രാമായണകഥയുമായൊരു സാരി:നെയ്ത്തുകാരന് ഡോക്ടറേറ്റ്

Web Desk
Posted on November 23, 2017, 3:48 pm

പ്രതീകാത്മക ചിത്രം

കൃഷ്ണനഗർ: ആറു മുഴം ചേലയിൽ രാമായണ കഥയുടെ ഏഴ് അദ്ധ്യായങ്ങൾ തുന്നിച്ചേർത്തപ്പോൾ ബീരൻ കുമാർ ബസക്ക് എന്ന നെയ്ത്തുകാരൻ കരുതിയിരുന്നില്ല തന്നെ തേടി ഡോക്ടറേറ്റ് എത്തുമെന്ന്. രണ്ട് ദശാബ്ദങ്ങൾക്ക് ഇപ്പുറം വേൾഡ് റെക്കോർഡ്‌സ് യൂണിവേഴ്സിറ്റിയാണ് ബസക്കിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുന്നത്. ഈ ബ്രിഹത്തായ കലാസൃഷ്ടി ഒരു വർഷം നീണ്ട ആസൂത്രണവും രണ്ടു വർഷത്തെ നെയ്ത്തും കഴിഞ്ഞ് പൂർത്തിയായത് 1996 ലാണ്.

ഇതാദ്യമായല്ല അംഗീകാരവും അവാർഡുകളും ബസാക്കിനെ തേടിയെത്തുന്നത്. ബസക്കിന്റെ ആറ് മുഴം വിസ്മയത്തിനു ദേശീയ പുരസ്കാരം, സാൻത് കബീർ അവാർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് യുണീക് റിക്കോർഡ്സ് എന്നിവയും ലഭിച്ചിരുന്നു.

2015 ൽ ലിംക ബുക്ക് ഓഫ് റെക്കോർഡിസിൽ നിന്നും സാരിയെ കുറിച്ച് അറിഞ്ഞ വേൾഡ് റെക്കോഡ്സ് യൂണിവേഴ്സിറ്റി ബസക്കിന്റെ നിർമ്മിതിയിൽ ഒരു തീസിസ് ചെയ്ത് നല്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഫുലിയ സ്കൂളിലെ ആനന്ദ മോദക്ക് എന്ന സ്കൂൾ അധ്യാപകനാണ് തീസിസ് തയ്യാറാക്കാൻ സഹായിച്ചത്. ഇത്രയും കാലപ്പഴക്കം ചെന്നതിനാൽ സാരിയുടെ പകിട്ട് മങ്ങിവരുന്നുണ്ട് അതിനാൽതന്നെ സാരി  സംരക്ഷിക്കാനുള്ള നീക്കത്തിലാണ്.