെ പിടിച്ചുലച്ചപ്പോൾ മലയാളക്കരയിലെ ജനങ്ങൾ ഐക്യത്തിന്റെ പ്രതിരോധനിര തീർക്കുകയായിരുന്നു. ഈ ചെറുത്തുനില്പിന്റെ കരുത്തിലാണ് ഇപ്പോൾ കൊറോണ ഭീതിയേയും നാം നേരിടുന്നത്. കൊറോണയെ സങ്കുചിത രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കാാനുള്ള പ്രതിപക്ഷ നീക്കത്തേയും കണക്കിന് കളിയാക്കുകയാണ് ആരോഗ്യമന്ത്രിയുടെ ഫെയ്സ് ബുക്കിലെ കമന്റുകളിൽ പലതും.
‘ടീച്ചറെ. . കൊറോണ ബാധിത ഹോസ്പിറ്റലിൽ ആംബുലൻസോ മറ്റ് വാഹങ്ങളോ ഓടിക്കാൻ ഡ്രൈവറെ ആവശ്യം ഉണ്ടേൽ ഞാൻ വരാൻ തയ്യാർ ആണ്’… , ‘മാഡം എന്റെ പേര് ലക്ഷ്മി ഞാൻ ജി എൻ എം നഴ്സിംഗ് ആണ് പഠിച്ചത്…എവിടെങ്കിലും ഐസൊലേഷൻ വാർഡിൽ സ്റ്റാഫ് കുറവുണ്ടെങ്കിൽ ഞാൻ റെഡി ആണ്, മാഡം ശമ്പളം വേണ്ട…’, ‘മാഡം ഞാൻ ജി എൻ എം നഴ്സിംഗ് കഴിഞ്ഞു 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. ഇപ്പോൾ ജോലി ഇല്ല. കൊറോണാ രോഗികളെ ചികിത്സിക്കാൻ റെഡി ആണ്. പ്ലീസ് കോൺടാക്ട്…’, ഇത്തരത്തിൽ ആയിരക്കണക്കിന് കമന്റുകളാണ് മന്ത്രിയുടെ ഫെയ്സ് ബുക്കിൽ നിറയുന്നത്.
കൊറോണയെ തുരത്താൻ ശമ്പളമൊന്നുമില്ലാതെതന്നെ ജോലിചെയ്യാൻ സന്നദ്ധരാണെന്ന് അറിയിച്ചുകൊണ്ട് നൂറുകണക്കിനു പേരാണ് രംഗത്തെത്തുന്നത്. കൊറോണയെ കുറിച്ചുള്ള വിവരങ്ങളും മുൻകരുതലുകളും കൃത്യസമയത്ത് തന്നെ മന്ത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെയാണ് കൊറോണ എന്ന മാരക രോഗത്തെ നേരിടാൻ സന്നദ്ധത അറിയിച്ച് ജനങ്ങൾ മുന്നോട്ട് വരുന്നത്. ആരോഗ്യമന്ത്രിയുടെ ഓരോ പോസ്റ്റിനും ആയിരക്കണക്കിന് ഷെയറും ലൈക്കും കമന്റുകളുമാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയും കഴിഞ്ഞദിവസം തന്റെ പെയ്സ് ബുക്കിൽ ‘സന്നദ്ധർ’ തയ്യാറാവണം എന്ന് പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന് കേരളം ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടാൻ തയ്യാറെടുക്കുകയാണ്.
നഴ്സിങ്ങ് പഠനം പൂർത്തിയാക്കിയിട്ടും ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന നിരവധി നഴ്സുമാരാണ് കൊറോണ വാർഡുകളിൽ ജോലിചെയ്യാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. മറ്റുചിലരാകട്ടെ ജോലിയിൽ നിന്ന് ലീവ് എടുത്ത് കൊറോണയെ തുരത്താൻ ആരോഗ്യവകുപ്പിനൊപ്പം നിൽക്കാമെന്ന് പറയുന്നു. ആരോഗ്യമന്ത്രി സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ് ഇത്തരം കാര്യങ്ങൾക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കണമെന്ന കമന്റുകളും ഉയരുന്നുണ്ട്. അതേസമയം, ആരോഗ്യമേഖലയുമായി ബന്ധമില്ലാത്തവർ പോലും തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായം ചെയ്യാമെന്ന് പറഞ്ഞ് രംഗത്ത് വരുന്നുണ്ട്.
