Thursday
23 May 2019

ഇന്ത്യ നേടിയത് – ജീവിത സ്വാതന്ത്ര്യമോ? ദാരിദ്ര്യമോ?

By: Web Desk | Friday 15 March 2019 10:46 PM IST


jawaharlal Nehru janayugom

പി ജ്യോതിസ്

നമ്മള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് ഇന്ത്യയെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. നമ്മുടെ മാതൃരാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുവാന്‍ നാം ബാധ്യസ്ഥരാണ്. നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു സ്വാതന്ത്ര്യ സമരകാലത്തു ഇന്ത്യയെ കണ്ടെത്താന്‍ ശ്രമിച്ചു. അതിനായി അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതി. ഇന്ത്യയെ കണ്ടെത്തല്‍ അദ്ദേഹത്തിനു യഥാര്‍ഥ ഇന്ത്യയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ജനതയുടെ ജീവിത ദുരിതങ്ങളെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.
ബ്രിട്ടീഷുകാര്‍ ഇന്ത്യയെ അടിമത്വത്തിലാക്കി ഭരിച്ചിരുന്ന കാലം. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കാഹളം ജനമനസുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന സന്ദര്‍ഭം. 1929 ഡിസംബറില്‍ ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു. ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം ഒരു പ്രമേയം പാസാക്കി. പൂര്‍ണസ്വരാജ് ആണ് ഇന്ത്യയുടെ പരമപ്രധാനമായ ലക്ഷ്യമെന്നതായിരുന്നു പ്രമേയം. പൂര്‍ണസ്വരാജ് എന്നതിന്റെ അര്‍ഥം പൂര്‍ണ ജീവിത സ്വാതന്ത്ര്യം എന്നാണ്. ആ സമ്മേളനത്തിന്റെ ആഹ്വാനമനുസരിച്ച്, 1930 ജനുവരി 26-ാം തീയതി ഇന്ത്യയൊട്ടാകെ സ്വാതന്ത്ര്യദിനമായി ആചരിച്ചു. ഇതിന്റെ സ്മരണാര്‍ഥമാണ് ഇന്ത്യന്‍ ഭരണഘടനാ പ്രഖ്യാപനം ജനുവരി 26-ാം തീയതി തെരഞ്ഞെടുത്തത്. 1950 ജനുവരി 26-ാം തീയതി റിപ്പബ്ലിക് ദിനമായി ആചരിച്ചത്.

ഇന്ത്യയുടെ വളര്‍ച്ച പ്രതിവര്‍ഷം (ജിഡിപി മൊത്ത ആഭ്യന്തര ഉല്‍പാദനം) 7.5 ശതമാനം ആണെന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. എന്നാല്‍ മൊത്ത ആഭ്യന്തര ഉല്‍പാദന വര്‍ധനവ് ആരുടെ കൈകളിലാണ് എത്തിച്ചേരുന്നത്? 137 കോടി ജനങ്ങളില്‍ ഇതിന്റെ ഗുണഫലം എത്തുന്നുണ്ടോ എന്നു പരിശോധിക്കണം.

