13 ജില്ലകളില്‍ ഇന്ന് ചൂട് കൂടും; കടല്‍ പ്രക്ഷുബ്ധമാകും

Web Desk

തിരുവനന്തപുരം

Posted on April 05, 2019, 9:51 am

സംസ്ഥാനത്ത് ഇന്ന് ചൂട് കനക്കും. 13 ജില്ലകളിലേയും ചൂട് ഇന്ന് ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ചൂട് കൂടും. വേനല്‍ കനത്തതോടെ സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്.

അതേസമയം, തമിഴ്‌നാട് തീരത്തുനിന്ന് തെക്ക് ദിശയില്‍ മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച 70 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റത്. ഇതില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതവും 38 പേര്‍ക്ക് സൂര്യാതപവും 30 പേര്‍ക്ക് ചൂടേറ്റ് ശരീരത്തില്‍ പാടുകളും രൂപപ്പെട്ടു.