you may also like this video;
‘എനിക്ക് ഈ മെഡിക്കൽ ഫീൽഡുമായി യാതൊരു ബന്ധവും ഇല്ല. . എങ്കിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലിക്ക് ആളെ ആവശ്യം ഉണ്ടെങ്കിൽ ഞാൻ വരാൻ തയ്യാർ ആണ്. . ശമ്പളം ഒന്നും വേണ്ട. . ‘, ‘ഭയം ഒന്നും ഇല്ല. എന്റെ സേഫ്റ്റി എന്നേക്കാൾ നന്നായി നിങ്ങൾ നോക്കും എന്നറിയാം. . നമുക്ക് ഒന്നിച്ചു നേരിടാം. . ’, ടീച്ചർ പ്രതിപക്ഷത്തിന്റെ അനാവശ്യ ബഹളമൊന്നും ടീച്ചറിനെ തളർത്തില്ല. ഞങ്ങൾ… കേരളത്തിലെ ജനങ്ങൾ ഒപ്പമുണ്ട്. അനാവശ്യ മുതലെടുപ്പ് ശ്രമങ്ങളൊന്നും കേരളത്തിലെ ജനങ്ങൾക്കിടയിൽ ചിലവാകില്ലെന്ന് അവർ മനസ്സിലാക്കും. പത്തനംതിട്ടകലക്ടർ, മെഡിക്കൽ ടീം. .. നിങ്ങളോടൊക്കെ അങ്ങേയറ്റം ബഹുമാനം… വിശ്രമമില്ലാത്ത സേവനത്തിലൂടെ മഹാവിപത്തിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന നിങ്ങളെ ഹൃദയത്തോട് ചേർക്കുന്നു.., ‘ടീച്ചറമ്മേ, ഞാൻ ഒരു പത്തനംതിട്ടക്കാരി ആണ്. ആരോഗ്യവകുപ്പ് നടത്തുന്ന ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസ്സായ ആളാണ് ഞാൻ. എന്നും ടീച്ചറിന്റെ പോസ്റ്റിന് താഴെ ഞങ്ങളുടെ തസ്തിക സൃഷ്ടിക്കണം എന്നും നിയമനം നടത്തണം എന്നും ആയിരുന്നു പറയാറ്… പക്ഷേ ഇപ്പൊൾ ടീച്ചറെ നമ്മൾ അതിജീവിക്കും ഈ കൊറോണയേയും.…. ഫീൽഡിൽ ഇറങ്ങി ജനങ്ങൾക്ക് ബോധവത്കരണം നൽകുവാൻ ഞാൻ തയ്യാറാണ്.… ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാം.… വേതനം വേണ്ട.… നമ്മൾ ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നാൽ അതിജീവിക്കും ഏത് കൊറോണയെയും…’,
‘ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികൾ ഉള്ളത് കൊണ്ടും, വ്യാജ വാർത്തകളിൽ ജനം വഞ്ചിതരാവാതിരിക്കാനും വേണ്ടിയാണ് ആരോഗ്യ മന്ത്രി ഇത്രെയും കരുതലോടെ കൈകാര്യം ചെയ്യുന്നത്. ഒരു രാഷ്ട്രീയവും ഇല്ലാത്ത, എന്നാൽ കൃത്യമായി കാര്യങ്ങളെ വിലയിരുത്താൻ കഴിവുള്ള കേരള ജനത ഉണ്ട് എന്ന കാര്യം രാഷ്ട്രീയ പാർട്ടികൾ മറക്കരുത്. . ‘, ‘ഇന്നലെ നിയമസഭയിൽ ടീച്ചറുടെ വാക്കുകൾ ശ്രദ്ധിച്ചോ. .. മറ്റാർക്കും നൽകാൻ കഴിയാത്ത ഒരു ആത്മവിശ്വാസം ആയിരുന്നു അതിൽ… ഞാൻ ഒരു പ്രവാസി ആണ്. കൂടെ ഉള്ള ഒരു കോൺഗ്രസ്സുകാരൻ. . അവൻ പലതിലും വിയോജിപ്പ് ഉള്ളവനാ… എന്നാലും അവൻ ഇന്നലെ ടീച്ചറുടെ വാക്കുകൾ മുഴുവൻ കേൾക്കുന്നൂ.. അവന്റെ പാർട്ടിക്കാർ ശബ്ദം ഉണ്ടാക്കുമ്പോ അവൻ ഇവർ എന്താ ഈ കാണിക്കുന്നെ ഇതൊക്കെ ജനം കാണുന്നുണ്ട് എന്ന് കോൺഗ്രസ്സ് ഓർക്കണം എന്ന് പറയുന്നു… ചില കോൺഗ്രസ്സുകാർ ഇപ്പൊ മുല്ലപ്പള്ളി രാമചന്ദ്രന് പഠിക്കാ… അത് ടീച്ചർ പ്രശ്നമേ ആക്കണ്ടാ.. ’ ഇങ്ങനെ പോകുന്നു കമന്റുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.