പുള്ളുനത്ത് എന്ന് കേട്ടിട്ടുണ്ടോ?

Web Desk
Posted on June 05, 2018, 1:56 am

ഇണകാത്തേവന്‍
(Ashy Woodswal­low)
ശാസ്ത്രീയനാമം (Arta­mus Fus­cus)

കേരളത്തിന്റെ വയലേലകളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്ന അങ്ങാടിക്കുരുവിയോളം വലിപ്പമുള്ള ഒരിനം പക്ഷിയാണ് ഇണകാത്തേവന്‍. ഈ പക്ഷികളുടെ തലയും മുകള്‍ഭാഗവും ചാരനിറം കലര്‍ന്ന തവിട്ടു നിറത്തിലായിരിക്കും. അടിഭാഗം നേരിയ മഞ്ഞനിറത്തോടുകൂടിയ ചാരനിറത്തിലായിരിക്കും. കുറുകിയ വാലറ്റത്ത് വെള്ള നിറം പ്രകടമാണ്. ചെറിയ കറുത്ത കാലും മങ്ങിയ നീലനിറം കലര്‍ന്ന കൊക്കുകളുമാണ്. വാലറ്റം ചതുരാകൃതിയിലും അറ്റത്തെ വാലുകള്‍ വളഞ്ഞതുമായിരിക്കും. പരസ്പരം സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഈ പക്ഷികള്‍ മിക്കവാറും ചെറുകൂട്ടത്തോടെ മുട്ടിയുരുമ്മിയിരിക്കുന്നത് നിത്യകാഴ്ചയായിരിക്കും. കായലോരങ്ങളില്‍, തുറസായ കൃഷിയിടങ്ങളില്‍, വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലൊക്കെ ഇണകാത്തേവനെ കാണാം. പ്രാണികളാണ് ഇവയുടെ ഇഷ്ടാഹാരം.

Enakathevan

ഇണകാത്തേവന്‍

വായുവിലൂടെ പറന്ന് നടക്കുകയും പറക്കുന്ന പ്രാണികളെ പിന്‍തുടര്‍ന്ന് പിടിച്ച് കാല്‍വിരലുകള്‍ക്ക് ഇടയില്‍ തിരുകിവച്ച് പറക്കുമ്പോള്‍ തന്നെ ഇവ ഭക്ഷണമാക്കുകയും ചെയ്യാറുണ്ട്. ഇരതേടുന്നതും വിശ്രമിക്കുന്നതും അന്തിയുറങ്ങുന്നതുമെല്ലാം കൂട്ടത്തോടെയാണ്. ഇണകാത്തേവന്മാര്‍ എന്നും ചിത്രശലഭങ്ങള്‍ക്ക് ഭീഷണിയാണ്. തെങ്ങുകളിലോ പനകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ ചെറിയ ചുള്ളിക്കമ്പുകളും ചെറിയ നാരുകളും ഉപയോഗിച്ച് ചെറിയ കപ്പ് പോലെയാണ് കൂടൊരുക്കുന്നത്. നേരിയ പച്ചനിറം കലര്‍ന്ന വെള്ളനിറത്തിലുള്ള മൂന്നു മുട്ടകള്‍ വരെ ഉണ്ടാകാറുണ്ട്. മുട്ടകളില്‍ തവിട്ട് നിറത്തിലുള്ള പുള്ളികളും ഉണ്ടാകും. കൂടൊരുക്കുന്നതിലും അടയിരിക്കുന്നതിലും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം തേടുന്നതിലും ഇണകള്‍ തുല്യപങ്കാളികളായിരിക്കും. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവയുടെ പ്രജനനകാലം.

പുള്ളുനത്ത്
(Brown Hawk Owl)

ശാസ്ത്രീയനാമം
(Ninox Scu­tu­la­ta)

കേരളത്തിലെ കാടുകളിലും വൃക്ഷനിബിഡമായ പ്രദേശങ്ങളിലും തോട്ടങ്ങളിലും കണ്ടുവരുന്ന ഒരിനം മൂങ്ങയാണ് പുള്ളുനത്ത്. ഇതിന്റെ മുകള്‍ഭാഗം ഇരുണ്ടു തവിട്ട് നിറത്തിലായിരിക്കും. തല കടുത്ത ചാരനിറത്തിലും. അടിഭാഗം വെള്ളനിറത്തിലായിരിക്കും. ഇതില്‍ മങ്ങിയ തവിട്ടു നിറത്തിലുള്ള വീതിയേറിയ അടയാളങ്ങള്‍ കാണാം. തൂവലുകള്‍ നിറഞ്ഞ കാലുകളില്‍ കൂര്‍ത്ത നഖങ്ങളുള്ള ശക്തമായ വിരലുകളുമുണ്ടാകും. താഴേക്ക് വളര്‍ന്നിറങ്ങിയതുമാതിരിയുള്ള കൊക്കുകളും തീക്ഷ്ണമായ മഞ്ഞവലയങ്ങളും കണ്ണുകളും പുള്ളുനത്തിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

പുള്ളുനത്ത്

പുള്ളുനത്ത്

സാധാരണ മൂങ്ങകളെപ്പോലെ മുഖവൃത്തം ഇവയക്ക് ഉണ്ടായിരിക്കില്ല. പകല്‍നേരമത്രയും മരപ്പൊത്തുകളിലോ നേരിട്ട് പ്രകാശം പതിക്കാത്തിടങ്ങളിലോ വിശ്രമിക്കുന്നതാണ് ശീലം. രാത്രികാലങ്ങളില്‍ ഇരതേടിയിറങ്ങുന്ന പുള്ളുനത്തുകള്‍ നേരം പുലരുവോളം ഇരതേടി അലയും. തറയില്‍ ഇറങ്ങിയും ആഹാരം തേടാറുണ്ട്. പ്രാണികളാണ് ഇവയുടെ ഇഷ്ടാഹാരം. മഴക്കാലത്ത് മണ്ണില്‍ നിന്നും പറന്നുയരുന്ന ഇയാംപാറ്റകളെ റാഞ്ചിയെടുക്കാന്‍ മറ്റ് മൂങ്ങകള്‍ക്കൊപ്പം പുള്ളുനത്തുകളും ഉണ്ടാകും. ഇത് കൂടാതെ തവള, പല്ലി, ഓന്ത്, ചെറുപക്ഷികള്‍ എന്നിവയും ഇവയുടെ ആഹാരത്തില്‍പ്പെടും. മരപ്പൊത്തുകളിലാണ് ഇവ കൂടൊരുക്കുന്നത്. പ്രത്യേകം തയാറെടുപ്പുകളൊന്നും കൂട്ടില്‍ ഉണ്ടാകില്ല. വെള്ളനിറത്തിലുള്ള മൂന്നു മുതല്‍ ആറുവരെ മുട്ടകള്‍ ഉണ്ടാകും. ജനുവരി മുതല്‍ മെയ്‌വരെയാണ് പുള്ളുനത്തുകളുടെ പ്രജനനകാലം, ഈ കാലഘട്ടത്തില്‍ മൃദുവായ ഒരു ശബ്ദം പുലര്‍ച്ചയോടെ ഇവ പുറപ്പെടുവിക്കാറുണ്ട്. ഇണകള്‍ പരസ്പരം സാന്നിധ്യം അറിയിപ്പിക്കുന്നതിനാണ് ഈ ശബ്ദം പുറപ്പെടുവിക്കുന്നത്.