March 23, 2023 Thursday

എന്തൊരു വീറെൻ സഖാക്കളെ…

പി എസ് സുരേഷ്
March 22, 2020 11:43 am

”എനിക്കു നാദം തന്നവരേ, എനിക്കു ഗാനം തന്നവരേ, എന്നാതാമാവിന്നുയര്‍ന്നു പറക്കാന്‍ പൊന്നിന്‍ചിറകു തരുന്നവരേ, മറന്നുപോയോ നിങ്ങളുമിന്നെന്‍ മറഞ്ഞുപോയ പുരാവൃത്തം.….” (‘പുതിയ കൊല്ലനും പുതിയൊരാലയും’- പുതുശ്ശേരി)

‘കൊല്ലന്റെയും’ ‘ആലയുടെയും’ അദ്ധ്വാനശക്തി കവിതയില്‍ പകർന്ന് സഹൃദയനെയും, ഭാഷാഗവേഷണ പാടവം കൊണ്ട് പണ്ഡിതരെയും, ശിഷ്യവാത്സല്യം കൊണ്ട് വിദ്യാർത്ഥികളെയും ഒപ്പം ചേർത്തുനിർത്തിയ ഡോ. പുതുശ്ശേരി രാമചന്ദ്രൻ നമ്മെ വിട്ടുപിരിഞ്ഞു. ഒമ്പത് ദശാബ്ദത്തിലധികം നീണ്ടുനിന്ന സാർത്ഥകമായ ജീവിതത്തിനാണ് അന്ത്യമായത്. ജീവിതയാത്രയിൽ വഴിമുട്ടി നിന്ന സന്ദർഭങ്ങളിലെല്ലാം ചില വിശ്വാസപ്രമാണങ്ങളും ആശയങ്ങളും അദ്ദേഹത്തെ പ്രചോദിപ്പിച്ചു. ജനിച്ചുവളർന്ന വള്ളികുന്നം എന്ന ഗ്രാമവും അവിടുത്തെ വിപ്ലവപ്രസ്ഥാനങ്ങളും ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും മറികടക്കാനുള്ള മനക്കരുത്ത് നൽകി.

വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും തുടങ്ങി ജീവിതത്തിന്റെ ഓരോഘട്ടത്തിലും ഉണ്ടായ എതിർപ്പുകളെ വീറോടും വാശിയോടും എതിരിടാൻ അദ്ദേഹത്തിന് സാധിച്ചത് അനുഭവത്തിന്റെ തീച്ചൂളയുടെ പിൻബലമായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഹൈസ്ക്കൂൾ ക്ലാസിൽ പഠിച്ചിരുന്ന രാമചന്ദ്രൻ പുറത്തായത് സ്വാതന്ത്ര്യസമരം തലയ്ക്ക് പിടിച്ചതുകൊണ്ടുതന്നെ. യാഥാസ്ഥികരായ പാതിരിമാർ നടത്തുന്ന കറ്റാനം പോപ്പ് പയസ് സ്കൂളിൽ അന്ന് സമരം ചെയ്യുന്നതും സംഘടനാപ്രവർത്തനം നടത്തുന്നതും കടുത്ത അപരാധമായിരുന്നു. ഖാദി ജുബ്ബയും മുണ്ടും തോളത്ത് ഖദർഷാളും തലയിൽ ഗാന്ധിത്തൊപ്പിയുമണിഞ്ഞ് വള്ളികുന്നത്തുനിന്ന് ആറേഴുകിലോമീറ്റർ അകലെയുള്ള ആ സ്കൂളിലേക്ക് പോകുന്ന രാമചന്ദ്രൻ എന്ന വിദ്യാർത്ഥി ഏവർക്കും കൗതുകമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെയും സാമൂഹ്യമാറ്റത്തിന്റെയും അലയടി ഉയർന്ന വള്ളികുന്നം ഗ്രാമത്തിൽ വന്ന മാറ്റം സ്വാഭാവികമായും ഈ വിദ്യാർത്ഥിയെയും സ്വാധീനിച്ചു. ഉറ്റവരായ രണ്ട് ചേട്ടന്മാരുടെ; അതായത് കാമ്പിശ്ശേരി കരുണാകരന്റെയും തോപ്പിൽ ഭാസിയുടെയും ദു‍ഃസ്വാധീനവും അതിന് സഹായകമായിരുന്നു. പേട്ടയിൽ രാജേന്ദ്രന്റെ രക്തസാക്ഷിത്വത്തെ തുടർന്ന് സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പുള്ള നാളുകളിൽ നാടാകെ ആളിപ്പടർന്ന വിദ്യാർത്ഥിസമരം പോപ്പ് പയസ് സ്കൂളിലും വ്യാപിച്ചു. സമരത്തിന് നേതൃത്വം നൽകിയ രാമചന്ദ്രൻ ഉൾപ്പെടെയുള്ള ഏതാനും വിദ്യാർത്ഥികൾ സസ്പെൻഷനിലായി. മാപ്പെഴുതിക്കൊടുത്താൽ സ്കൂൾ പ്രവേശനം അനുവദിക്കാമെന്ന അധികൃതരുടെ അഭിപ്രായത്തെ മാനിക്കാൻ ആ വിദ്യാർത്ഥിയുടെ ആത്മാഭിമാനം അനുവദിച്ചില്ല.

