Web Desk

തിരുവനന്തപുരം

March 26, 2020, 9:10 pm

വാക്ക് പാലിച്ച് സർക്കാർ: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

Janayugom Online

സംസ്ഥാനത്ത് കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്കൊപ്പമുണ്ടെന്ന വാക്ക് പാലിച്ച് സർക്കാർ. ക്ഷേമ പെൻഷൻ അർഹരായവരുടെ കൈകളിലേക്ക് എത്തിത്തുടങ്ങി. സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കൾക്കാണ് 2400 രൂപ വീതം ക്ഷേമ പെൻഷൻ സർക്കാർ വിതരണം ചെയ്യുന്നത്. ഇതിൽ പകുതിയോളം പേർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ മുഖാന്തിരവും ബാക്കിയുള്ളവർക്ക് നേരിട്ട് വീടുകളിൽ എത്തിക്കുകയുമാണ് ചെയ്യുന്നത്.

സംസ്ഥാനത്തെ 1564 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പെൻഷൻ വീടുകളിൽ എത്തിക്കുന്നത്. ഈ സംഘങ്ങളിലെ 7500 ഓളം ജീവനക്കാരാണ് പെൻഷൻ വിതരണ യജ്ഞത്തിൽ പങ്കാളികളാവുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാണ് പെൻഷൻ വിതരണം. വിതരണം മാർച്ച് 31 ന് തന്നെ പൂർത്തീകരിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ പരമാവധി വീടുകളിൽ എത്തിച്ച് നൽകണമെന്ന നിർദ്ദേശമാണ് ബന്ധപ്പെട്ട സഹകരണ സംഘങ്ങൾക്ക് നൽകിയിരിക്കുന്നത്.

കോവിഡിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പോകുവാൻ പ്രയാസമുണ്ടെങ്കിൽ ഭരണ സമിതിയുമായി ചർച്ച ചെയ്ത് പെൻഷൻ വീട്ടിലെത്തിക്കുവാൻ മറ്റു വഴികൾ ആലോചിച്ച് നടപ്പിലാക്കാൻ ശ്രമിക്കും. മറ്റ് വഴികൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ മാത്രം പരാതിക്ക് ഇടവരുത്താത്ത രീതിയിൽ പെൻഷൻകാരുടെ ബാങ്കിലുള്ള അക്കൗണ്ടിൽ തുക നിക്ഷേപിക്കും. പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കയ്യിൽ തന്നെ പണമെത്തിക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാൻ സഹകരണ മേഖല വലിയ പരിശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Eng­lish Sum­ma­ry; wel­fare pen­sion dis­tri­b­u­tion has been start­ed in the state

YOU MAY ALSO LIKE THIS VIDEO