പിരിക്കാനായില്ല പ്രളയത്തിനു പോലും.… റാബിയയേയും, ഷാഫിയേയും

Web Desk
Posted on August 18, 2019, 8:09 pm

ജോമോന്‍ ജോസഫ്
മേപ്പാടി: പിരിക്കാനായില്ല പ്രളയത്തിനു പോലും റാബിയയുടേയും, ഷാഫിയുടെയും ഇഷ്ടത്തെ. റാബിയയെ ജീവിതത്തില്‍ ഒപ്പം കൂട്ടാന്‍ മുഹമ്മദ് ഷാഫി എത്തുമ്പോള്‍ അനുഗ്രഹിക്കാനും ആശംസ അറിയിക്കാനും ഒട്ടേറേപ്പേരുണ്ടായിരുന്നു ചുറ്റിലും. പ്രളയം സമ്മാനിച്ച വേദനകള്‍ മറന്ന് അവരെല്ലാം ഒന്ന് ചിരിച്ചത് അപ്പോഴാണ്.

മേപ്പാടി സെയ്ന്റ് ജോസഫ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഞായറാഴ്ച മുഹമ്മദ് ഷാഫിയുടെയും റാബിയയുടെയും വിവാഹവേദി കൂടിയായിരുന്നു. സ്വത്തും സന്തോഷവും എല്ലാം കവര്‍ന്ന പ്രളയത്തിന് റാബിയയുടെ വിവാഹം തെല്ലും വൈകിപ്പിക്കാനായില്ല. നിശ്ചയിച്ച ദിവസം, നിശ്ചയിച്ച സമയത്ത് തന്നെ കല്യാണം നടന്നു.
ആകുലതകളും വ്യാകുലതകളും മറന്ന് മുഹമ്മദ് ഷാഫിയുടെ കൈപിടിച്ച് റാബിയ പുതിയ ജീവിതത്തിലേക്ക് കടന്നു. നാട്ടുകാരുടെയും സുമനസ്സുകളുടെയും ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളുടെയും അനുഗ്രഹത്തോടെ, പ്രാര്‍ഥനയോടെ.…ഓഗസ്റ്റ് നാലിനായിരുന്നു മുഹമ്മദ് ഷാഫിയുടെ റാബിയയുടെയും നിക്കാഹ്. 18ന് ചൂരല്‍മലയിലെ മദ്രസയില്‍ കല്യാണം നടത്താനായിരുന്നു തീരുമാനം.

കല്യാണ ദിവസം എണ്ണിക്കഴിയുന്നതിനിടെയാണ് പേമാരിയും പ്രളയവും ഉണ്ടായത്. ഓഗസ്റ്റ് എഴിന് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ചൂരല്‍മലയിലെ താഴ്ന്ന പ്രദേശങ്ങളൊക്കെയും വെള്ളത്തിലായി. റാബിയയുടെ വീടും വെള്ളത്തില്‍ മുങ്ങി. വിവാഹ വസ്ത്രം പോലും എടുക്കാന്‍ സാധിച്ചില്ല. ബന്ധുവീട്ടില്‍ അഭയം തേടി. അപകട ഭീഷണി കാരണം പ്രദേശത്തുള്ളവരെ മാറ്റിയപ്പോള്‍ റാബിയയും ഉമ്മ ജുമൈലത്തും ക്യാമ്പിലെത്തി. കല്യാണം മാറ്റിവെക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു ക്യാമ്പിലെത്തിയതെന്ന് റാബിയയുടെ ഉമ്മ ജുമൈലത്തും അമ്മാവന്‍ ഉബൈദും പറഞ്ഞു. എന്നാല്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പില്‍കഴിയുന്നവരും എല്ലാം ഒന്നിച്ചപ്പോള്‍ കല്യാണം നിശ്ചയിച്ച സമയത്ത് തന്നെ നടന്നു.
കളക്ടര്‍ എ ആര്‍ അജയകുമാര്‍, സബ്കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, സി.കെ. ശശീന്ദ്രന്‍ എംഎല്‍എ, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവര്‍ വധുവരന്‍മാരെ അനുഗ്രഹിക്കാനെത്തി. കെഎംസിസി നല്‍കിയ അഞ്ചുപവന്‍ സ്വര്‍ണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റാബിയയ്ക്ക് കൈമാറി. മറ്റു സുമനസ്സുകളും സഹായം എത്തിച്ചു.

എല്ലാവരുടെയും സഹായത്തോടെ കല്യാണം നടന്നതില്‍ സന്തോഷമുണ്ടെന്നും കല്യാണം കൂടാന്‍ അമ്മായി ഹാജിറ ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും റാബിയ പറഞ്ഞു. എട്ടാംതീയതി പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ഹാജിറ, റാബിയയുടെ ബന്ധുവാണ്. റാബിയയുടെ ഉപ്പ ചാലമ്പാടന്‍ മൊയ്തീന്‍കുട്ടി 11 വര്‍ഷം മുമ്പ് മരിച്ചു. വിദ്യാര്‍ഥിയായ അബുതാഹിറാണ് റാബിയയുടെ സഹോദരന്‍. വരന്‍ മുഹമ്മദ് ഷാഫി പേരാമ്പ്ര പള്ളിമുക്ക് നടത്തലയ്ക്കല്‍ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്.