1947 ആഗസ്റ്റ് 14ന് അര്‍ദ്ധരാത്രിയിൽ ആ വിദ്യാർത്ഥിയും ഏതാനും സഹപ്രവർത്തകരും ചേർന്ന് മറ്റൊരു സാഹസവും കാട്ടി. സ്കൂളിന് മുന്നിൽ ദേശീയപതാകയുയർത്തി. തിരുവിതാംകൂറിന്റെ പതാക ഉയര്‍ത്താനിരുന്ന സ്കൂൾ അധികൃതർക്ക് ഇത് തീരെ സഹിച്ചില്ല. അതോടെ സസ്പെൻഷൻ നടപടികൾ പിന്നെയും നീണ്ടു. വള്ളികുന്നത്തുനിന്ന് കാമ്പിശ്ശേരി കരുണാകരനും തോപ്പിൽ ഭാസിയും പേരൂർ മാധവൻപിള്ളയും സ്കൂളിലെത്തി അധികൃതരുമായി സംസാരിക്കുകയും അക്രമരഹിതമായ ഭാഷ വെടിയുകയും ചെയ്തപ്പോൾ നടപടി പിൻവലിക്കേണ്ടിവന്നു. സ്കൂൾവിദ്യാഭ്യാസകാലത്ത് എഴുതിപ്രസിദ്ധീകരിച്ച സ്നേഹഗായകൻ എന്ന കവിതാസമാഹാരത്തിലൂടെ പുതുശ്ശേരി രാമചന്ദ്രനെന്ന കവിയെ നാടറിഞ്ഞു. ആ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് നിരൂപകനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് അദ്ധ്യാപകനുമായിരുന്ന എസ് ഗുപ്തൻനായരായിരുന്നു. അതോടെ രാമചന്ദ്രൻ ചില്ലറക്കാരനല്ലെന്ന് പലരും പറയാൻ തുടങ്ങി. അമ്മാവനായ പുതുപ്പള്ളി രാഘവന്റെ വരവ് വള്ളികുന്നം പ്രദേശത്ത് രാഷ്ട്രീയമാറ്റങ്ങൾക്ക് വഴിതെളിച്ചു. സ്വാതന്ത്ര്യസമരത്തിനും കോൺഗ്രസിനും എതിരുനിന്ന ജന്മിമാരും നാട്ടുപ്രമാണിമാരും സ്വാതന്ത്ര്യം കിട്ടിയതോടെ അധികാരക്കൊതി മൂത്ത് കോൺഗ്രസിലേക്കൊഴുകി. ഉൽപതിഷ്ണുക്കളായ യുവാക്കളെ ഇത് അരിശം കൊള്ളിച്ചു. പുതുപ്പള്ളിയുടെ രംഗപ്രവേശം ആ സമയത്തായിരുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ടും കർഷകത്തൊഴിലാളികളുടെ അടിമജീവിതത്തിന് യാതൊരുമാറ്റവും ഉണ്ടാകാത്തതിൽ മനംമടുത്ത ഇളംതലമുറക്കാർ പ്രതികരിക്കാൻ തുടങ്ങി. തോപ്പിൽഭാസിയും കാമ്പിശ്ശേരിയും പുതുശ്ശേരിയും ചേർന്ന് രൂപപ്പെടുത്തിയ ഭാരതതൊഴിലാളി എന്ന കയ്യെഴുത്ത് മാസികയിലൂടെയും അവരുടെ എഴുത്തുകളിലൂടെയും നാടകങ്ങളിലൂടെയും ജനങ്ങളെ പ്രബുദ്ധരാക്കാൻ ശ്രമിച്ചു. പുന്നപ്ര വയലാര്‍ സമരത്തിലെ കൂട്ടക്കൊലയിലും അധികാരത്തിന്റെ മുഷ്കിലും നാട്ടിൽ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. ആ പശ്ചാത്തലത്തിലാണ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ആദ്യത്തെ ഘടകം രൂപീകൃതമാകുന്നത്.

