കുരുമുളക് സ്പ്രേ അടിച്ചിട്ടും ബിന്ദു അമ്മിണി കൂളായി നടന്നു പോയത് എന്തുകൊണ്ട്? ഇതാ ഉത്തരം

Web Desk
Posted on November 27, 2019, 6:06 pm

കുരുമുളക് സ്പ്രേ അടിച്ചിട്ടും ബിന്ദു അമ്മിണി കൂളായി നടന്നു പോയത് എന്തുകൊണ്ട്? ശരിക്കും എന്താണ് പെപ്പർ സ്പ്രേ? സുരേഷ് സി പിള്ളയാണ് ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കുരുമുളക് സ്പ്രേ എന്താണെന്ന് വ്യക്തമാക്കുന്നത്.

പെപ്പർ സ്പ്രേ ഇന്ന് വാർത്തകളിൽ ഉണ്ടല്ലോ? ശരിക്കും എന്താണ് പെപ്പർ സ്പ്രേ?

പെപ്പർ എന്നാൽ കുരുമുളക് എന്ന് പെട്ടെന്ന് തോന്നുമെങ്കിലും ഇതിന് കുരുമുളകും ആയി നേരിട്ടു ബന്ധമില്ല. ചില്ലി പെപ്പർ അല്ലെങ്കിൽ ‘പച്ച മുളക്/ കാന്താരി മുളക്‌’ ഇവയിൽ കാണുന്ന Cap­saicin (8‑methyl-N-vanil­lyl-6-none­namide- Chem­i­cal for­mu­la C18H27NO3) എന്ന കെമിക്കൽ ആണ് മുളകിന് എരിവ് നൽകുന്നത്.

Ole­o­resin cap­sicum എന്ന തരം മുളകിൽ നിന്ന് ഇത് ഉണ്ടാക്കുന്നത്. എരിവ് എന്നത് സ്കിന്നിൽ ആകുമ്പോൾ അത് പുകച്ചിലും, ചൊറിച്ചിലും ആയി മാറും.

Ole­o­resin cap­sicum പൊടിച്ച് അതിൽ നിന്നും ഈതൈൽ ആൽക്കഹോൾ ഉപയോഗിച്ച് ആണ് ഇതിൽ നിന്നും 8‑methyl-N-vanil­lyl-6-none­namide വേർ തിരിച്ചെടുക്കുന്നത്. ഈ കെമിക്കൽ വെള്ളത്തിൽ ലയിക്കില്ല, അതിനാൽ പ്രൊപ്പിലീൻ ഗ്ലൈക്കോൾ എന്ന കെമിക്കൽ ഉപയോഗിച്ചാണ് വെള്ളത്തിൽ കലർത്തി സ്പ്രേ പോലെ ആകുന്നത്. വളരെ കുറഞ്ഞ അളവിൽ 0.18% മുതൽ 1.33% Cap­saicin മാത്രമേ പെപ്പർ സ്പ്രേ യിൽ സാധാരണ കാണൂ. OC per­cent­age ആണ് സാധരണ ഇതിന്റെ അളവ് കാണിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്. Cap­saicin എത്ര ഉണ്ടെന്നല്ല, മറിച്ച് എത്ര അളവ് മുളക് (ole­o­resin cap­sicum) ഉപയോഗിച്ചു എന്നാണ് ഇത് കാണിക്കുന്നത്.

എന്താണ് ഇതിന്റെ കളർ?
ഇതിന് സാധാരണ പച്ച വെള്ളം പോലെ തെളി നിറം ആണ്. സ്പ്രേ ആകുമ്പോൾ ‘മിസ്റ്റ്’ പോലെ. നിർമ്മാതാക്കൾ പ്രത്യേകമായി എന്തെങ്കിലും കളർ ചേർത്താൽ എ കളറിൽ ആവും പെപ്പർ സ്പ്രേ.

ഇത് മുഖത്തു വീണാൽ എന്ത് ചെയ്യണം?
പെപ്പർ സ്‌പ്രേ വീണാൽ, മുഖത്ത്, കണ്ണിൽ, തൊണ്ടയിൽ, മൂക്കിൽ ഒക്കെ അതിയായ പുകച്ചിലും ചൊറിച്ചിലും ഉണ്ടാക്കും. 8‑methyl-N-vanil­lyl-6-none­namide വെള്ളത്തിൽ ലയിക്കില്ല എന്ന് പറഞ്ഞല്ലോ? അപ്പോൾ വെള്ളം ഒഴിച്ചു കഴുകിയാൽ ഈ കെമിക്കൽ കണ്ണിൽ നിന്നും മാറ്റാൻ കഴിയില്ല. കണ്ണിൽ നിന്നും പോകാൻ തുടർച്ചയായി കണ്ണുകൾ അടച്ചും തുറന്നും കണ്ണുനീർ വെളിയിൽ കളയുന്നത് കണ്ണിൽ നിന്നും ഈ കെമിക്കൽ കൂടുതലായി പുറത്തു കളയാൻ സഹായിക്കും. കഴിവതും കൈകൾ കൊണ്ട് തടവുകയോ, തിരുമ്മുകയോ ചെയ്യാതെ ഇരിക്കുക. ഇത് മറ്റുള്ള ഭാഗങ്ങളിലേക്ക് കൂടി ഈ കെമിക്കൽ പടരാൻ കാരണം ആകും. ഷാംപൂ, പശുവിൻ പാൽ ഇവയൊക്കെ ഒഴിച്ചു കഴുകിയിട്ടും നീറ്റൽ കുറഞ്ഞില്ല എന്ന് 2008 ലെ ഒരു പഠനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

( “A ran­dom­ized con­trolled tri­al com­par­ing treat­ment reg­i­mens for acute pain for top­i­cal ole­o­resin cap­saicin (pep­per spray) expo­sure in adult vol­un­teers.” Pre­hos­pi­tal Emer­gency Care 12, no. 4 (2008): 432–437. Bar­ry, James D., Robert Hen­nessy, and John G. McManus Jr.). താൽക്കാലികമായ നീറ്റൽ, പുകച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ വേറെ പ്രശനങ്ങൾ ഒന്നും ഒന്നോ രണ്ടോ പ്രാവശ്യം പെപ്പർ സ്പ്രേ ശരീരത്തു വീണത് കൊണ്ട് പ്രശ്നമില്ല എന്നും പഠനങ്ങൾ കാണിക്കുന്നു. നീറ്റൽ ചൊറിച്ചിൽ ഇവയൊക്കെ, പെപ്പർ സ്പ്രേ യുടെ കെമിക്കൽ അളവ് അനുസരിച്ചു, ഒന്നോ രണ്ടോ മണിക്കൂർ നീണ്ടു നിൽക്കാം. കണ്ണിലെ നീറ്റൽ ഒരു ദിവസത്തിനകം മാറും. (കൂടുതൽ വായനയ്ക്ക്: Lee, R.J., 1994. Per­son­al defense sprays: effects and man­age­ment of expo­sure; Zoll­man, T.M., Bragg, R.M. and Har­ri­son, D.A., 2000. Clin­i­cal effects of ole­o­resin cap­sicum (pep­per spray) on the human cornea and con­junc­ti­va. Oph­thal­mol­o­gy, 107(12), pp.2186–2189.).

എഴുതിയത് സുരേഷ് സി പിള്ള