മണിപ്പൂരിലെ തൗബല്‍ ജില്ലയിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയൻ (ഐആര്‍ബി) ഔട്ട്പോസ്റ്റില്‍ ആയുധങ്ങള്‍ കൊള്ളയടിച്ചു. ശനിയാഴ്ച രാത്രിയാണ് കക്മായൈ പ്രദേശത്തെ ഐആർബി ഔട്ട്‌പോസ്റ്റിൽ നിന്ന് തോക്കുകളുമായെത്തിയ അജ്ഞാത സംഘം കൊള്ള നടത്തിയത്. അക്രമകാരികളിലേക്ക് ആയുധങ്ങളെത്തിയിരിക്കുന്നത് കനത്ത സുരക്ഷാവെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് കാണിച്ച് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
വാഹനങ്ങളില്‍ എത്തിയ സംഘം ഐആർബിയുടെയും മണിപ്പൂർ റൈഫിൾസിന്റെയും ആറ് എസ്‌എൽആറുകളും മൂന്ന് എകെ റൈഫിളുകളുമായി കടന്നുകളഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ കേസ് എടുത്തതായും പ്രതികള്‍ക്കായി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഔദ്യോഗിക, അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2023 മേയ് 23ന് മണിപ്പൂരില്‍ കലാപം ആരംഭിച്ചതിന് ശേഷം 6000ത്തോളം വ്യത്യസ്ത ആയുധ മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഔട്ട് പോസ്റ്റുകളില്‍ നിന്നും ലക്ഷക്കണക്കിന് ആയുധങ്ങള്‍ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ആയുധങ്ങളില്‍ ഭൂരിഭാഗവും കേന്ദ്ര, സംസ്ഥാന സേനകളുടെ തെരച്ചിലില്‍ തിരിച്ചുപിടിച്ചിരുന്നു. സംസ്ഥാനത്തെ കലാപങ്ങള്‍ രക്തരൂക്ഷിതമാകുന്നതില്‍ മോഷ്ടിക്കപ്പെട്ട ആയുധങ്ങള്‍ നിര്‍ണായകമായതായാണ് വിലയിരുത്തല്‍. അതേസമയം ഇഫാല്‍ വെസ്റ്റ് ജില്ലയില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഏതാനും പിസ്റ്റളുകളും രണ്ട് ഇരുചക്രവാഹനങ്ങളും ഏതാനും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.