പുതുശ്ശേരി രാമചന്ദ്രനും അതിൽ അംഗമായി. ഒരാൾ കമ്മ്യൂണിസ്റ്റായാൽ അക്കാലത്ത് എന്ത് സംഭവിക്കുമോ അതെല്ലാം അവിടെയും സംഭവിച്ചു. കള്ളക്കേസ്, പൊലീസ് മർദ്ദനം, ഒളിവ് ജീവിതം തുടങ്ങിയവ അരങ്ങേറി. സ്വാഭാവികമായും പുതുശ്ശേരിയും പൊലീസിന്റെ നോട്ടപ്പുള്ളിയായി. പൊലീസ് അന്വേഷിച്ചുവന്ന ദിവസം കൊല്ലത്ത് എസ്എൻ കോളജിൽ ഇന്റർമീഡിയറ്റിന് ചേരാൻ വേണ്ടി പോയതുകൊണ്ട് അന്ന് അദ്ദേഹം രക്ഷപെട്ടു എന്നുമാത്രം. കൊല്ലം എസ്എൻ കോളജ് ആരംഭിച്ചതിന്റെ രണ്ടാംവർഷമായിരുന്നു ആദ്യത്തെ ഇന്റർമീഡിയറ്റ് ബാച്ച് തുടങ്ങിയത്. അതിൽ സെക്കന്റ് ഗ്രൂപ്പ് വിദ്യാർത്ഥിയായി പുതുശ്ശേരി ചേർന്നു. വിദ്യാർത്ഥിഫെഡറേഷന്റെ ഘടകത്തിലും കോളജ് വിദ്യാർത്ഥികളുടെ പാർട്ടിസെല്ലിലും അംഗമായി. നിരന്തരമായ സമരങ്ങളാണ് എസ്എൻ കോളജിൽ അക്കാലത്ത് നടന്നത്. ആദ്യം ഡിറ്റൻഷനെതിരെയും പിന്നെ യൂണിയൻ തെരഞ്ഞെടുപ്പിന് വേണ്ടിയും സമരം നടന്നു. തുടർന്ന് യൂണിയൻ ഉദ്ഘാടനത്തിന് ആരെ ക്ഷണിക്കണമെന്നതിനെ ചൊല്ലിയുള്ള തർക്കം അതിശക്തമായ സമരമായി വളർന്നു. മാനേജ്മെന്റും വിദ്യാർത്ഥികളും വിട്ടുവീഴ്ചയ‌്ക്ക് തയ്യാറായില്ല. പൊലീസിനെക്കൊണ്ട് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. മർദ്ദനം ഏറിയപ്പോഴും കുട്ടികളുടെ വീറ് വർദ്ധിച്ചതേയുള്ളു. ഒ മാധവനും പുതുശ്ശേരിയും ഉൾപ്പെടെ നിരവധി വിദ്യാർത്ഥി നേതാക്കൾ ലോക്കപ്പിലായി. പലർക്കും ക്രൂരമർദ്ദനമേറ്റു. ആശുപത്രിലോക്കപ്പിൽ കഴിഞ്ഞ ഒ മാധവന് നേരെ ഒരു പൊലീസുകാരൻ നടത്തിയ അതിക്രമം