പ്രീ വെഡ്ഡിംഗ്- പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ എന്നും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. അതൊക്കെയും സദാചാര പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ചർച്ചയാകുന്നത്. എന്നാൽ മതവികാരം വ്രണപ്പെട്ടെന്ന ആരോപണം ഉയരുന്നത് ഇതാദ്യമായിരിക്കാം. “വെഡ്ഡിംഗ് സ്റ്റോറീസ് ഫോട്ടോഗ്രഫി” എന്ന ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷനിലെ ഹാഷ് ടാഗാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.
ഫേസ്ബുക്ക് പേജിൽ ഫോട്ടോ അപ്ലോഡ് ചെയ്തതിനൊപ്പം ഹിന്ദു ട്രഡീഷണൽ വെഡ്ഡിംഗ് എന്ന ഹാഷ് ടാഗ് കൂടി ക്യാപ്ഷനായി നൽകിയിരുന്നു. ഇതോടെ ഹിന്ദു വികാരം വ്രണപ്പെടുന്നു എന്ന പരാതിയുമായി കമന്റ് ബോക്സുകളിൽ ഹിന്ദുത്വവാദികളുടെ രോഷപ്രകടനങ്ങളായി. ഏത് ഹിന്ദുവാടാ തുണിയുരിഞ്ഞ് വെഡ്ഡിംഗ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്?, എന്ത് തോന്നിവാസം വേണമെങ്കിലും കാണിച്ചോ പക്ഷേ ഹിന്ദു ഹിന്ദു ട്രഡീഷണൽ വെഡ്ഡിംഗ് എന്ന ഹാഷ് ടാഗ് ഒഴിവാക്കണം, ഹിന്ദുവിന്റെ പേര് ഒഴിവാക്കിയില്ലെങ്കിൽ നിന്നെ ചവിട്ടിക്കൂട്ടും എന്ന് തുടങ്ങി കേട്ടാലറയ്ക്കുന്ന തെറികൾ വരെ കമന്റിടുകയാണ്.
പെരുമ്പാവൂർ സ്വദേശികളായ ഋഷി കാർത്തിക്-ലക്ഷ്മി ദമ്പതികളുടെ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോകളാണ് “വെഡ്ഡിംഗ് സ്റ്റോറീസ് ഫോട്ടോഗ്രഫി” എന്ന ഫേസ്ബുക്ക് പേജിലൂടെ ഇവരുടെ സുഹൃത്ത് കൂടിയായ ഫോട്ടോഗ്രാഫർ അഖിൽ കാർത്തികേയൻ പങ്കുവച്ചത്. ഫോട്ടോഷൂട്ട് വീട്ടുകാർക്കും ബന്ധുക്കൾക്കും പ്രശ്നമില്ലെന്നും സോഷ്യൽ മീഡിയയിലെ തെറിവിളികൾ തങ്ങളെ ബാധിക്കുന്നില്ലെന്നും ദമ്പതികൾ പ്രതികരിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.