മാനസികാരോഗ്യം ഇല്ലാതായ മലയാളി ഇനി വേണ്ടത്

Web Desk
Posted on April 05, 2019, 3:27 pm

രോഗ്യ രംഗത്ത് മുന്നിലാണെന്നു വീമ്പിളക്കിയ മലയാളിയുടെ ശരീരാരോഗ്യം ഇല്ലാതായിട്ട് കുറേക്കാലമായി. ഇപ്പോള്‍ മാനസികാരോഗ്യംകൂടി ഇല്ലാതായോ.
എവിടെയാണ് നമുക്ക് പിഴക്കുന്നത്. നമ്മുടെ കുരുന്നുകള്‍ വീട്ടിനുള്ളില്‍ പീഡിപ്പിക്കപ്പെടുന്നു അമ്മപെങ്ങന്മാര്‍ മാനഭംഗം ചെയ്യപ്പെടുകയോ ചുട്ടുകരിക്കുപ്പെടുകയോ ചെയ്യുന്നു. സമൂഹമാധ്യമ സാരോപദേശങ്ങളിലും സല്‍സംഗ ചര്‍ച്ചകളിലും രക്ഷപ്പെടാതെ സമൂഹം കൂടുതല്‍ വഷളാവുന്നത് എന്തുകൊണ്ടാണ്. വിദ്യാഭ്യാസം സാമൂഹിക പുരോഗതി എന്നിവ മലയാളിയെ രക്ഷപ്പെടുത്താത്തതെന്താണ്. നമ്മുടെ സമൂഹത്തിന്റെ മാനസികാരോഗ്യം കൈമോശം വന്നത് എവിടെയാണ്. സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാര്‍ അടിയന്തരാവശ്യമായി , ആരും നോക്കാതിരുന്ന മനോരോഗവിദഗ്ധന്റെ വീട്ടുവരാന്തയില്‍ കസേരകളുടെ എണ്ണം വല്ലാതെകൂടുന്നു. നമ്മള്‍ മാറുന്നത് അംഗീകരിക്കാതെ തരമില്ല.
പണ്ട് ഉത്തരേന്ത്യയിലെ ഏതോ ഗ്രാമത്തില്‍ കേട്ട ചുട്ടുകൊല്ലലുകള്‍ ഇന്ന് നമ്മുടെ അയലത്തായി.ആള്‍ക്കൂട്ടക്കൊല ഒരു കൗതുകവാര്‍ത്തമാത്രം അന്ന് അവരുടെ അറിവില്ലായ്മയെ ചൊല്ലി അതിശയംപറഞ്ഞ് നമ്മള്‍ ചായക്കടചര്‍ച്ചകള്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് ഇത്തരം പൈശാചികതയുടെ കൊടുംവനങ്ങള്‍ നമ്മുടെ നാട്ടുംപുറത്ത് വളര്‍ന്നപ്പോള്‍ നമുക്ക് ചര്‍ച്ചചെയ്യാന്‍പോലുമാകാതെയായിരിക്കുന്നു.
അപകടം തിരിച്ചറിയുന്നതില്‍ നമ്മുടെ സമൂഹം ഒരുപാട് പിന്നോക്കം പോയിരിക്കുന്നു.
ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തളിര്‍ക്കുകയും ഒടുങ്ങുകയും ചെയ്യുന്ന പ്രണയം. സമൂഹമാധ്യമങ്ങളുടെ ഇടവഴികളില്‍ അലയുന്ന മാതാപിതാക്കളാല്‍ അതിന്റെ തന്നെ പുറംപോക്കുകളില്‍ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍. നമ്മുടെ സൗകര്യങ്ങളും അറിവും വര്‍ദ്ധിക്കുന്നതിനൊപ്പം നമ്മള്‍ എന്താണ് പിന്നോക്കം പോകുന്നത്.
സ്വയം ജാഗ്രതപുലര്‍ത്തുന്നതിനൊപ്പം നമ്മള്‍ പുറത്തേക്കും ജാഗരൂകരാകേണ്ടതുണ്ട്. അത് സദാചാരപൊലീസുകളിക്കാനാവരുതെന്നുമാത്രം. മികച്ച സൗഹൃദങ്ങള്‍ നിലനിര്‍ത്താം. പ്രണയം ഒരുകളിപ്പാട്ടമല്ലെന്ന് നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. പ്രേമം ശാരിരികമായ ആവശ്യമായി വളര്‍ത്താതെ സംരക്ഷിക്കാന്‍ അവര്‍ക്ക് ആകണം. വീട്ടിലും പുറത്തും വളരുന്ന മാനസികരോഗിയെ കണ്ടെത്തി ഇല്ലാതാക്കാന്‍ നമുക്ക് അകക്കണ്ണു തുറക്കാം. സീരിയലിന്റെ മായിക ലോകത്തുനിന്നും അമ്മുമ്മമാരും അമ്മമാരും മക്കളിലേക്ക് കണ്ണ് തുറക്കട്ടെ. വേദനകളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഭരണകൂടം തയ്യാറാക്കിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാവണം. ആശ വര്‍ക്കര്‍മാര്‍, അധ്യാപകര്‍, സ്‌കൂളുകളിലെ കൗണ്‍സിലര്‍മാര്‍, പൊലീസിന്റെ വിവിധ വേദികള്‍,വനിതാകമ്മീഷന്‍,ബാലാവകാശ കമ്മീഷന്‍ എന്നിവയിലേക്കെല്ലാം നമുക്ക് കടന്നുചെല്ലാം. പോരായ്മകള്‍ ചര്‍ച്ച ചെയ്യാനുള്ള വേദികള്‍ കൂടുതല്‍ തുറന്നിടാം. വ്യക്തിയുടെ മനസിലെ പുഴുക്കുത്തുകള്‍ സമൂഹത്തിന്റെ ഉണങ്ങാത്തമുറിവുകളാകുംമുമ്പ് നമുക്ക് ഉണക്കിയെടുക്കാനാവണം. കണ്ണേ മടങ്ങുക എന്ന് പറഞ്ഞ് കണ്ണീരോടെ പിന്നോക്കം പോകാനാവാതിരിക്കട്ടെ നമ്മുടെ ജീവിതം.