സമരത്തിന്റെ ഗതി മാറ്റി. നഗരമൊന്നാകെ ഇളകിമറിഞ്ഞു. ഗത്യന്തരമില്ലാതെ സർക്കാരും മാനേജ്മെന്റും ഒത്തുതീർപ്പിന് തയ്യാറായി. സമരം വിജയിച്ചു. പുരോഗമനസാഹിത്യകാരനായ കിഷൻചന്ദറെ വിളിച്ച് യൂണിയൻ ഉദ്ഘാടനം നടത്തിയതോടെ രംഗത്തിന് ശുഭപര്യവസാനം. എസ്എൻ കോളജ് ജീവിതം പുതുശ്ശേരിക്ക് രാഷ്ട്രീയക്കളരി മാത്രമായിരുന്നില്ല. സാഹിത്യക്കളരിയുമായിരുന്നു. പ്രതിഭാശാലികളും സമർത്ഥരുമായ അധ്യാപകരുടെ മുന്നിലിരുന്ന് പഠിക്കാൻ സാധിച്ചു. അതുപോലെ പൊലീസ് മർദ്ദനവും ലോക്കപ്പ് ജീവിതവും മറ്റൊരനുഭവമായി. തന്റെ പില്‍ക്കാലജീവിതത്തിന് ബലത്ത അടിത്തറ ഇവയൊക്കെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്റർമീഡിയറ്റിന് പരാജയപ്പെട്ട് നാട്ടിലെത്തിയ പുതുശ്ശേരിയെ സ്വീകരിച്ചത് ഭീകരമായ പൊലീസ്‌രാജാണ്. ശൂരനാട് സംഭവത്തെ തുടർന്നുള്ള നാളുകൾ പൊലീസിന്റെ ഉരുക്ക് മുഷ്ടിയിൽ ശൂരനാടും തൊട്ടടുത്ത വള്ളികുന്നവും അമർന്നു. പൗരാവകാശം ചവുട്ടിയരച്ചു. പുതുപ്പള്ളി രാഘവനും, പേരൂർ മാധവൻപിള്ളയും സി കെ കുഞ്ഞിരാമനും ഒപ്പം ശൂരനാട്ടെ നിരവധി സഖാക്കളും ലോക്കപ്പുകളിലായി. കമ്മ്യൂണിസ്റ്റ് എന്ന് കേട്ടാൽ ഹാലിളകുന്ന കാലം. പാർട്ടിപ്രവർത്തനം തീർത്തും അസാധ്യമായ നാളുകൾ. അവിടേക്കാണ് മീശ കുരുക്കാത്ത പുതുശ്ശേരി രാമചന്ദ്രൻ എത്തിയത്. അനിശ്ചിതത്വം നിറഞ്ഞ ആ കാലയളവിൽ പാർട്ടിയുടെ ചുമതല നേതാക്കൾ രാമചന്ദ്രന്റെ ചുമലിലേൽപിച്ചു. പോറ്റിസാറും കെ എൻ ഗോപാലനും ജയിൽ വിമോചിതരായതോടെ പ്രവർത്തനം ഊർജ്ജിതമായി.

