രണ്ടാം വിവാഹവാർഷിക ദിനത്തിൽ കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു. വെല്ലൂർ സ്വദേശി വിഗ്നേഷിന്റെ ഭാര്യ വേണി ഷൈലയാണ് (27) മരിച്ചത്. ചെന്നൈ പാലവാക്കം ബീച്ചിൽ കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം. സംഭവത്തിൽ നീലാങ്കര പോലീസ് കേസ് രജിസ്റ്റർചെയ്തു. വിഗ്നേഷിന്റെയും വേണിയുടെയും വിവാഹവാർഷികം കഴിഞ്ഞ ദിവസമായിരുന്നു. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരിൽനിന്ന് ഇവർ ചെന്നൈയിലെത്തിയത്. നീലാങ്കരയിലെ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച ദമ്ബതിമാർ സുഹൃത്തുക്കൾക്ക് രാത്രിയിൽ അത്താഴവിരുന്ന് നൽകി. ഇതിനുശേഷം അഞ്ചുകാറുകളിലായി സംഘം പാലവാക്കം ബീച്ചിലെത്തി.
രാത്രി കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തിൽനിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയിൽപ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. കരയിലേക്ക് ഓടിക്കയറിയതിനാൽ വിഗ്നേഷ് രക്ഷപ്പെട്ടു. തിരയടിക്കുന്നതിനാൽ കടലിൽ ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് ഇരുവരും കടലിലിറങ്ങിയത്. പുലർച്ചയോടെയാണ് യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചിൽ തീരത്തടിഞ്ഞത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെല്ലൂരിലേക്ക് കൊണ്ടുപോയി.
English summary: Wedding Anniversary Celebration: Woman trapped in sea
you may also like this video