ഇന്ത്യയുടെ തലപ്പാവിനെന്തുപറ്റും: എന്താണ് ആര്‍ട്ടിക്കിള്‍ 370

Web Desk
Posted on August 05, 2019, 4:57 pm

ജമ്മുകശ്മീര്‍: തലയെടുത്തുപിടിച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യയുടെ തലപ്പാവാണ് ജമ്മുകശ്മീര്‍. തലമുറകളായി ഉറച്ചുപോയ വിശ്വാസമായതിനാല്‍ ഇന്ത്യക്കാര്‍ക്ക് ജമ്മുകാശ്മീര്‍ നാടിന്റെ അവിഭാജ്യഘടകമാണ്. ഏതു തലവേദനകളിലും ഇന്ത്യക്ക് ജമ്മുകാശ്മീരിനെ വിട്ടു ചിന്തിക്കാനാവില്ല തന്നെ.
ജമ്മുകശ്മീരിന് ശരിക്കും ഒരു തലപ്പാവുണ്ടായിരുന്നു. ഭരണഘടന പ്രകാരം പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370. രാഷ്ട്രപതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് അത് എടുത്തു കളഞ്ഞിരിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത്ഷായാണ് പാര്‍ലമന്റെില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആര്‍ട്ടിക്കിള്‍ 370 എന്താണ്
ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കശ്മീരിന് പ്രത്യേക പദവി ലഭിക്കുന്നത്.
1949 ഒക്‌ടോബര്‍ 17നാണ് ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വരുന്നത്
മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്. മാറ്റം വരാവുന്നതും താല്‍ക്കാലികവുമായ പ്രത്യേക നിബന്ധനയുള്ളതാണിത്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശവും മൗലികാവകാശങ്ങളും സംസ്ഥാനത്തെ നിയമ സംഹിതയുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം പ്രതിരോധം, ധനകാര്യം, വിദേശനയം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെ കേന്ദ്രം പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ ജമ്മുകശ്മീരിന് ബാധകമല്ല.
കേന്ദ്രത്തിന്റെ അനുവാദമില്ലാതെ തന്നെ കശ്മീരിന് സ്വന്തമായി നിയമം നിര്‍മിച്ച് സംസ്ഥാനത്തിനകത്ത് നടപ്പിലാക്കാം
സ്വന്തം ഭരണഘടനയും സ്വന്തം പതാകയുമായി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തുള്ള ഏക സംസ്ഥാനമാണ് ജമ്മുകശ്മീര്‍.
കശ്മീരിന് പുറത്തുള്ള ആര്‍ക്കും സംസ്ഥാനത്തിനകത്ത് ഭൂമി വാങ്ങാന്‍ അനുവാദമില്ല.
പ്രതിരോധം, ധനകാര്യം, വിദേശനയം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം ആവശ്യമാണ്.
വിഭജനത്തെ തുടര്‍ന്ന് ഇന്ത്യന്‍ യൂണിയനൊപ്പം ചേരാന്‍ അന്നത്തെ നാട്ടുരാജാവായ ഹരി സിങ് മഹാരാജാവ് തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ് ജമ്മുകശ്മീര്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ശൈഖ് അബ്ദുല്ല ഭരണം ഏറ്റെടുത്തത്. 1949ല്‍ ആണ് ഭരണഘടനയില്‍ 370-ാം വകുപ്പ് ചേര്‍ക്കുന്നത്. സ്വയം ഭരണാവകാശം നല്‍കുന്ന, സ്ഥിരമായ വകുപ്പായിരിക്കണം ഇതെന്ന ശൈഖ് അബ്ദുല്ലയുടെ ആവശ്യം പക്ഷെ കേന്ദ്രം അനുവദിച്ചില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം ഖണ്ഡത്തിലാണ് ഇത് വരുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും കശ്മീരിന് ബാധകമല്ല. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന ഒരു നിയമവും ജമ്മു കശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവ സംസ്ഥാനത്ത് നടപ്പാക്കാനാകില്ല. 370-ാം വകുപ്പ് സ്ഥാപിക്കാന്‍ ബിആര്‍ അംബേദ്കര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ മുത്തച്ഛന്‍ ഷെയ്ക്ക് അബ്ദുള്ളയുമായി ചേര്‍ന്ന് നെഹ്‌റു നടത്തിയ ചര്‍ച്ചകളുടെ ഭാഗമായാണ് ഒടുവില്‍ ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയിലുള്‍പ്പെട്ടത്.

ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ കടുത്ത സമ്മര്‍ദ്ദങ്ങളുടെ ഫലമായി മഹാരാജാ ഹരിസിങ് സമ്മതിച്ചപ്പോള്‍ ഉണ്ടാക്കിയ ഉടമ്പടികളുടെ ഭാഗമായിരുന്നു ആര്‍ട്ടിക്കിള്‍ 370യിലെ വ്യവസ്ഥകള്‍. 1952 ലെ ഡല്‍ഹി ഉടമ്പടി പ്രകാരം ജമ്മുകാശ്മീരിന് ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങളും മറ്റും ജമ്മു കശ്മീര്‍ ജനതയ്ക്കും ലഭ്യമായിരിക്കുമെന്നും സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ തന്നെയാണ് ഈ ഭൂപ്രദേശവും വരികയെന്നും രാഷ്ട്രപതിയുടെ ഉത്തരവ് അന്ന് സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി അറിവോടെ അവശ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിയും.
ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കേണ്ടത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ആവശ്യമാണെന്ന നിലപാട് സമയാസമയങ്ങളില്‍ പുതുക്കി ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. 1974ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജാ ഹരിസിങ് നിയോഗിച്ച ജമ്മുകാശ്മീര്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് ഈ ഉടമ്പടി ഒന്നുകൂടി പുതുക്കിയിരുന്നു.
ആര്‍ട്ടിക്കിള്‍ 370യുടെ ഭാഗമായാണ് ആര്‍ട്ടിക്കിള്‍ 35എ നിലവില്‍ വന്നത്. ആരൊക്കെയാണ് ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാര്‍ എന്ന് നിര്‍വ്വചിക്കാനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്ക് ആര്‍ട്ടിക്കിള്‍ 35 എ പ്രകാരമുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമി അടക്കമുള്ള ഏത് സ്ഥാവര വസ്തു വാങ്ങുന്നതിനും വിലക്കുണ്ട് ഈ വകുപ്പു പ്രകാരം. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ആരും കശ്മീരില്‍ സ്ഥിരമായി വന്നു പാര്‍ക്കുന്നതിനെയും തടയുന്നുണ്ട് ആര്‍ട്ടിക്കിള്‍ 35 എ. സര്‍ക്കാര്‍ ജോലികള്‍ നേടുന്നതിനും ക്ഷേമ പദ്ധതികളില്‍ ഏര്‍പ്പെടുന്നതിനുമെല്ലാം വിലക്കുണ്ട്.

സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന കശ്മീരി സ്ത്രീകള്‍ക്ക് ഭൂമിയിന്മേലുള്ള അവകാശം നഷ്ടമാകുന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഈ വ്യവസ്ഥ 2002ല്‍ കശ്മീര്‍ ഹൈക്കോടതി ഇടപെട്ട് നീക്കം ചെയ്തു.
ഈ വ്യവസ്ഥ നീക്കം ചെയ്യുകയാണെങ്കില്‍ അത് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കശ്മീരിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കും. അതെസമയം ഈ ആര്‍ട്ടിക്കിള്‍ നീക്കം ചെയ്യുന്നത് വലിയ നിയമഭരണഘടനാ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ട്ടിക്കിള്‍ 370(1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന്റെ ഭാഗമായി നിലവില്‍ വന്നതാണ് 35എ. ഇവയില്‍ വരുത്തുന്ന ഏത് മാറ്റവും മഹാരാജാ ഹരിസിങ്ങുമായി ഇന്ത്യന്‍ യൂണിയന്‍ ഏര്‍പ്പെട്ട ട്രീറ്റി ഓഫ് ആക്‌സഷന്‍ അസാധുവാക്കുമെന്ന വാദം നിലനില്‍ക്കുന്നു. 370 ഉള്ളതിനാല്‍ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തിരാവസ്ഥ കാശ്മീരില്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നില്ല. യുദ്ധകാലത്തോ അക്രമ സാഹചര്യങ്ങളിലോ മാത്രമേ ഇത് നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുള്ളു.

ആര്‍എസ്എസ് ശുപാര്‍ശചെയ്ത നടപടിയാണ് നടപ്പാക്കിയതെന്ന വിമര്‍ശനമുണ്ട്. മൂന്നായി വിഭജിക്കണമെന്നായിരുന്നു ആര്‍എസ്എസ് ശുപാര്‍ശ.
ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് 1950കളുടെ തുടക്കത്തില്‍ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയര്‍ത്തി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്.