ഭൂമിയില്‍ ജീവന്റെ ഉത്ഭവം ജലത്തില്‍ നിന്നായിരുന്നു എന്നാണ് ജീവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ജന്തുക്കളും സസ്യങ്ങളും ഉള്‍പ്പെടെയുള്ള സമസ്ത ജീവജാലങ്ങള്‍ക്കും ജലമില്ലാതെ ജീവിതം സാധ്യമാവുകയില്ല. എണ്ണമറ്റ ജീവികളുടെ ആവാസസ്ഥലം കൂടിയാണ് ജലം. ജലത്തിന്റെ അളവു കുറഞ്ഞുവരുന്നു. ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് കുടിവെള്ളത്തിനുവേണ്ടി ആയിരിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. നീരുറവകളും നീര്‍ച്ചാലുകളും വറ്റിവരണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയുടെ വരദാനമായ തണ്ണീര്‍ത്തടങ്ങളുടെ പ്രസക്തി ഏറെ വര്‍ധിച്ചിരിക്കുകയാണ്. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് ആഗോള വ്യാപകമായി ഫെബ്രുവരി രണ്ട് ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കുന്നു. ദിനാഘോഷത്തിന്റെ ഭാഗമായി ഓരോവര്‍ഷവും കാലികപ്രസക്തിയുള്ള ഓരോ വിഷയങ്ങളാണ് ഏറ്റെടുക്കുന്നത്.
“തണ്ണീര്‍ത്തടവും ജൈവവൈവിധ്യവും’ എന്നതാണ് 2020 ലെ വിഷയം. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണാര്‍ത്ഥം 157 ലോകരാഷ്ട്ര പ്രതിനിധികള്‍ പങ്കെടുത്ത ഒരു സമ്മേളനം 1971 ഫെബ്രുവരി രണ്ടിന് ഇറാനിലെ റാംസര്‍നഗരത്തില്‍ കൂടുകയുണ്ടായി. അവര്‍ അംഗീകരിച്ച ഉടമ്പടിയെ ‘റാംസര്‍ ഉടമ്പടി’ എന്നാണ് അറിയപ്പെടുന്നത്. 1975 ല്‍ പ്രാബല്യത്തില്‍ വന്ന ഈ ഉടമ്പടിയില്‍ ഇതുവരെ 167 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ തണ്ണീര്‍ത്തടങ്ങളെ സംബന്ധിച്ച് റാംസര്‍ ഉടമ്പടിയില്‍ പൊതുവെ അംഗീകരിച്ച നിര്‍വചനം, ആറ് മീറ്ററിലധികം ആഴമില്ലാത്ത സമുദ്രജലമുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍, വര്‍ഷത്തില്‍ ആറുമാസമെങ്കിലും ജലാവൃതമൊ, ജലം നിറഞ്ഞതോ, ജലത്താല്‍ മുങ്ങിയതോ ആയ പ്രദേശങ്ങള്‍ എന്നിവയെയാണ്. നദികള്‍, കായലുകള്‍, വയലുകള്‍, അഴിമുഖങ്ങള്‍, ചതുപ്പുകള്‍, കുളങ്ങള്‍, ഉപ്പളങ്ങള്‍, കണ്ടല്‍ക്കാടുകള്‍ തുടങ്ങിയവയെല്ലാം തണ്ണീര്‍ത്തടത്തിന്റെ പരിധിയില്‍ വരുന്നവയാണ്. തണ്ണീര്‍ത്തടങ്ങളെ പ്രകൃതിജന്യമെന്നും മനുഷ്യനിര്‍മ്മിതമെന്നും രണ്ടായിതിരിച്ചിട്ടുണ്ട്.