പൊലീസ് കശക്കിയെറിഞ്ഞ ശൂരനാട് സഖാക്കളുടെ വീടുകൾ അവർ സന്ദർശിച്ചു. അവരുടെ റിലീഫിനും ശൂരനാട് കേസിലെ പ്രതികളുടെ നിയമസഹായത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനിടയിലാണ് ഭരണിക്കാവ് നിയമസഭാതെരഞ്ഞെടുപ്പ് വരുന്നത്. എമ്മെനായിരുന്നു സ്ഥാനാർത്ഥി. എതിർസ്ഥാനാർത്ഥികൾ രണ്ടുപേരും പുതുശ്ശേരിയുടെ അടുത്ത ബന്ധുക്കൾ. ജി പി നീലകണ്ഠപിള്ള (കോൺഗ്രസ്), പോക്കാട്ട് രാഘവൻ പിള്ള (പിഎസ്‌പി) എന്നിവരായിരുന്നു എതിർസ്ഥാനാർത്ഥികൾ. ഇരുവരും പുതുശ്ശേരിയുടെ അമ്മയെ സമീപിച്ച് രാമചന്ദ്രനെ പ്രവർത്തനത്തിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടു. പുതുശ്ശേരി അപ്പോഴേക്ക് എമ്മെന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. എമ്മെൻ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. ജനാധിപത്യശക്തികളുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു പിന്നെ കണ്ടത്. തുടർന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച തോപ്പിൽഭാസി വള്ളികുന്നത്തെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റുമായി. പന്തളം കോളജിലെ വിദ്യാർത്ഥിസമരത്തിൽ പ്രസംഗിച്ച പുതുശ്ശേരി അവിടുത്തെ അധ്യാപകൻ എം എസ് ദേവദാസിന്റെ ശ്രദ്ധയിൽപെട്ടത് യാദൃശ്ചികം. പുരോഗമനവാദിയായ അദ്ദേഹം പുതുശ്ശേരി തുടർപഠനത്തിന് തയ്യാറാകണമെന്ന് നിർബന്ധിക്കുകയും ആവശ്യമായ സഹായം ചെയ്തുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം നല്ലനിലയിൽ ഇന്റർമീഡിയറ്റ് പാസാകുന്നത്. തുടർവിദ്യാഭ്യാസത്തിനായി അദ്ദേഹം പാർട്ടിയിൽ നിന്ന് അവധിയും നേടി. ഡിഗ്രിക്ക് ചേരാൻ യൂണിവേഴ്സിറ്റി കോളജിൽ അപേക്ഷ നൽകിയത് ഗുപ്തൻനായര്‍ സാറിന്റെ പ്രേരണയിലാണ്. സയൻസ് വിഷയമെടുക്കാനായിരുന്നു പുതുശ്ശേരിക്ക് താൽപര്യം. രക്ഷിതാവിന്റെ ശാസനാസ്വരത്തിൽ ഗുപ്തൻനായർ സാർ ആ ആഗ്രഹം തല്ലിക്കെടുത്തി. തനിക്ക് ഐൻസ്റ്റീനോ ഫാരഡയോ ആകാൻ കഴിയുമോ, മലയാളമെടുത്താൽ കാര്യമായെന്തെങ്കിലും ചെയ്യാൻ കഴിയും എന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് മലയാളം ബിഎ ഓണേഴ്സിന് അപേക്ഷിച്ചത്. സമരക്കാരനായ പുതുശ്ശേരിക്ക് പ്രവേശനം നൽകരുതെന്ന് കാട്ടി പ്രിൻസിപ്പാളിന് നല്ല സമ്മർദ്ദം ഉണ്ടായപ്പോൾ പ്രവേശനം നിഷേധിച്ചു. അവസാനം മലയാളം അദ്ധ്യക്ഷ പ്രൊഫ. കോന്നിയൂർ മീനാക്ഷിയമ്മ വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുത്തുകൊള്ളാമെന്ന ഉറപ്പിലാണ് പ്രവേശനം ലഭിച്ചത്.

