വെൽഫെയർ പാർട്ടിയുമായുള്ള സഖ്യ നീക്കം; മുസ്ലീംലീഗിൽ അഭിപ്രായഭിന്നത രൂക്ഷം

അനിൽകുമാർ ഒഞ്ചിയം

കോഴിക്കോട്

Posted on July 02, 2020, 3:45 pm

അനിൽകുമാർ ഒഞ്ചിയം

വെൽഫെയർ പാർട്ടിയുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൈകോർക്കാനുള്ള മുസ്ലീംലീഗ് നേതൃത്വത്തിന്റെ നീക്കം പാർട്ടിയെ പിടിച്ചുലയ്ക്കുന്നു. ഇക്കാര്യത്തിൽ ലീഗ് നേതൃത്വവും അണികളും രണ്ടുതട്ടിലായ അവസ്ഥയിലാണ്. പാർട്ടിയുടെ പ്രാദേശിക ഘടകങ്ങൾ ഇരുഭാഗങ്ങളിലായി തിരിഞ്ഞ് പാർട്ടി നേതൃത്വത്തിന് കത്തുകളയക്കുന്ന തിരക്കിലാണ്. തീവ്രവാദികൾക്ക് മുഖ്യധാരയിലെത്താൻ പാർട്ടി വാതിൽ തുറന്നുകൊടുക്കുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ മുസ്ലീംലീഗിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ഗുണകരമാകുമെന്നാണ് മറുപക്ഷത്തിന്റെ വാദം.

ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം നിലപാടുകൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുന്നതായാണ് പാർട്ടിയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. യു ഡി എഫ് നേതൃത്വം സഖ്യം സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ലീഗിൽ അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുന്നത്. മുസ്ലീംലീഗ് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചതോടെ യു ഡി എഫ് സഖ്യചർച്ചകളുമായി ബഹുദൂരം മുന്നോട്ട് പോയിരുന്നു. മുസ്ലീംലീഗ് അതിന്റെ പ്രാദേശിക ഘടകങ്ങളിൽപ്പോലും ഇതിനകം വിഷയം ചർച്ചചെയ്തിട്ടുമുണ്ട്. എന്നാൽ പാർട്ടിയിൽ അഭിപ്രായഐക്യമുണ്ടാക്കാനുള്ള നേതൃത്വത്തിന്റെ നീക്കം പാടെ പാളിയിരിക്കുകയാണ്.

വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതോടെ മുസ്ലീംലീഗിന്റെ അസ്തിത്വം തന്നെ ചോദ്യംചെയ്യപ്പെടുമെന്നും ഇത് ഒരുകാരണവശാലും അംഗീകരിച്ചുകൊടുക്കരുതെന്നുമാണ് പാർട്ടിയിലെ പ്രബല വിഭാഗം വാദിക്കുന്നത്. പാർട്ടിയുടെ മതേതര പ്രതിച്ഛായക്ക് ഇത് കോട്ടംതട്ടുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുസ്ലീംസംഘടനകളുടെ ഏകീകരണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് ഇത് ആക്കംകൂട്ടുമെന്നാണ് എതിർപക്ഷത്തിന്റെ നിലപാട്. ഏത് നിലപാടെടുക്കണമെന്ന കാര്യത്തിൽ ലീഗ് നേതൃത്വം ഇരുട്ടിൽ തപ്പുമ്പോൾ യു ഡി എഫ് നേതൃത്വത്തിന്റെ പഴിയും ലീഗിനുനേരെത്തന്നെയാണ്.

വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് നേതൃത്വം തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലീംലീഗ് നേതാവുമായ എം കെ മുനീർ എം എൽ എ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എടുക്കാത്ത ഒരു തീരുമാനത്തെക്കുറിച്ച് ലീഗ് മറുപടി പറയേണ്ട കാര്യമില്ലെന്നും ഇതുസംബന്ധിച്ച് പാർട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുനീർ വ്യക്തമാക്കി. എന്നാൽ ഇരുപാർട്ടികളുടേയും നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ചർച്ചകളെക്കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.

ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തിനെതിരെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗിനൊപ്പം രാഷ്ട്രീയ നിലപാടെടുത്ത് നിൽക്കുന്ന സമുദായ സംഘടനയായ ഇ കെ സുന്നി വിഭാഗത്തിന്റെ സമസ്തയും രംഗത്തുവന്നിരുന്നു. സംഘടനയുടെ മുഖപത്രമായ ‘സുപ്രഭാത’തത്തിൽ ഉമർഫൈസി മുക്കം എഴുതിയ ലേഖനത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ നിലപാടുകൾ പിന്തുടരുന്ന വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവും പാടില്ലെന്ന് വ്യക്തമാക്കിയത്.

Eng­lish sum­ma­ry: wel­fare par­ty alliance

You may also like this video: