27 April 2025, Sunday
KSFE Galaxy Chits Banner 2

എന്താണ് മനുഷ്യബന്ധങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

Janayugom Webdesk
March 4, 2025 5:00 am

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായ ദാരുണമായ ചില സംഭവങ്ങൾ സാമൂഹികാന്തരീക്ഷത്തിലും കുടുംബ, വ്യക്തിബന്ധങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ശൈഥില്യങ്ങളെയും വിള്ളലുകളെയും കൃത്യമായി അടയാളപ്പെടുത്തുന്നവയാണ്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിലെ തർക്കങ്ങളും പ്രശ്നങ്ങളും രൂക്ഷമായി, കൊലപാതകങ്ങളും ആത്മഹത്യകളും സാധാരണമായി. നവവധുക്കളുടെയും കമിതാക്കളുടെയും ജീവനൊടുക്കൽ, അവിഹിത ബന്ധം ആരോപിച്ചുള്ള കൊലപാതകങ്ങൾ തുടങ്ങി എണ്ണമില്ലാത്ത മരണങ്ങളും അനിഷ്ടസംഭവങ്ങളുമാണ് ഓരോ ദിവസവും പുലർന്നാൽ കാണേണ്ടിയും കേൾക്കേണ്ടിയും വരിക. മദ്യവും മയക്കുമരുന്നുകളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തുകളെപ്പോലെ തന്നെ വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുണ്ടാകുന്ന തകർച്ചകളും നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ ഭീതിജനകമാക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഒരു സമൂഹം വികസനത്തിന്റെ പാതയിലൂടെ മുന്നേറുക എന്നതിൽ അവിടെ ജീവിക്കുന്ന പൗരന്മാരുടെ സന്തോഷവും ക്ഷേമവും സ്വൈരജീവിതവും ഉൾപ്പെടുന്നുണ്ട് എന്നത് പ്രധാന കാര്യമാണ്. കേരളം ഇന്ത്യാമഹാരാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒട്ടേറെ കാര്യങ്ങളിൽ മുന്നിലാണെന്ന് അഭിമാനപൂർവ്വം പറയുമ്പോഴും സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്നങ്ങൾ ഏറെയുണ്ടുതാനും.
ഏറ്റുമാനൂരിൽ 11, 10 വയസുള്ള രണ്ട് പെൺകുഞ്ഞുങ്ങളുമായി മാതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത് ദിവസങ്ങൾക്ക് മുമ്പാണ്. ഭർത്താവുമായി കുറെക്കാലമായി അകന്നുകഴിഞ്ഞിരുന്ന ഇവർ ജോലിക്കായി പലവിധശ്രമങ്ങളും നടത്തിയിട്ടും അതൊന്നും ഫലവത്താകാതെ വന്നതോടെയാണ് കുട്ടികളെയും ഒപ്പം കൂട്ടി മരണത്തിന്റെ വഴി തെരഞ്ഞെടുത്തത്. 

