വര്‍ഗീയ അജണ്ടയല്ല വിവേകമാണ് ആവശ്യം

Web Desk
Posted on April 08, 2020, 3:00 am

‘പുര കത്തുമ്പോള്‍ കഴുക്കോല്‍‍ ഊരുക’ എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുകയാണ് കൊറോണക്കാലത്ത് ഉത്തര്‍പ്രദേശിലെ ആദിത്യനാഥിന്റേതടക്കം അടക്കം ബിജെപി സര്‍ക്കാരുകളും സംഘ് പരിവാര്‍ സംഘടനകളും. ബിജെപി, ആര്‍എസ്എസ്, സംഘ്പരിവാര്‍ വൃത്തങ്ങളുടെ ന്യൂനപക്ഷ സമുദായങ്ങളോടും മതങ്ങളോടുമുള്ള വിവേചനവും വിദ്വേഷവും അതിരുകളും മത, ജാതി, വംശ വ്യത്യാസങ്ങളും കൂടാതെയുള്ള കൊറോണ രോഗബാധയുടെ ദിനങ്ങളിലും നിര്‍ബാധം തുടരുന്നു.

വര്‍ഗീയവൈരം ആളിക്കത്തിക്കാനുള്ള അവസരമായി കൊറോണ വിപത്തിനെ അവര്‍ തെല്ലും ജാള്യത കൂടാതെ ഉപയോഗപ്പെടുത്തുന്നു. നിസാമുദ്ദീനില്‍ മാര്‍ച്ച് ആദ്യ പകുതിയില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം തെല്ലും വീണ്ടുവിചാരം കൂടാതെ സംഘടിപ്പിക്കപ്പെട്ടതാണെന്നതില്‍ തര്‍ക്കമില്ല. ഒഴിവാക്കാമായിരുന്ന ആ സമ്മേളനം ആസൂത്രിത ജിഹാദിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് അപലപനീയവും രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്നതും ഖേദകരമാണ്.

കോവിഡ് വ്യാപനം സംബന്ധിച്ച് കേന്ദ്ര‑യുപി സര്‍ക്കാരുകള്‍ അനുദിനം പുറത്തുവിടുന്ന വിവരങ്ങളില്‍ തബ്‌ലീഗ് സമ്മേളനം പ്രത്യേകമായി പരാമര്‍ശിക്കുന്നതും ബിജെപി സ്തുതിപാഠകരായ മാധ്യമങ്ങള്‍ അനുപാതരഹിതമായി അതിനു നല്‍കുന്ന പ്രാധാന്യവും രോഗവ്യാപനത്തിന്റെ ഉത്തരവാദിത്വം സമ്പൂര്‍ണമായും ന്യൂനപക്ഷ സമുദായത്തിന്റേതാണെന്ന് വരുത്തി തീര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. ഉത്തര്‍പ്രദേശില്‍ രോഗവ്യാപനം സംബന്ധിച്ച ഔദ്യോഗിക പട്ടികയില്‍ തബ്‌ലീഗ് പ്രത്യേകമായി പരാമര്‍ശിക്കപ്പെടുന്നതിന് മറ്റെന്ത് ലക്ഷ്യമാണ് ഉള്ളത്? ഇക്കാര്യത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ നടത്തിയ പരസ്യ പ്രസ്താവനകളും സംഘ്പരിവാറിന്റെ വര്‍ഗീയ ഗൂഢലക്ഷ്യങ്ങളാണ് തുറന്നു കാട്ടുന്നത്. ലോകയാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള ആഗോളീകരണത്തിന്റെ ഏറ്റവും നിഷേധാത്മക വശങ്ങളില്‍ ഒന്നാണ് ഏതാണ്ട് എല്ലാ രാഷ്ട്രങ്ങളെയും ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധ. ആഗോളീകരണം ലോക വ്യാപകമായി രാഷ്ട്രാന്തരയാത്ര അനിവാര്യമാക്കി. രോഗബാധ ആരംഭിച്ച ചൈന നൂറ്റി ഇരുപതിലധികം ലോകരാഷ്ട്രങ്ങളുമായി വാണിജ്യബന്ധം പുല ര്‍ത്തുന്നുണ്ട്. രോഗം പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് 4,30,000 ത്തിലധികം പേര്‍ ചൈ­നയില്‍ നിന്ന് അവരുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായ യുഎസിലേക്ക് മാത്രം യാത്ര ചെയ്തതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ലോകത്തുടനീളം വ്യപാരബന്ധം പുലര്‍ത്തുകയും ദശലക്ഷക്കണക്കിന് പൗരന്മാര്‍ വിദേശത്ത് തൊഴിലെടുക്കുകയും ചെയ്യുന്ന ഇന്ത്യയ്ക്കും രോഗബാധയടക്കം ലോക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കാനാവുമായിരുന്നില്ല.

ദശലക്ഷക്കണക്കിന് വിദേശികളാണ് വിനോദസ‍ഞ്ചാരികളായി ഇന്ത്യയില്‍ പ്രതിവര്‍ഷം എത്തിച്ചേരുകയും അനേകായിരം കോടി രൂപയുടെ വിദേശനാണ്യം ഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയും ചെയ്യുന്നത്. ബിസിനസും വിനോദസഞ്ചാരവും പോലെ വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന സുപ്രധാന സംരംഭങ്ങളില്‍ ഒന്നാണ് തീര്‍ത്ഥാടനമടക്കം മതപരമായ യാത്രകളും. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തി അവഹേളിക്കുന്നതും അത്തരം സംഭവങ്ങളെ വര്‍ഗീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നതും ഒരു പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല. മുസ്‌ലിം മതന്യൂനപക്ഷത്തിനിടയിലുള്ള ഭിന്നതകള്‍പോലും ഇക്കാര്യത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ മുതലെടുക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും പണിയെടുത്തിരുന്ന കുടിയേറ്റ തൊഴിലാളികള്‍ അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തുമ്പോള്‍ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളുടെ വാര്‍ത്തകളും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ വിവേകപൂര്‍ണമായ സമീപനത്തിന് തയ്യാറാവുന്നില്ലെങ്കില്‍ കൊറോണ ബാധക്കെതിരായ പ്രതിരോധം തന്നെ ദുര്‍ബലപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ കുറ്റവാളികളെപ്പോലെ വേട്ടയാടാന്‍ ശ്രമിക്കുന്നത് രോഗബാധിതരും രോഗബാധ സംശയിക്കപ്പെടുന്നവരും സ്വമേധയാ മുന്നോട്ടുവന്ന് ചികിത്സ നേടുന്നതിനും രോഗപ്രതിരോധത്തിനു തന്നെയും തടസം സൃഷ്ടിച്ചേക്കാം. തബ്‌ലീഗ് സമ്മേളനം ഒറ്റപ്പെട്ട ഒന്നല്ല. മധ്യപ്രദേശിലെ മൊറേനയില്‍ ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് 26,000 പേര്‍ നിരീക്ഷണത്തിലായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അത്തരം നടപടികളുടെ പേരില്‍ ജനങ്ങളെ കുറ്റവാളികളാക്കി ഒറ്റപ്പെടുത്തുന്നതിനു പകരം രോഗപ്രതിരോധത്തിലും ചികിത്സയിലും ശാസ്ത്രീയസമീപനം അവലംബിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഐക്യവും സന്മനോഭാവവും ശാസ്ത്ര അവബോധവും വളര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് വിവേകപൂര്‍വമായ സമീപനം.