പതഞ്ജലി ഇനി കഞ്ചാവും വില്പ്പനയ്‌ക്കെത്തിക്കും?

Web Desk
Posted on February 10, 2018, 2:43 pm

കഞ്ചാവ് നിയമവിധേയമാക്കാനും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കാനും ബാബ രാംദേവിന്റെ പതഞ്ജലി. കഞ്ചാവിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ചില രാഷ്ട്രീയ നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഞ്ചാവിന്റെ ഔഷധ വാണിജ്യ സാധ്യതകളെ കുറിച്ച് പതഞ്ജലി പഠനം നടത്താന്‍ ഒരുങ്ങുന്നത്.

“പുരാതനകാലം മുതൽക്കേ ആയുർവേദത്തിൽ കഞ്ചാവിന്റെ ഔഷധഗുണമുള്ള ഭാഗങ്ങള്‍ ചികിത്സകള്‍ക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നമ്മള്‍ അതിന്റെ വ്യത്യസ്ത ഫോർമുലകളിലേക്കാണ് നോട്ടമെറിയുന്നത്. കഞ്ചാവിന്റെ പ്രയോജനങ്ങളെയും ഗുണങ്ങളെയും കുറിച്ച് നാം ചിന്തിക്കുകയും കണ്ടെത്തുകയും ചെയ്യണം.” പതഞ്ജലി ആയുര്‍വേദ ചീഫ് എക്സിക്യൂട്ടീവ് ബാലകൃഷ്ണ പറയുന്നു.

ഹരിദ്വാറിലെ പതഞ്‌ജലി റിസർച് ആൻഡ് ഡെവലപ്മെന്റ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന 200 അംഗ സംഘം 200 ഇന്ത്യൻ സസ്യങ്ങളെയും അവയുടെ ഔഷധമൂല്യങ്ങളെയും കുറിച്ചുള്ള പരീക്ഷണങ്ങളിലാണ്. നിലവിൽ ടൂത്ത് പേസ്റ്റ്, ഫേസ് വാഷ്, ഹെയർ ഓയിൽ, ഡിറ്റര്‍ജന്റ് എന്നിവയുടെ ഉല്‍പാദനത്തിൽ പതഞ്‌ജലി നേട്ടങ്ങള്‍ കൊയ്തു കഴിഞ്ഞു. ഇന്ത്യയിൽ കഞ്ചാവിന്റെ ഉത്പാദനത്തിനും വിപണനത്തിനും നിലനില്‍ക്കുന്ന നിയന്ത്രണങ്ങൾ ഇല്ലാതാക്കിയാല്‍ പാശ്ചാത്യരാജ്യങ്ങളിൽ നിന്നും അവയുടെ കുത്തക കൂടി പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് പതഞ്ജലിയുടെ പ്രതീക്ഷ. കഞ്ചാവ് എന്ന സമ്പദ് സ്രോതസിനെ കുറിച്ച് ഇന്ത്യ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ബാലകൃഷ്ണ പറയുന്നു.

അമേരിക്കയും കാനഡയും കഞ്ചാവ് നിയമവിധേയമാക്കിയപ്പോള്‍ അവരുടെ സമ്പദ് ഘടന തന്നെ മാറിമറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.