ജോലി അന്വേഷിച്ചിരുന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിലും കുടുംബജീവിതത്തിലെ താളംതെറ്റലുകളിലും പിടിച്ചുനിൽക്കാനാവാതെയാണ് ജീവനൊടുക്കിയതെന്ന് പരാതിപ്പെടുമ്പോഴും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം പലർക്കുമുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. നവവധുക്കൾ സ്ത്രീധനപീഡനത്തിന്റെ ഇരകളായി ജീവനൊടുക്കേണ്ടി വന്ന സംഭവങ്ങൾ അടുത്തകാലത്ത് ഏറെയുണ്ടായിട്ടുണ്ട്. എന്നാൽ സൗന്ദര്യം പോരായെന്ന കുറ്റപ്പെടുത്തലിൽ അടുത്തകാലത്ത് 19 വയസ് തികയാത്ത പെൺകുട്ടി ജീവനൊടുക്കിയത് മലപ്പുറം ജില്ലയിലാണ്. അയൽവാസിയുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി മറ്റൊരു വിവാഹമുറപ്പിച്ചതിനെ തുടർന്ന് ജീവനൊടുക്കുകയും ഈ വിവരമറിഞ്ഞ് പ്രണയിതാവ് ജീവനൊടുക്കുകയും ചെയ്തതും ഇവിടെ തന്നെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വിവാഹം നടന്ന ലോ കോളജ് വിദ്യാർത്ഥിനി കോഴിക്കോട്ട് ഭർതൃവീട്ടിൽ ജീവനൊടുക്കിയത് രണ്ടുദിവസം മുമ്പാണ്. ജീവിതമെന്തെന്ന് അറിയുന്നതിന് മുമ്പുതന്നെ പലവിധ കാരണങ്ങളാലും ജീവനൊടുക്കപ്പെടുന്ന അനേകരിൽ ചിലർ മാത്രമാണിവർ. ഇന്നലെ രണ്ട് സംഭവങ്ങളാണ് പാലക്കാട്ടും പത്തനംതിട്ടയിലും ഉണ്ടായത്. കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചുകൊന്നതിന് ശേഷം പാലക്കാട്ടെ വീട്ടിലെത്തി അതേ തോക്കുകൊണ്ട് സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു വണ്ടാഴിയിലെ അമ്പതുകാരൻ. ഇതോടെ ഇവരുടെ രണ്ട് പെൺമക്കളാണ് അനാഥരായത്. പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയ്ക്ക് അയൽവാസിയുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് യുവാവ് ഇരുവരെയും കൊലപ്പെടുത്തിയത്. ആലപ്പുഴയിൽ മൂന്നുമക്കളുടെ അമ്മ അവിവാഹിതനായ ആളോടൊപ്പം ഇന്നലെ ട്രെയിനിന് മുന്നിൽ ചാടി മരിച്ച വാർത്തയും പുറത്തുവന്നിരുന്നു. 

ഭരണകൂടവും സാമൂഹിക‑രാഷ്ട്രീയപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും സാമൂഹികശാസ്ത്ര‑മനഃശാസ്ത്ര വിദഗ്ധരും വളരെ ഗൗരവത്തോടെ തന്നെ കേരളീയ സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള മാറ്റങ്ങളെ പഠിക്കുകയും വിലയിരുത്തുകയും പരിഹാരനടപടികളും പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഒട്ടനവധി സംവിധാനങ്ങളും സംരംഭങ്ങളും ഇതുമായി ബന്ധപ്പെട്ട് കൗൺസിലിങ്ങുകളും ബോധവല്‍ക്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നത് വസ്തുത തന്നെയാണ്. വ്യക്തിബന്ധങ്ങൾക്കിടയിലെ അവിശ്വാസവും അകൽച്ചയുമാണ് പല ദാരുണസംഭവങ്ങൾക്കും പിന്നിലുള്ളത്. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള പരിണാമം വ്യക്തിസ്വാതന്ത്ര്യത്തിലുള്ള പരിമിതികളെ അകറ്റിയെങ്കിലും വ്യക്തിബന്ധങ്ങളിൽ അപരിഹാര്യമായ അകൽച്ചയുണ്ടാക്കുന്നുവെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. തർക്കങ്ങളും സംശയങ്ങളും അവിശ്വാസവും പരിഹരിക്കാൻ വ്യക്തികൾക്കിടയിൽ മുതിർന്നവരോ ബന്ധുക്കളോ അടുപ്പക്കാരോ ഇല്ലാത്തതാണ് പല പ്രശ്നങ്ങളും അതിരൂക്ഷമാകാനുള്ള കാരണമെന്നറിയാൻ ഏറെ ചികഞ്ഞ് പരിശോധിക്കേണ്ട കാര്യമൊന്നുമില്ല. ശിഥിലമായ കുടുംബബന്ധങ്ങൾക്കിരയായ കുട്ടികൾ അതിന്റെ ദുരന്തങ്ങൾ അനുഭവിക്കുകയും അവരിൽ പലരും പ്രശ്നക്കാരായി മാറുകയും ചെയ്യുന്ന കാഴ്ചയും സാധാരണയാണ്. ഇതിനൊന്നും തന്നെ പെട്ടെന്ന് പരിഹാരമുണ്ടാക്കുക അത്ര എളുപ്പമല്ല. സന്തുലിതമല്ലാത്ത വിധത്തിൽ വളരുകയും വികസിക്കുകയും ചെയ്യുന്ന സമൂഹങ്ങളെല്ലാം നേരിടേണ്ടിവരുന്ന പാര്‍ശ്വഫലങ്ങള്‍ തന്നെയാണിവ. എന്നാൽ ഇതിന് നേരെ കണ്ണടച്ചാൽ അത് ആരോഗ്യകരമായ സാമൂഹിക ജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.