2014 ല്‍ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58 ശതമാനം 57 ശതകോടീശ്വരന്മാരുടെ കൈകളിലായിരുന്നു. 2017 ആയപ്പോഴേക്കും ഇന്ത്യന്‍ സമ്പത്തിന്റെ 73 ശതമാനവും 57 ശതകോടീശ്വരന്മാരുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. ഇതില്‍ത്തന്നെ 10 പേരുടെ കൈകളിലാണു സമ്പത്തു കേന്ദ്രീകരിച്ചിരിക്കുന്നത്. മുകേഷ് അമ്പാനിയുടെയും കുടുംബത്തിന്റെ കൈകളില്‍ 30% സമ്പത്തുണ്ട്. എന്നാല്‍ പാവങ്ങളായ ഇന്ത്യക്കാരില്‍ 70% പേര്‍ക്കും കേവലം 8 രൂപയ്ക്കും 20 രൂപയ്ക്കും മധ്യേയാണു വരുമാനം. യു.എന്‍.ഒ. പ്രസിദ്ധീകരിച്ച വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ 2014 ലെ ജീവിതനിലവാരമനുസരിച്ച ഇന്ത്യ മുന്നാം സ്ഥാനത്തായിരുന്നു. 2018 ല്‍ ഇന്ത്യയുടെ സ്ഥാനം 133-ാം സ്ഥാനത്താണ്.
ലോക ബാങ്കിന്റെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും അധികം ദരിദ്രരുള്ള രാജ്യങ്ങളില്‍ ഒന്നാണു ഇന്ത്യ. ലോകത്തില്‍ 130 കോടിയോളം ജനങ്ങള്‍ കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ 137 കോടി ജനങ്ങളില്‍ 40 കോടി ജനങ്ങള്‍ ദരിദ്രരാണെന്നു ലോകബാങ്ക് കണക്കാക്കിയിരിക്കുന്നു. ധനതത്വശാസ്ത്ര വിദഗ്ധരുടെ നിഗമനത്തില്‍ ദാരിദ്ര്യത്തിന്റെ പൊതുസവിശേഷതകള്‍ താഴെപ്പറയുന്നവയാണ്. പോഷകാഹാരക്കുറവ്, നിരക്ഷരത, അനാരോഗ്യം, ഭൂരഹിതര്‍, സ്ഥിര ജോലിയില്ലാത്തവര്‍, സ്വന്തമായി വീടില്ലാത്തവര്‍, അടിസ്ഥാന സൗകര്യമില്ലാത്ത വീടുള്ളവര്‍, ഉയര്‍ന്ന കടബാധ്യതയുള്ളവര്‍ എന്നിവരെയാണ് ദരിദ്രവിഭാഗമായി കണക്കാക്കുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിശേഷിച്ചു ബിഹാറിലും ഛത്തീസ്ഗഡ്ഡിലും, അസമിലും, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലെല്ലാം 40 ശതമാനത്തിലധികം ദരിദ്രരുണ്ട്. കേരളത്തിലെ ദരിദ്രരുടെ എണ്ണം തുച്ഛമായി കുറയ്ക്കുവാന്‍ കഴിഞ്ഞുവെന്നത് നേട്ടമല്ലേ. 1957 മുതലുള്ള കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തന ഫലമാണിതെന്നു കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന ജന്മിത്വമവസാനിപ്പിക്കാനുള്ള ഭൂപരിഷ്‌ക്കരണ നിയമത്തിനും, വിദ്യാഭ്യാസരംഗത്തെ സമൂലമാറ്റത്തിനു തുടക്കം കുറിച്ച വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനുമെതിരെ ഛിദ്രശക്തികള്‍ വിമോചന സമരമെന്ന പടവാളുയര്‍ത്തി, ആ ഗവണ്‍മെന്റിനെ അട്ടിമറിച്ചു. എന്നാല്‍ 1970 ല്‍ അധികാരത്തില്‍ വന്ന സി അച്യുതമേനോന്‍ ഗവണ്‍മെന്റ് ജന്മിത്വം പൂര്‍ണമായി അവസാനിപ്പിച്ചു. കുടികിടപ്പുകാര്‍ക്കും പാട്ടക്കാര്‍ക്കും സ്വന്തമായി വാസസ്ഥലം ലഭിച്ചു. 1970 ല്‍ വ്യവസായ മന്ത്രിയായിരുന്ന ടി വി തോമസ് വിവിധങ്ങളായ വ്യവസായ സംരംഭങ്ങളിലൂടെ തൊഴിലാളി വര്‍ഗത്തിനു കൂടുതല്‍ ജീവസന്ധാരണ മാര്‍ഗങ്ങള്‍ പ്രദാനം ചെയ്തു. എം എന്‍ ഗോവിന്ദന്‍നായര്‍ ലക്ഷം വീടു പദ്ധതിയിലൂടെ അനേകര്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ നടപ്പിലാക്കിയ ഇഎംഎസ് ഭവന പദ്ധതിയും ജനക്ഷേമകരമായി. നയനാര്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ സാക്ഷരതായജ്ഞത്തിലൂടെ കേരളസംസ്ഥാനം സമ്പൂര്‍ണ സാക്ഷരത നേടി. ഇന്നും തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ സാക്ഷരതാനിലവാരവും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെട്ടുവരുന്നു. ഇന്നത്തെ പിണറായി ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ഇ ചന്ദ്രശേഖരന്‍ രൂപകല്‍പന ചെയ്തു നടപ്പിലാക്കിയ മാവേലിസ്റ്റോറുകളും സിവില്‍ സപ്ലൈസ് ഡിപ്പോകളും നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം കുറയ്ക്കുവാന്‍ സഹായിച്ചു. ആ പ്രക്രിയ ഇന്നും തുടരുന്നതിനാല്‍ കേരളത്തില്‍ ദാരിദ്ര്യത്തിന്റെ തോതു കുറയ്ക്കുവാന്‍ കഴിഞ്ഞു. ഇപ്പോള്‍ വിശപ്പുരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ ഇന്നത്തെ ദുഃസ്ഥിതിക്കു കാരണക്കാര്‍ ആര്? 1947 മുതല്‍ ദീര്‍ഘകാലം ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസും കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപിയും ഒരേപോലെ ഉത്തരവാദികളാണ്. സാമ്രാജ്യത്വ കുത്തകകളെ പരിപോഷിപ്പിക്കുന്ന മുതലാളിത്ത സാമ്പത്തികനയങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും നടപ്പിലാക്കി. കോണ്‍ഗ്രസിന്റെ ലക്ഷ്യം സോഷ്യലിസമാണെന്നു 1956 ല്‍ ആവടിയില്‍ ചേര്‍ന്ന സമ്മേളനം പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തു ഗരീബി ഹഠാവോ (ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക) എന്നതാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ യാതൊന്നും നടപ്പിലാക്കുവാന്‍ ശ്രമിച്ചില്ലായെന്നു മാത്രമല്ല കുത്തകമുതലാളിത്തത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. 1991 ല്‍ ഡോ.മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ സ്വകാര്യവല്‍ക്കരണം ഉദാരവല്‍ക്കരണം ആഗോളവല്‍ക്കരണം തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ശതകോടീശ്വരന്‍മാരുടെ സമ്പത്തു വര്‍ധിപ്പിച്ചു നല്‍കി. കൂടാതെ ഭരണരംഗത്തു നടത്തിയ അഴിമതിയും ധൂര്‍ത്തും ജനജീവിതത്തെ ശ്വാസം മുട്ടിച്ചു. തുടര്‍ന്നു അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ നാട്ടിലുണ്ടെന്നും അവ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും സമ്മതിച്ചു. കള്ളപ്പണം കണ്ടുകെട്ടി ഇന്ത്യന്‍ പൗരന്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപാ വീതം നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചു. മോഡി ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ക്ക് അച്ഛേ ദീന്‍'(ശോഭന ദിനങ്ങള്‍) ഉണ്ടാകുമെന്നു പ്രഖ്യാപിച്ചു. യാതൊന്നും നടപ്പിലാക്കിയില്ല പക്ഷെ ശതകോടീശ്വരന്മാരുടെ സമ്പത്തു പടര്‍ന്നു പന്തലിച്ചു. പഞ്ചരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന പൊതുമേഖലാ സംരംഭങ്ങള്‍ കുത്തകമുതലാളിമാര്‍ക്കു വിറ്റു തുലച്ചു. ചില്ലറ വ്യാപാരരംഗത്തെ തകര്‍ക്കുവാന്‍ വാള്‍മാള്‍ട്ട് പോലെയുള്ള കുത്തക കമ്പനികളെ പ്രോത്സാഹിപ്പിച്ചു. സബ്കാ സാത്ത്, സബ്കാ വികാസ് (എല്ലാവരോടുമൊപ്പം എല്ലാവരുടെയും വികസനം) എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തി എന്നാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മോഡി സര്‍ക്കാര്‍ കുത്തക മുതലാളിമാരോടൊപ്പമാണെന്നു തെളിയിച്ചിരിക്കുന്നു.

You may like this

Related News