നദികള്‍, കായലുകള്‍, നെല്‍വയലുകള്‍ മുതലായ സ്വാഭാവിക തണ്ണീര്‍ത്തടങ്ങളും ചെമ്മീന്‍ കെട്ടുകള്‍, കല്ലുവെട്ടുകുഴികള്‍, കുളങ്ങള്‍, ഉപ്പളങ്ങള്‍, ജലസേചനത്തിനും മറ്റുമായി നിര്‍മ്മിച്ചിട്ടുള്ള തടാകങ്ങള്‍ എന്നിവ കൃതൃമതണ്ണീര്‍ത്തടങ്ങളുമാണ്. റാംസര്‍ പട്ടിക വിവിധ രാജ്യങ്ങളിലെ അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍ത്തടങ്ങളുടെ പട്ടികയാണ് റാംസര്‍ പട്ടിക. പാരിസ്ഥിതികവും ജൈവവൈവിധ്യ പ്രാധാന്യവും മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രയോജനപ്രദവുമായ സവിശേഷതകളുള്ള തണ്ണീര്‍ത്തടങ്ങള്‍ക്കാണ് പട്ടികയില്‍ അംഗീകാരം ലഭിക്കുന്നത്. റാംസര്‍ പട്ടികയില്‍ കേരളത്തില്‍ നിന്നും ആദ്യം ഉള്‍പ്പെടുത്തിയത് അഷ്ടമുടിക്കായലിനെയാണ്. വേമ്പനാട്ടുകായല്‍ കോള്‍നിലങ്ങള്‍, ശാസ്താംകോട്ട കായല്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു. വേമ്പനാട്ടുകായലാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിസ്തൃതിയുള്ള റാംസര്‍ തണ്ണീര്‍ത്തടം. ഇന്ത്യയില്‍ നിന്ന് 27 തണ്ണീര്‍ത്തടങ്ങളെ റാംസര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴത്തെ കണക്കുപ്രകാരം ലോകത്താകമാനം 2,300 ‘റാംസര്‍ സൈറ്റുകള്‍’ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തണ്ണീര്‍ത്തടങ്ങളുടെ പ്രസക്തി പാരിസ്ഥിതിതിക സുസ്ഥിരത നിലനിര്‍ത്തുന്നതിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഉല്പാദനക്ഷമതയുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും തണ്ണീര്‍ത്തടങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ സീമാതീതമാണ്. കൃഷി, ചെറുകിടവ്യവസായങ്ങള്‍, മത്സ്യബന്ധനം, വിനോദസഞ്ചാരം, തൊഴിലിടങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടങ്ങളില്‍ നിന്നും ലഭ്യമാകുന്നതാണ്. ഭൂഗര്‍ഭജലവിതാനം നിലനിര്‍ത്തുന്നതിലൂടെ വരള്‍ച്ചയെ നിയന്ത്രിക്കുകയും ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവയെ തടയുകയും മാലിന്യങ്ങളെ അരിച്ചുമാറ്റി ജലത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. വിവിധങ്ങളായ നീര്‍പക്ഷികള്‍ ഉഭയജീവികള്‍, മത്സ്യങ്ങള്‍ കണ്ടല്‍ ഉള്‍പ്പെടെയുള്ള സസ്യങ്ങള്‍ എന്നിവയ്ക്ക് ആവാസസ്ഥാനം ഒരുക്കുന്നതും തണ്ണീര്‍ത്തടങ്ങളാണ്. ഇല്ലാതാകുന്ന തണ്ണീര്‍ത്തടങ്ങള്‍ വളരെയധികം ജൈവവൈവിധ്യ പ്രാധാന്യമുള്ളവയാണ് തണ്ണീര്‍ത്തടങ്ങളെങ്കിലും വനത്തേക്കാളധികം ഭീഷണി നേരിടുന്നത് തണ്ണീര്‍ത്തടങ്ങളാണ്. ജനസംഖ്യാ വര്‍ധനവുമായി ബന്ധപ്പെട്ടുണ്ടായ നഗരവല്‍ക്കരണം വ്യവസായവല്‍ക്കരണം, ആഗോളതാപനം എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. തോടുകളും കുളങ്ങളും തടാകങ്ങളും പാടശേഖരങ്ങളുമെല്ലാം നികത്തപ്പെട്ടുകൊണ്ടിരിക്കുന്നു.
പല നീര്‍ത്തടങ്ങളും വെള്ളം ഒഴുകിപ്പോകാനാകാതെയും മാലിന്യങ്ങള്‍ നിക്ഷേപിച്ചും ദുഷിച്ചു ദുര്‍ഗന്ധപൂരിതമായി കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചിരുന്ന മത്സ്യങ്ങള്‍, പക്ഷികള്‍, ആമകള്‍ എന്നിവയില്‍ മിക്കതിനും നാശം സംഭവിക്കുകയൊ വംശനാശ ഭീഷണിയിലാവുകയൊ ചെയ്തിട്ടുണ്ട്. കാര്‍ഷികസംസ്കൃതിയുടെ ഭാഗമായിരുന്ന നമ്മുടെ നാട് ഒരു ഉപഭോഗ സംസ്ഥാനമായിമാറിയ കാരണങ്ങളില്‍ പ്രധാനമായത് തണ്ണീര്‍ത്തടങ്ങളുടെ നാശം കൂടിയാണ്. 1970 ല്‍ കേരളത്തില്‍ 8.75 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടമുണ്ടായിരുന്നതില്‍ മുക്കാല്‍ ഭാഗവും എന്നേ നികത്തിക്കഴിഞ്ഞു. കേരള നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമം 2008 ആശ്വാസകരമാണെങ്കിലും പൂര്‍ണമായി ഫലവത്താക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. നമ്മുടെ നാടിന് ഹരിതാഭയേറുന്നതിനും ജൈവവൈവിധ്യത്തെ സമ്പന്നമാക്കുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ ആരോഗ്യപരമായി നിലനില്‍ക്കേണ്ടതുണ്ട്. പെയ്യുന്ന മഴവെള്ളത്തെ ഭൂമിയിലാഴ്ത്തുകയും നീര്‍ത്തടങ്ങളെ പരിപൂരിതമാക്കുന്നതിനുള്ള ശാസ്ത്രീയ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനുമായി നമുക്ക് പരിശ്രമിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.