Web Desk

January 02, 2020, 10:45 pm

പ്രവാസികളുടെ ക്ഷേമം; നിയമനിർമ്മാണങ്ങൾക്ക് കേന്ദ്രത്തിൽ സമ്മർദം ചെലുത്തും: മുഖ്യമന്ത്രി

Janayugom Online

തിരുവനന്തപുരം: പ്രവാസികളുടെ ജീവിതക്ഷേമം മുൻനിർത്തിയുള്ള നിയമനിർമ്മാണങ്ങൾക്ക് കേന്ദ്രത്തിനുമേൽ എല്ലാ സമ്മർദവും ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തെക്കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം നടപ്പാക്കിക്കുന്നതിന് ലോക കേരളസഭ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോക കേരള സഭയുടെ രണ്ടാംദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തു സമീപനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന്റെ വിഭവശേഷിയും ബുദ്ധിവൈഭവവും കേരളത്തിന്റെ ഭൗതികവും വൈജ്ഞാനികവുമായ വളർച്ചയ്ക്കും വികാസത്തിനും മുതൽക്കൂട്ടായി. ഇരുഭാഗത്തും പ്രയോജനപ്പെടും വിധമുള്ള ഈടുറ്റൊരു പ്രവർത്തന പ്ലാറ്റ്ഫോം രൂപപ്പെട്ടു. ലോക കേരളസഭയുടെ ആദ്യ രണ്ടു വർഷങ്ങളിൽ ഇതൊക്കെ സങ്കൽപങ്ങളിൽ നിന്നു യാഥാർത്ഥ്യങ്ങളിലേക്കു പരിവർത്തിപ്പിച്ചെടുക്കുകയായിരുന്നു കേരള സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക കേരളസഭയുടെ തുടർച്ചയായി ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരിച്ചു. പ്രവാസികളിൽനിന്ന് 74 ശതമാനം ഓഹരി മൂലധന നിക്ഷേപം സമാഹരിച്ചും സർക്കാർ തന്നെ 26 ശതമാനം ഓഹരി മൂലധനം നിക്ഷേപിച്ചുമാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ആരുടെയും സങ്കൽപത്തിൽ പോലും ഇതുവരെ ഉണ്ടായിട്ടില്ലാത്ത പദ്ധതികളുമായി കേരളം മുമ്പോട്ടുപോകുമ്പോൾ, അതിലൊക്കെ പ്രവാസി സമൂഹത്തിനു സഹകരിക്കാവുന്ന സാധ്യതയുടെ അനവധി മേഖലകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള റീബിൽഡ്, വികസന കോൺക്ലേവ്, അസെൻഡ്, പ്രവാസി ചിട്ടി, എൻആർഐ ഇൻവെസ്റ്റ്മെന്റ് കമ്പനി, മസാലാ ബോണ്ട് എന്നിങ്ങനെ നൂനത പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. പ്രവാസി നിക്ഷേപ കമ്പനിക്ക് അനുബന്ധമായി പ്രവാസി നിർമ്മാണ കമ്പനി, പ്രവാസി വനിതകൾക്കായുള്ള വനിതാ സെൽ, പ്രവാസി ജീവിതത്തിലുണ്ടാവാനിടയുള്ള വിഷമതകളെക്കുറിച്ച് ജാഗ്രതപ്പെടുത്തുന്ന പ്രവാസി ഫെസിലിറ്റേഷൻ സെന്റർ, ഫ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ സെന്റർ, നൈപുണ്യ വികസനത്തിനായുള്ള ഹൈപവർ കമ്മിറ്റി നവീകരിക്കൽ, ആതിഥേയ രാജ്യങ്ങളിലെ ഭാഷ പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ തുറക്കൽ, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രത്തിന്റെ രൂപീകരണത്തിനായുള്ള നടപടി, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം എന്നിവ തുടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടു. 791 പ്രവാസികൾക്ക് കഴിഞ്ഞവർഷം 15 കോടി രൂപ സബ്സിഡിയായി നൽകി.

പ്രവാസ ജീവിതത്തിനുശേഷം അവശരായി മടങ്ങുന്നവർക്കായുള്ള സാന്ത്വന പദ്ധതിയിലൂടെ പോയവർഷം 25 കോടി രൂപ അർഹരായവർക്കു നൽകി. പ്രവാസിക്ഷേമ ബോർഡിന്റെ പ്രവർത്തനം കൂടുതൽ വിപുലവും കാര്യക്ഷമവുമാക്കും. ഇതിലേക്ക് സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം ഇനിയും വർധിപ്പിക്കാൻ കഴിയുമെങ്കിലും, അതിനു പരിമിതികളുണ്ട്. ഈ പരിമിതികളെ കേന്ദ്ര സർക്കാർ, ആതിഥേയ രാജ്യങ്ങൾ, തൊഴിൽദാതാക്കൾ തുടങ്ങിയവരുടെ സംഭാവനകൾ ഉറപ്പാക്കി പരിഹരിക്കാൻ കഴിയണം. തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പ, സഹകരണ സംഘവും മറ്റും രൂപീകരിച്ചു മുമ്പോട്ടുപോകാവുന്ന അവസ്ഥ തുടങ്ങിയവ ഉറപ്പാക്കാനുള്ള ഇടപെടൽ പ്രധാനമാണ്. കുടിയേറ്റത്തിലെ മാറുന്ന പ്രവണതകൾ മനസിലാക്കി വേണം കാര്യങ്ങൾ നീക്കേണ്ടതെന്നതിനാൽ അതിന്റെ അടിസ്ഥാനത്തിലുള്ള പുനഃക്രമീകരണങ്ങൾ കേരളം നടത്തിവരികയാണ്. വേതനം തടഞ്ഞുവയ്ക്കൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ തുടങ്ങിയവയുടെയൊക്കെ കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ എംബസികളെ സജ്ജമാക്കാൻ കേന്ദ്രം ശ്രദ്ധിക്കണം. നിർഭാഗ്യവശാൽ അതും ഉണ്ടാവുന്നില്ല. പ്രവാസി ലീഗൽ സെൽ വലിയ ആശ്വാസമാവുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം പറഞ്ഞു.

Eng­lish sum­ma­ry: Wel­fare of expa­tri­ates; pres­sure on Cen­ter leg­is­la­tion: CM