യൂണിവേഴ്സിറ്റി കോളജിലെ ജീവിതമാണ് അക്കാദമിക് സാഹിത്യമേഖലകളെ കൂടുതൽ വികസ്വരമാക്കിയത്. എൻ കൃഷ്ണപിള്ള, എസ് ഗുപ്തൻനായർ, ശ്രീകണ്ഠേശ്വരം കുഞ്ഞികൃഷ്ണപിള്ള, ആനന്ദക്കുട്ടൻനായർ തുടങ്ങിയ അധ്യാപക ശ്രേഷ്ഠരുടെ ക്ലാസുകൾ സീനിയർ വിദ്യാർത്ഥികളായ ഒ എൻവി, തിരുനെല്ലൂർ, എം കെ സാനു, ആറ്റൂർ രവിവർമ്മ, എബ്രഹാം ജോസഫ്, നബീസാഉമ്മാൾ തുടങ്ങിയവരുടെ സൗഹൃദം ഇതൊക്കെ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ഒന്നാംക്ലാസിൽ ഒന്നാംറാങ്കോടെയായിരുന്നു വിജയം. അദ്ദേഹത്തിന് അദ്ധ്യാപകജോലി നൽകിയത് സാക്ഷാൽ ആർ ശങ്കറായിരുന്നു. എസ് എൻ കോളജ് സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യേണ്ടവരുടെ ലിസ്റ്റ് കോളജ് മാനേജർ എന്ന നിലയിൽ ഒപ്പിട്ട അതേ കൈകൊണ്ടുതന്നെ ആ ഫസ്റ്റ് റാങ്കുകാരന് നിയമന ഉത്തരവും നൽകി. അതും ട്രസ്റ്റ് അംഗങ്ങളുടെ എതിർപ്പ് മറികടന്ന്. രാഷ്ട്രീയപരിഗണനകൾ നോക്കാതെ തന്റെ സ്ഥാപനത്തിൽ അക്കാദമിക് മികവ് മാത്രം മാനദണ്ഡമാക്കിയതിനാലാണ് ആർ ശങ്കറെ ആ നിയമനത്തിന് പ്രേരിപ്പിച്ചത്. അധ്യാപകജോലിക്കിടെ അവധിയെടുത്ത് ഗവേഷണം തുടർന്നു. യൂണിവേഴ്സിറ്റി സെന്ററിലെ അധ്യാപകനായി. കണ്ണശ്ശ രാമായണത്തിന്റെ ഭാഷാപഠനത്തിന് വേണ്ടി അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു. ഭാഷയുടെ അടിവേരുകൾ തേടി സുദീർഘമായ യാത്രകൾ നടത്തി. വട്ടെഴുത്ത് രേഖകളുടെ വ്യാഖ്യാനസഹിതമുള്ള പ്രസാധനം, സ്ഥലനാമപഠനം തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു. സർവ്വകലാശാലാ സിൻഡിക്കേറ്റംഗമായിരുന്ന സമയത്താണ് ലോകമലയാള സമ്മേളനം നടന്നത്. അതിന്റെ നടത്തിപ്പ് പുതുശ്ശേരിയുടെ സംഘടനാമികവാണ് വെളിപ്പെടുത്തിയത്. അക്കാദമിക് മേഖലയിൽ പഠിത്തവും പഠിപ്പിക്കലും മാത്രമല്ല അതിനപ്പുറമുള്ള സംഘടനാപ്രവർത്തനത്തിലും പലതും ചെയ്യാനുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ദ്രാവിഡ ഭാഷാ ശാസ്ത്രസംഘടന രൂപീകരിച്ചതും അതിനെതുടർന്നുള്ള സംരംഭങ്ങളും അതാണ് തെളിയിച്ചത്. ലോകത്തെ നിരവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. ലോകമൊട്ടാകെയുള്ള മലയാളികളെ കോർത്തിണക്കാൻ അദ്ദേഹം യത്നിച്ചു. മലയാളഭാഷയെ ശ്രേഷ്ഠഭാഷയാക്കുന്നതിലും പുതുശ്ശേരിയുടെ സാമർത്ഥ്യം കേരളം കണ്ടതാണ്. എക്കാലവും നാട്ടിൻപുറത്തുകാരന്റെ ജീവിതവിശുദ്ധിയും ലാളിത്യവുമാണ് അദ്ദേഹം പുലർത്തിയത്. മിത്രങ്ങളെപ്പോലെ ധാരാളം ശത്രുക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. ഉള്ളിൽ പൊള്ളലേൽപിച്ച ആ ചാരുമരങ്ങളെയും അദ്ദേഹം സ്നേഹിച്ചു. ആരോടും പരിഭവമില്ലാതെ വള്ളികുന്നത്തെ വയലേലകളിൽ അലിഞ്ഞുചേരാനായിരുന്നു ആ മനസ് ദാഹിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.