19 April 2024, Friday

കാലാവസ്ഥാ ദുരന്തങ്ങള്‍; അരനൂറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 20 ലക്ഷം പേര്‍

Janayugom Webdesk
ജെനീവ
May 22, 2023 11:31 pm

കഴിഞ്ഞ അരനൂറ്റാണ്ടിനിടെയുണ്ടായ തീവ്ര കാലാവസ്ഥയിൽ 20 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായി ലോക കാലാവസ്ഥാ സംഘടന. ആഗോളതലത്തില്‍ കാലാവസ്ഥയുമായി ബ­ന്ധപ്പെട്ടുണ്ടായ 12,000 സംഭവങ്ങളില്‍ 4,30,000 കോടി ഡോളറിന്റെ സാമ്പത്തിക നാശനഷ്ടങ്ങളുണ്ടായതായും യു­എൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് രാജ്യങ്ങള്‍ക്ക് ആ­വര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന താപനില, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, വരൾച്ച എന്നിവയുൾപ്പെടെയുള്ള തീവ്ര കാലാവസ്ഥയുടെ ആവൃത്തിയും തീവ്രതയും വര്‍ധിച്ചു. എങ്കിലും കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ കുറയ്ക്കാൻ നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1970 നും 2021 നും ഇടയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നാശനഷ്ടങ്ങൾ ഉണ്ടായത് യുഎസിലാണ്, ആകെ, 1,70, 000 കോടി ഡോളർ. അതേസമയം ലോകമെമ്പാടുമുള്ള 10 മരണങ്ങളിൽ ഒമ്പതെണ്ണവും വികസ്വര രാജ്യങ്ങളിലാണ് സംഭവിച്ചത്.

ഈ മാസം മ്യാന്മറിലും ബംഗ്ലാദേശിലുമായി വീശിയടിച്ച മോക്ക ചുഴലിക്കാറ്റ്, കാലാവസ്ഥ, ജല സംബന്ധമായ അപകടങ്ങൾ എ­ന്നിവ ഏറ്റവും ദുർബലരായ സമൂഹങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റെരി താലസ് പറഞ്ഞു. ഡബ്ല്യുഎംഒയുടെ അറ്റ്ലസ് ഓഫ് മോർട്ടാലിറ്റി ആന്റ് വെതർ, ക്ലൈമറ്റ്, വാട്ടർ എക്സ്ട്രീം എന്നിവയിൽ നിന്നുള്ള സാമ്പത്തിക നഷ്ട കണക്കുകളുടെ ഒരു ഭാഗമാണ് പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ പ്രധാന കാരണം അത്യുഷ്ണമാണ്. അതേസമയം, സാമ്പത്തിക നഷ്ടത്തിന്റെ പ്രധാന കാരണം വെള്ളപ്പൊക്കമായിരുന്നു. ആഫ്രിക്കയിൽ, വെള്ളപ്പൊക്കവും കൊടുങ്കാറ്റും ഉൾപ്പെടെ കാലാവസ്ഥാ, ജലസംബന്ധമായ ദുരന്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 1,800ലധികം സംഭവങ്ങളും 7,33,585 മരണങ്ങളുമാണ് ഉണ്ടായത്. 2019 ലെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഇഡായി ആയിരുന്നു ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. 210 കോടി ഡോളറിന്റെ നാശനഷ്ടമാണ് ഇഡായിയെ തുടര്‍ന്നുണ്ടായത്. തെക്കുപടിഞ്ഞാറൻ പസഫിക്കിൽ ഏകദേശം 1,500 കാലാവസ്ഥാ ദുരന്തങ്ങൾ ഉണ്ടായി. ഇത് 66,951 മരണങ്ങൾക്കും 18,580 കോടി ഡോളർ സാമ്പത്തിക നഷ്ടത്തിനും കാരണമായി. ഏഷ്യ 3,600 ലധികം ദുരന്തങ്ങളെ അഭിമുഖീകരിച്ചു. 

9,84,263 ജീവനുകളും 1,40,000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടവും ഉണ്ടായി. പ്രധാനമായും ചുഴലിക്കാറ്റുകളുടെ ആഘാതം മൂലമാണ് സാമ്പത്തിക നഷ്ടമുണ്ടായത്. തെക്കേ അമേരിക്കയിൽ 943 ദുരന്തങ്ങൾ ഉണ്ടായി, അത് 58,484 മരണങ്ങൾക്കും 11, 500 കോടി ഡോളറിലധികം സാമ്പത്തിക നഷ്ടത്തിനും കാരണമായി. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിലെ 2,100ലധികം ദുരന്തങ്ങൾ 77,454 മരണങ്ങളും 2,00,000 കോടി ഡോളർ സാമ്പത്തിക നഷ്ടവും വരുത്തി. യൂറോപ്പിലുണ്ടായ 1,800 ദുരന്തങ്ങള്‍ കാരണം 1,66,492 മരണങ്ങളും 56, 200 കോടി ഡോളർ സാമ്പത്തിക നഷ്ടവും ഉണ്ടായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തേക്കാൾ ശരാശരി 1.5 ഡിഗ്രി സെൽഷ്യസ് (2.7 ഡിഗ്രി ഫാരൻഹീറ്റ്) ചൂട് കൂടുതലുള്ള ഒരു വർഷം ഭൂമി നേരിടേണ്ടിവരുമെന്നാണ് കാലാവസ്ഥാ സംഘടനയുടെ പ്രവചനം. 2027ഓടെ എല്ലാ രാജ്യങ്ങളിലും കാര്യക്ഷമമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതി ആരംഭിച്ചതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു.
നിലവിൽ പകുതിയോളം രാഷ്ട്രങ്ങളിൽ മാത്രമേ ഇത്തരം ആധുനിക സംവിധാനങ്ങളുള്ളൂവെന്നും ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന ചൂണ്ടിക്കാട്ടുന്നു. 

Eng­lish Summary;weather dis­as­ters; 20 lakh peo­ple were killed in half a century

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.